
“ഒരു സിനിമാസംവിധായകൻ എന്ന നിലയിലുള്ള ശ്യാമപ്രസാദിന്റെ വളർച്ചയിൽ ഷീബക്ക് നല്ലൊരു പങ്കുണ്ട്. ” |ആദരാഞ്ജലികൾ
” ദൂരദർശനിലെ ആദ്യകാല അനൗൺസർ ആയിരുന്നു ഷീബ. 1985 – ലൊ ’86 – ലൊ ആണ് ഷീബയുടെ മുഖം ദൂരദർശനിൽ ആദ്യമായി കാണുന്നത്. വൈകീട്ട് ഏതാണ്ട് ആറ് മണിയോടെ സ്ക്രീനിൽ തെളിഞ്ഞ് ആ ദിവസത്തെ പ്രധാന പരിപാടികൾ അനൗൺസ് ചെയ്തിട്ട് മാഞ്ഞുപോകുന്ന ഷീബ.

പിന്നീടാണ് ശ്യാമപ്രസാദിന്റെ പത്നിയായത്.. “നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്ന ഷീബ ശ്യാമപ്രസാദിന്റെ അകാലത്തിലുള്ള വിയോഗവാർത്ത തെല്ലൊരു ദുഃഖത്തോടെയാണ് ഇന്ന് രാവിലെ പത്രങ്ങളിൽ വായിച്ചത്.
അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 59 കാരിയായ ഷീബ ശ്യാമപ്രസാദിന്റെ കടന്നുപോക്ക്. സംവിധായകൻ ശ്യാമപ്രസാദിന്റെ പത്നിയാണ് ഷീബ.
ഷീബയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ശ്യാമപ്രസാദിന്റെ സുഹൃത്ത് കുമാർ സെൻ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ നിന്നുള്ളതാണ് എന്റെ ഈ പോസ്റ്റിൽ തുടക്കത്തിൽ ഞാൻ ഉദ്ധരിച്ചിട്ടുള്ളത്. ഷീബ ശ്യാമപ്രസാദിനെ കുറിച്ച് എന്റെ ഓർമയിലുള്ള ചിത്രവും അതുതന്നെ.ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു ഷീബ.
ശ്യാമപ്രസാദ് ഞാൻ ഇഷ്ടപ്പെടുന്ന സംവിധായക പ്രതിഭകളിൽ ഒരാളാണ്. സ്വയം കൊട്ടിഘോഷിക്കാത്ത സംവിധായകൻ. ഷീബയുടെ വിയോഗത്തെ കുറിച്ചുള്ള കുമാർ സെന്നിന്റെ പോസ്റ്റിൽ നിന്ന് ചില വാക്കുകൾ കൂടി ഞാൻ ഇവിടെ ഉദ്ധരിക്കട്ടെ :
” ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഷീബ ഏറെ താഴ്മയുള്ള ഒരു വ്യക്തിയായിരുന്നു. ശ്യാമും ഷീബയും മകൻ വിഷ്ണുവുമൊത്തുള്ള ദിവസങ്ങളൊക്കെ ഓർക്കുന്നു.
പിന്നീട് ശ്യാമിനും ഷീബയ്ക്കും ഒരു പെൺകുട്ടി പിറന്നു – ശിവകാമി. ചില സ്ത്രീകളിൽ മാതൃഭാവം ഏറെ കാണും. ചിലരിൽ അത് കുറവായിരിക്കും.
ഷീബയിൽ ‘ മദർനെസ്സ് ‘ വളരെ പ്രകടമായിരുന്നു. എപ്പോഴും പ്രസാദാത്മകമായ മുഖം, ചിരി. വിനയത്തോടെയുള്ള പെരുമാറ്റം. ഷീബ നൃത്തം പഠിച്ചു. അരങ്ങുകളിൽ താളത്തോടെ ചുവടുകളെടുത്തു.
ഒരു സിനിമാസംവിധായകൻ എന്ന നിലയിലുള്ള ശ്യാമപ്രസാദിന്റെ വളർച്ചയിൽ ഷീബക്ക് നല്ലൊരു പങ്കുണ്ട്. “കൂടുതൽ ഉദ്ധരിക്കുന്നില്ല.
ആദരാഞ്ജലികൾ ഷീബക്ക്

Joy Peter