“പുതിയ പെൺകുട്ടിയെഇനി പിടിച്ചാൽ കിട്ടില്ല”

Share News

വാർത്തകൾക്ക് ഒരു കുഴപ്പമുണ്ട്: ഇന്നലെ/ഇന്ന് ഒരിടത്ത് ഒരാൾക്ക് അല്ലെങ്കിൽ കുറെ പേർക്ക് സംഭവിച്ചതേ വാർത്തയാകൂ. പല നാളുകളിൽ പലയിടത്തു പലർക്ക് സംഭവിച്ചവയുടെ പാരസ്പര്യത്തിൽ ഉയർന്നുവരുന്ന പ്രവണതകൾ റിപ്പോർട്ട് ചെയ്യാൻ, അത്തരം പ്രവണതകളുടെ പാരസ്പര്യത്തിൽ ഉയർന്നുവരുന്ന ചരിത്രം റിപ്പോർട്ട് ചെയ്യാൻ ഉള്ള ബാധ്യത വാർത്താമാധ്യമങ്ങൾക്ക് ഇല്ല.

dav

ബാധ്യത അവയ്ക്കുണ്ടെന്നു ശഠിച്ചും മലയാളത്തിൽ അതു നിറവേറപ്പെടുന്നില്ലെന്നു രോഷം പൂണ്ടും ജീവിതത്തിന്റെ ആദ്യപകുതിയിൽ ഏറെ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ഒരുവനാണ് ഞാൻ. സാമൂഹിക പ്രവണതകളും ചരിത്രവും എല്ലാം വാർത്താ താളുകളിൽ വിടരണം എന്ന പക്ഷത്ത് ആയിരുന്നൂ ഞാൻ (ദിനപത്രപ്രവർത്തനം ഉപേക്ഷിച്ച് ഏറെക്കഴിഞ്ഞിട്ടും, ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെബ് 2.0 സംഭവിച്ച അതേ നേരത്ത്, “പുതിയ ലോകം പിറക്കുന്നു” എന്നൊരു ഒന്നാം പേജ് എട്ടു കോളം തലക്കെട്ടോടെയുള്ള ഒരു പത്രത്തിന്റെ ഡമ്മി വരച്ചുവയ്ക്കുകയും ചെയ്തു 🤭). പിന്നെപ്പിന്നെ വ്യക്തിസംഭവം, സാമൂഹിക പ്രവണതകൾ, ചരിത്രം, മാനവ ഭാവിചരിത്രം എന്നിങ്ങനെയുള്ള കള്ളികൾ തിരിക്കാത്ത ഉള്ളടക്കവുമായി വെബ് പേജുകൾ ഉണ്ടായിവന്നപ്പോൾ, ന്യൂ മീഡിയ വളർന്നുവന്നപ്പോൾ, ആണ് എല്ലാം പത്രവാർത്താകോളത്തിൽ കാണണമെന്ന എന്ന പഴയ മോഹ ബലൂണിന്റെ കാറ്റഴിച്ചത്.

ഒരു സംഭവത്തിൽ തുടങ്ങി, പ്രവണതകളിലൂടെ കടന്ന്, പുതുചരിത്രം അവതരിപ്പിക്കുന്ന സക്കറിയയുടെ ‘പെൻ ഡ്രൈവ് ‘ കോളം ഇന്നു മനോരമയിൽ വായിക്കാൻ ഇടവന്നപ്പോൾ ഓർത്തതാണ് ഇതൊക്കെയും. “1960-കളിലും 70-കളിലും ഗൾഫിലേക്കും യൂറോപ്പിലേക്കും പഴ്സിന്റെ ഉള്ളറയിലെ അഞ്ചു ഡോളറും ആത്മധൈര്യവും, തന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തണമെന്ന നിശ്ചയദാർഢ്യവും മാത്രം കൈമുതലായി പെട്ടിയും കിടക്കയുമായി നഴ്സിങ്ങിനു പുറപ്പെട്ടുപോയ പെൺകുട്ടികളുടെ പിന്തുടർച്ചക്കാരി” ആയാണ് കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്ത, ഇസ്രയേൽ ഉടമസ്ഥനുള്ള കപ്പലിലെ ഏക വനിത ആയ ആൻ ടെസയെ സക്കറിയ അവതരിപ്പിക്കുന്നത്. (ഇതിലെ “പുറപ്പെട്ടുപോയ” എന്ന പ്രയോഗത്തിന്റെ അർത്ഥച്ഛായകൾ എത്രയോ വിപുലം!).

അറുപതാണ്ടു മുതലെങ്കിലും’സംഭവിച്ച’ “എളിയവരായ സാധാരണ സ്ത്രീകൾ സ്വന്തം സാധാരണത്വത്തിൽനിന്നുകൊണ്ടു സൃഷ്ടിച്ച” കേരളീയ സ്ത്രീമുന്നേറ്റം വളരെ ചുരുങ്ങിയ വാക്കുകളിൽ സക്കറിയ എഴുതിക്കാണിക്കുന്നു. ഈ മുന്നേറ്റം കാണുകയോ കണ്ടാലും മിണ്ടുകയോ ചെയ്യാത്ത, “കേരള ചരിത്രരചനയുടെ ദയനീയമാംവിധം സങ്കുചിതവും അനാധുനികവും പാരമ്പര്യവാദങ്ങളിൽ കുടുങ്ങിയതുമായ അവസ്ഥാവിശേഷത്തെ”കുറിച്ച് അദ്ദേഹം എഴുതുമ്പോൾ അത് ചരിത്രമെഴുത്തിനുനേർക്ക് എന്നപോലെ ചില സ്ത്രീവാദങ്ങൾക്കുനേർക്കും ആണ്ടുചെല്ലുന്നു (അതിനും സക്കറിയയ്ക്ക് ഏതാനും വാക്കുകൾ മതി).

“സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രസിദ്ധിനേടിയ ലോകങ്ങളിലും വൈദേശികചിന്തകരുടെ താരപരിവേഷങ്ങളിലും കണ്ണുറപ്പിച്ചു നിൽക്കുന്ന മലയാളി ബുദ്ധിജീവി വർഗത്തിന്റെ ലജ്ജാകരമായ പരാജയങ്ങളിലൊന്നാണ് സാധാരണ മനുഷ്യർ ആവിഷ്കരിക്കുന്ന മാറ്റങ്ങളോട് അവർ കാട്ടുന്ന അന്ധത അഥവാ അസഹിഷ്ണുത”. (വാർത്താമാധ്യമങ്ങളിലെയും പുസ്തകപ്രസാധനശാലകളിലെയും ബൗദ്ധിക തൊഴിലാളികളെയുംകൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം ബുജീവികളെക്കുറിച്ചു പറയുന്നതെന്നു ഞാൻ കരുതുന്നു).

“പുരുഷമേധാവിത്വം ഇന്നും സുശക്തമാണ്. പക്ഷേ, അതു വഴുതിത്തുടങ്ങിയെന്നു വ്യക്തമാണ് ” എന്നു പറഞ്ഞു ഭാവിചരിത്രത്തിലേക്കു നടന്നുകയറിയാണ് സക്കറിയ ഉപസംഹരിക്കുന്നത്. വാർത്താസംഭവം, പ്രവണത, ചരിത്രം, ഭാവിചരിത്രം എന്നിങ്ങനെ വെറും ഏഴു ഖണ്ഡികയിൽ ചവിട്ടിക്കയറുന്ന പുതുകേരള ചരിത്രമെഴുത്ത്!

“പുതിയ പെൺകുട്ടിയെ ഇനി ‘പിടിച്ചാൽ കിട്ടില്ല’ എന്നതാണു പുതിയ വർത്തമാനം” എന്ന് സക്കറിയ. വർത്തമാനം എന്ന് തലക്കെട്ട് കെട്ടിയ പേജുകളിൽ അതു റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലെന്ത്! കുലസ്ത്രീ തലമുറ അസ്തമിക്കുകയാണ്.

ജോസ് ടി തോമസ്

Share News