
സാമൂഹിക മാനസികാരോഗ്യ തലങ്ങളെ സമഗ്രമായി ലക്ഷ്യമാക്കുന്ന ഭാവനാ പൂർണ്ണമായ ഇടപെടലുകൾ വേണ്ട പ്രശ്നമാണിതെന്നത് ഓർത്താൽ നല്ലത്.
സ്വർണ്ണ കടത്തുമായി ബന്ധം ആരോപിച്ചിട്ടുള്ള വനിത ഒരു ഫോൺ മെസ്സേജിലൂടെ ചാനലുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ദിവസമാണ് .
മാർച്ച് ഇരുപത്തിയഞ്ചു മുതലുള്ള നൂറ്റിയെട്ട് ദിവസം അറുപത്തിയാറ് കുട്ടികൾ സ്വയം ജീവനൊടുക്കിയെന്ന വിവരം മുഖ്യ മന്ത്രി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് എത്തിക്കുന്നത് .
ഈ കാലയളവിൽ കുട്ടികൾ പൂർണ്ണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ് .
സമപ്രായക്കാരുമായി കൂട്ട് ചേരുന്നില്ല .
കളികൾ പരിമിതം.
സഹജമായ ഊർജ്ജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്ക്കാരമില്ല .
അധ്യാപകരുടെ മേൽനോട്ടമില്ല .
പള്ളിക്കൂടമെന്ന ഇടം നൽകുന്ന സ്വഭാവ രൂപീകരണത്തിനുള്ള അവസരവുമില്ല
.ഇതൊക്കെ കോവിഡ് കാലത്തെ അനിവാര്യതയാണെന്ന് സമ്മതിക്കാം. .പക്ഷെ ഇത് കുട്ടികളുടെ മാനസികാവസ്ഥയിൽ സൃഷ്ടിക്കാനിടയുള്ള അസ്വസ്ഥതകളെ കുറിച്ച് മുൻ കൂട്ടി കാണുവാൻ മുതിർന്നവർക്ക് കഴിഞ്ഞില്ലയെന്നതിന്റെ സൂചനയാണ് ഈ ആത്മഹത്യകൾ .ഈ വിഷമതകളെ മുൻ കൂട്ടി കണ്ടു കൊണ്ട് ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ് ഫോമിൽ ഒന്നും ഉൾപ്പെടുത്താനും കഴിഞ്ഞിട്ടില്ല.
മുതിർന്നവരും പല തരം പ്രതിസന്ധികളിലാണ്
.ഇത് ഉണ്ടാക്കുന്ന അസ്വസ്ഥത നിറയുന്ന ഒരു പ്രേത്യേക ഗാർഹികാന്തരീക്ഷം പല വീടുകളിലുമുണ്ട് .ജീവിത നിപുണത കുറവുള്ള കുട്ടികളും ,വിഷാദാവസ്ഥകളിൽ പെട്ട കുട്ടികളുമൊക്കെ ഇച്ഛാഭംഗം നേരിടുമ്പോൾ സാമൂഹികാന്തരീക്ഷത്തിൽ ആവർത്തിച്ച് കേൾക്കുന്ന ആത്മഹത്യ ഒരു പരിഹാരമായി സ്വീകരിച്ചേക്കാം .
മുതിർന്നവരുടെ ഇടയിലും ഈ കാലയളവിൽ ആത്മഹത്യ കൂടുന്നതായിട്ടാണ് അറിയുന്നത് .അതിന്റെ കണക്കും ഇതിനോടൊപ്പം ചേർത്ത് വച്ച് വേണം ഇതേ സമൂഹത്തിന്റെ തൊട്ടിലിൽ വളരുന്ന ഈ പിള്ളേരുടെ ആത്മഹത്യക്കുള്ള പരിഹാരം തേടാൻ. ഈ പ്രേത്യേക സാഹചര്യം മൂലം കുട്ടികളില്‍ വർദ്ധിച്ചു വരുന്ന മറ്റു പെരുമാറ്റ പ്രശ്നങ്ങളിലേക്കുമുള്ള ചൂണ്ട് പലക കൂടിയാണ് ഈ ആത്മഹത്യകൾ .
ഓരോ കുടുംബവും അഭിമുഖീകരിക്കുന്ന സവിശേഷ സംഘർഷങ്ങളുടെ ലക്ഷണം കൂടിയാണ് ഇത് . മദ്യപിക്കുന്ന അച്ഛനും ,വരുമാന കുറവ് മൂലവും ,തൊഴിൽ നഷ്ടം മൂലവും വിങ്ങുന്ന രക്ഷ കർത്താക്കളും ചിലപ്പോൾ പാരന്റിംഗ് പിഴവുകൾ വരുത്താം .
ശൈശവ ബാല്യങ്ങളിലെയും കൗമാരത്തിലെയും സഹജ ഭാവങ്ങൾ കൂടി നിരാകരിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനോടുള്ള കുട്ടികളുടെ പ്രതികരണങ്ങൾ നിഷേധാത്മകമായിയെന്ന് വരും. മറിച്ചൊന്ന് ചിന്തിക്കാനായി പള്ളിക്കൂടങ്ങൾ നൽകിയിരുന്ന ബദൽ അന്തരീക്ഷത്തിന്റെ ആനുകൂല്യവുമില്ല .അത് കൊണ്ട് സാമൂഹിക മാനസികാരോഗ്യ തലങ്ങളെ സമഗ്രമായി ലക്ഷ്യമാക്കുന്ന ഭാവനാ പൂർണ്ണമായ ഇടപെടലുകൾ വേണ്ട പ്രശ്നമാണിതെന്നത് ഓർത്താൽ നല്ലത്.
ആത്മഹത്യ വാസന പോലെയുള്ള സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കാനുള്ള പരിശീലനവും പ്രാപ്തിയും വിദ്യാര്‍ത്ഥികളായ എസ്.. പി. സി സേനയിലെ കുട്ടികള്‍ക്ക് ഉണ്ടോയെന്ന ചോദ്യവും പ്രസക്തം.
ചങ്ങാതിക്ക് വിഷമം പങ്ക് വയ്ക്കാന്‍ മറ്റൊരു ചങ്ങാതിയെന്ന ദൗത്യത്തിന് അപ്പുറമുള്ള കൗണ്‍സിലിംഗ് ഭാരം ഈ പിള്ളേരുടെ മേല്‍ ഈ പ്രായത്തില്‍ കെട്ടി വയ്ക്കാന്‍ പാടില്ല..
അത് മറ്റൊരു ബാലവേലയാകും.
(സി ജെ ജോൺ )

Dr C J John Chennakkattu