രാഷ്ട്രീയത്തിനപ്പുറം ചില കാര്യങ്ങൾ |മുരളി തുമ്മാരുകുടി

Share News

ഈ കഴിഞ്ഞ കോവിഡ് കാലത്തൊരു ദിവസമാണ് എറണാകുളത്ത് നിന്നും രാകേഷ് ശർമ്മ എന്നൊരാൾ വിളിക്കുന്നത്. ശ്രീ ടി എൻ പ്രതാപൻ എം പി യുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണെന്നും എം പി ക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു

ഞാൻ കണ്ടിട്ടുള്ളതോ അറിയാവുന്നതോ ആയ ഒരാളല്ല ശ്രീ ടി എൻ പ്രതാപൻ. കോൺഗ്രസിലെ പുതിയ മുഖമായി, പരിസ്ഥിതി പ്രശ്നങ്ങളിൽ ശരിയായ നയങ്ങൾ എടുക്കുന്ന ഒരാളായി വായിച്ചിട്ടുണ്ട് എന്ന് മാത്രം. പക്ഷെ കേരളത്തിലെ പഞ്ചായത്തിലെ അംഗങ്ങൾ മുതൽ പാർലിമെന്റ് അംഗങ്ങൾ വരെ, മുനിസിപ്പൽ ചെയർമാൻ തൊട്ട് മുഖ്യമന്ത്രി വരെ ആരുമായും സംസാരിക്കാനുള്ള അവസരം ഞാൻ പാഴാക്കാറില്ല. കാരണം ജനങ്ങളുമായി ചേർന്ന് നിൽക്കുന്നത് അവരാണ്, ആശയങ്ങൾ പ്രാബല്യത്തിൽ വരുത്താൻ കഴിവുള്ളത് അവർക്കാണ്.

തൃശൂരിന്റെ ഭാവിയെപ്പറ്റിയും ഭാവിയിലെ തൃശൂരിനെ പറ്റിയും ഒക്കെ ആണ് അദ്ദേഹത്തിന് സംസാരിക്കാൻ ഉണ്ടായിരുന്നത്. ഒട്ടും തിരക്ക് കാണിക്കാതെ കാര്യങ്ങൾ അറിയാനുള്ള ക്ഷമയോടെ ആണ് സംഭാഷണം. അതെനിക്ക് ഇഷ്ടപ്പെട്ടു. ജനീവയിൽ ആയിരുന്നപ്പോൾ കൊറോണക്കാലത്തൊക്കെ അനവധി ശനിയാഴ്ചകൾ ഞാൻ അദ്ദേഹത്തിനായി മാറ്റി വച്ചു. നാട്ടിൽ വന്നപ്പോൾ ഒരു വീക്കെൻഡ് മുഴുവനും അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. ശ്രീ ബെന്നി കുരിയാക്കോസ് ഉൾപ്പടെ വിദഗ്ദ്ധരായ കുറച്ചു പേരുടെ ഒരു സംഘം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. തൃശൂരിന്റെ ഭാവിക്ക് വേണ്ടി, ഭാവിയുടെ തൃശൂരിന് വേണ്ടി ഏറെ ചെയ്യണം എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഈ പദ്ധതികളെ പറ്റി നിങ്ങളോട് പറയണം എന്നെനിക്ക് ഉണ്ടായിരുന്നു. പക്ഷെ കാര്യങ്ങൾ കൂടുതൽ പ്ലാൻ ചെയ്തിട്ടാകാം എന്ന് ബഹുമാനപ്പെട്ട എംപി പറഞ്ഞതിനാലാണ് ഇക്കാര്യങ്ങൾ ഇതിന് മുൻപ് പറയാതിരുന്നത്. ഇന്ന് അദ്ദേഹം ഈ വിഷയത്തിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്, ബാക്കി അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ വായിക്കൂ.

തൃശൂർ ഒരു തിരിച്ചുവരവിൻ്റെ പാതയിലാണ്.

രാജ്യത്താദ്യത്തെ കോവിഡ് രോഗി തൃശൂരിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ട് ഒരു വർഷം തികയുകയാണ്. കഴിഞ്ഞ വർഷം ജനുവരി 30 മുതൽ തുടരുന്ന നിതാന്ത ജാഗ്രതയും, കോവിഡ് കാലത്തെ ദുരിതാശ്വാസത്തിനായുള്ള എണ്ണിയാലൊടുങ്ങാത്ത പദ്ധതികളും അവയുടെ ആസൂത്രണവും, വിജയകരമായി നടപ്പിലാക്കലുമായിരുന്നു 2020ൽ പ്രഥമ പരിഗണന നൽകിയ പ്രവർത്തനങ്ങൾ.പുതിയ വർഷത്തിൽ തൃശൂർ ഒരു പുതിയ സ്വപ്നത്തിലേക്ക്ഉണരുകയാണ്.. ദുരിതങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ്, എല്ലാ മേഖലകളിലും സ്മാർട്ടായ തൃശൂർ എന്ന സ്വപ്നത്തിലേക്ക്.

തൃശൂരിനെ സ്മാർട്ടാക്കാനുള്ള എൻ്റെ സ്വപ്നങ്ങളിൽ വഴികാട്ടിയാവുന്നത് വിശ്വ പൗരനായ, മലയാളികളുടെ സ്വകാര്യ അഹങ്കാരം – ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗത്തിൻ്റെ തലവൻ ഡോ. മുരളി തുമ്മാരുകുടിയാണ് (Muralee Thummarukudy).ലോക്ക് ഡൗൺ ആരംഭിച്ച്, എവിടത്തെയും പോലെ തൃശൂരിൻ്റെയും സാമ്പത്തിക സാമൂഹ്യ മേഘലകളിൽ കനത്ത പ്രതിസന്ധി ദൃശ്യമായ സമയത്ത് തന്നെ മനസ്സിൽ ഒരു തീരുമാനമെടുത്തിരുന്നു – അടച്ചുപൂട്ടലിൻ്റെ കാലം, തൃശൂരിൻ്റെ തിരിച്ചുവരവിനായുള്ള ഗൃഹപാഠം ചെയ്യുന്നതിനുള്ള അവസരമായി മാറ്റുമെന്ന്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ കാലത്ത് ആദ്യം ഒന്നും ചെയ്യാനില്ല എന്ന സാഹചര്യമായിരുന്നെങ്കിൽ പിന്നീട് എംപീസ് ഹരിതം എന്ന പേരിൽ ആയിരക്കണക്കിന് വീടുകളിൽ പച്ചക്കറി കൃഷിയാരംഭിച്ചും എംപീസ് അതിജീവനം എന്ന പേരിൽ ഇരുപത്തിനാലു മണിക്കൂറും തൃശൂരിലെ രോഗികൾക്ക് മരുന്നെത്തിച്ചും , ഒറ്റപ്പെട്ടു പോയവർക്ക് ഭക്ഷണമെത്തിച്ചും, ടോവിനോയെ അംബാസഡറാക്കി തൃശൂരിലെ 1516 വിദ്യാർത്ഥികർക്ക് ഓൺലൈൻ പപഠനത്തിനായി ടി.വി നൽകിയും, മിടുക്കന്മാരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകുന്ന എംപീസ് പെർഫെക്ട് നടപ്പിലാക്കിയും, കാർഷിക വിളകൾ സംഭരിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമായി കർഷകരുടെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചും, തൃശൂരിനൊരു കമ്യൂണിറ്റി റേഡിയോ സ്ഥാപിച്ചും, സർക്കാർ സേവനങ്ങളും ഓൺലൈൻ സേവനങ്ങളും സാധാരണക്കാരിലേക്കെത്തിക്കാനുള്ള എംപീസ് സർവ്വീസ് ഹബ്ബുകൾക്ക് തുടക്കം കുറിച്ചും, ലോക്ക് സൗണിലെ മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനുള്ള പ്രത്യേക സൈക്യാർട്രി ക്ലിനിക്കുകൾ ആരംഭിച്ചും, ഗൾഫിൽ നിന്ന് പ്രവാസികളെ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊണ്ടുവരുന്നതിനായും പ്രവാസികൾക്ക് മരുന്നുകൾ എത്തിക്കുന്നതിനായുമുള്ള എംപീസ് പ്രവാസി കെയർ പദ്ധതി നടപ്പിലാക്കിയും, കോവിഡ് കാലത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഡോക്ടർമാരുടെ കുറിപ്പുപയോഗിച്ചുള്ള മദ്യ വിതരണവും പ്രവാസികളുടെ തിരിച്ചുവരവ് തടഞ്ഞതുമടക്കമുള്ള വിവിധ നിലപാടുകൾക്കെതിരായ നിയമ പോരാട്ടങ്ങൾ നടത്തിയും തുടർച്ചയായ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി നിൽക്കുമ്പോഴും തൃശൂരിനെ സ്മാർട്ടാക്കാൻ എന്തൊക്കെ ചെയ്യാം എന്ന ഗൗരവതരമായ ചിന്തയായിരുന്നു മനസ്സുനിറയെ.

ഇതിനായി ലോക്ക്ഡൗണിനു ശേഷമുള്ള എല്ലാ ശനിയാഴ്ചകളും വിർച്വൽ മീറ്റിംഗുകൾ സംഘടിപ്പിച്ച് നിരന്തരമായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ആശയവിനിമയങ്ങൾ നടത്തിപ്പോന്നു. തൃശൂരിൻ്റെ സാംസ്കാരിക – സാമൂഹ്യ മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ട് ചോദിച്ചറിഞ്ഞു. കേരളത്തിലും, കേരളത്തിനു വെളിയിലും ഇന്ത്യക്ക് പുറത്തുമുള്ള മികച്ച മാതൃകകളെക്കുറിച്ച് അറിയാൻ ശ്രമിച്ചു, അവയുടെ പിന്നിൽ പ്രവർത്തിച്ച ധിഷണാശാലികളെ ബന്ധപ്പെട്ടു. നിരവധി ആശയങ്ങളും ചിന്തകളും ലഭിച്ചു.തൃശൂരിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ താലോലിക്കുന്നതിനിടയിലാണ് ഞാൻ ഡോ.മുരളി തുമ്മാരുകുടിയെ ബന്ധപ്പെടുന്നതും എൻ്റെ ആശയങ്ങളെക്കുറിച്ച് വാചാലനാകുന്നതും. അതൊരു വലിയ വഴിത്തിരിവായിരുന്നു. എൻ്റെ കാഴ്ചകൾക്കുമപ്പുറത്തുള്ള തൃശൂരിൻ്റെ സാധ്യതകളെക്കുറിച്ച് പുതിയ ആശയങ്ങൾ പകർന്നു തന്നു, ഡോ. മുരളി തുമ്മാരുകുടി. തൻ്റെ ഐക്യരാഷ്ട്രസഭയിലെ തിരക്കുപിടിച്ച ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കിടയിൽ ജനീവയിൽ നിന്ന് എല്ലാ ആഴ്ചകളിലും അദ്ദേഹം മണിക്കൂറുകളോളം തൃശൂരിനു വേണ്ടി എന്നോടൊപ്പം സൂമിൽ സ്വപ്നങ്ങൾ പങ്കുവെച്ചു.

തൃശൂരിൻ്റെ ടൂറിസം സാധ്യതകളെക്കുറിച്ച്, വിദ്യാഭ്യാസ രംഗത്തെ പുതിയ കാഴ്ചപ്പാടുകളെക്കുറിച്ച്, സാമ്പത്തികമായ തിരിച്ചുവരവിനെക്കുറിച്ച്, പുതിയ കാർഷിക രീതികളെക്കുറിച്ച്, പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ച്, യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനെക്കുറിച്ച്, ദുരന്തനിവാരണത്തെക്കുറിച്ച്… തൻ്റെ ഷെഡ്യൂളിലെ എല്ലാ ശനിയാഴ്ചകളിലേയും വൈകുന്നേരങ്ങൾ തൃശൂരിനു വേണ്ടി അദ്ദേഹം മാറ്റി വെച്ചു. അങ്ങിനെയാണ് “സ്മാർട്ട് തൃശൂർ” എന്ന ആശയത്തിന് തുടക്കമാവുന്നത്.

ഓരോ മേഖലകളിലും കഴിവു തെളിയിച്ച പ്രഗൽഭരുടെ പട്ടികകൾ ഞങ്ങളൊരുമിച്ച് തയ്യാറാക്കി. തുടർന്നുള്ള ദിവസങ്ങളിൽ അവരെക്കൂടി ഉൾപ്പെടുത്തി ഓരോ മേഖലയിലേയും പ്രത്യേക ഓൺലൈൻ ചർച്ചകൾ സംഘടിപ്പിച്ചു. ഇതിനിടയിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അനുമതി വാങ്ങി “സ്മാർട്ട് തൃശൂരിൻ്റെ” ഉപദേശക സ്ഥാനം ശ്രീ.മുരളി തുമ്മാരുകുടി ഏറ്റെടുത്തുവെന്നത് നന്ദിയോടെ ഓർക്കുകയാണ്.വിവിധ മേഖലകളിൽ കോവിഡാനന്തരം പ്രഥമ ശ്രദ്ധ നൽകേണ്ടത് വിനോദ സഞ്ചാര മേഖലക്കാണെന്ന തിരിച്ചറിവിൽ, തൃശൂരിൻ്റെ തനതായ പൈതൃക – പാരിസ്ഥിതിക സവിശേഷതകളെ കോർത്തിണക്കിയുള്ള ഒരു ടൂറിസം പദ്ധതിക്ക് രൂപം നൽകി വരികയാണ്.

മുസിരിസ് പൈതൃക പദ്ധതിയും, ആലപ്പുഴ ഹെറിറ്റേജ് സിറ്റിയും പ്രശസ്തമായ ദക്ഷിണചിത്ര പൈതൃക മ്യൂസിയവുമടക്കമുള്ള രാജ്യത്തെ ഏറ്റവും ശ്രദ്ദേയമായ ടൂറിസം പ്രോജക്ടുകൾക്ക് രൂപം നൽകിയ സീനിയർ ടൂറിസം കൺസൾട്ടൻ്റ് ശ്രീ ബെന്നി കുര്യാക്കോസും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മുൻ മേധാവിയും വനം – വന്യജീവി – പരിസ്ഥിതി മേഖലയിലെ വിദഗ്ധനുമായ ഡോ. ഈസയും, കേരള കാർഷിക സർവകലാശാലയിലെ ഡീനും പരിസ്ഥിതി പ്രവർത്തകനും, പക്ഷി നിരീക്ഷണത്തിലും കോൾ പാടങ്ങളിലെ ജൈവവൈവിധ്യ മേഖലയിലും വിദഗ്ധനുമായ ഡോ.നമീറും, കേരളീയ വാസ്തുശിൽപ്പ ചാതുരിയും സാംസ്ക്കാരിക പൈതൃക ങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ടുള്ള നിർമാണ ശൈലിയും കൊണ്ട് ശ്രദ്ദേയനായ പ്രശസ്ത ആർക്കിടെക്റ്റ് വിനോദ് കുമാറും, കുമ്പളങ്ങി ടൂറിസം വില്ലേജുൾപ്പെടെയുള്ള സംസ്ഥാനത്തെ ഒട്ടനവധി മികച്ച ടൂറിസം പദ്ധതികൾക്ക് രൂപം നൽകിയ ശ്രീ. മുരളീ മേനോനും, സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ ഏറ്റവും മികച്ച നിർവ്വഹണ ഏജൻസിയായ കിറ്റ് കോയുടെ ജോയിൻ്റ് എം.ഡിയും തളിക്കുളം സ്നേഹതീരമടക്കമുള്ള വളരെയേറെ ടൂറിസം പദ്ധതികൾ നടപ്പിലാക്കിയ ശ്രീ.ജി.പ്രമോദും ഉൾപ്പെടെയുള്ള ഒരു വിദഗ്ധപാനലാണ് ടൂറിസം മേഖലയിലെ മാസ്റ്റർ പ്ലാനിന് നേതൃത്വം നൽകുന്നത്.

ശ്രീ.മുരളി തുമ്മാരുകുടിയുടെ അന്താരാഷ്ട്ര കാഴ്ചപ്പാടുകളും അറിവുകളും ഇതിന് ശക്തി പകരും. സംസ്ഥാനത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയും,, കേന്ദ്ര ടൂറിസം സെക്രട്ടറിയുമായിരുന്ന ശ്രീ.ഇ.കെ.ഭരത് ഭൂഷൺ ഐ.എ.എസ് തൻ്റെ പൂർണ പിൻതുണയും, സമയവും ഈ മെഗാ പദ്ധതിക്കായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നത് അഭിമാനകരമാണ്. പ്രിയ അനുജനും കേരള ഹൈക്കോടതിയിലെ ശ്രദ്ദേയനായ യുവ അഭിഭാഷകനുമായ അഡ്വ.സി.ആർ.രഖേഷ് ശർമ്മയാണ് “സ്മാർട്ട് തൃശൂർ” പദ്ധതിയുടെ ചീഫ് കോ-ഓർഡിനേറ്റർ.

സ്മാർട്ട് തൃശൂരിൻ്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി വിദഗ്ധ സമിതി നിരവധി തവണ വിർച്ച്വൽ യോഗങ്ങൾ ചേർന്ന് കരടു പദ്ധതിക്ക് രൂപം നൽകുകയും ഇക്കഴിഞ്ഞ ഡിസംബർ 12, 13 തീയതികളിൽ തൃശൂരിൻ്റെ വിവിധ മേഖലകളിലെ ടൂറിസം സാധ്യതകൾ നേരിട്ട് വിലയിരുത്താനായി ഡോ.മുരളി തുമ്മാരുക്കുടിയുടെ നേതൃത്വത്തിൽ തൃശൂരിൽ തളിക്കുളത്ത് ക്യാമ്പുചെയ്യുകയും ഞാനും വിദഗ്ധ സമിതിയംഗങ്ങളും ചേർന്ന് വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. തൃശൂരിൻ്റെ കാടും, കടലും, പുഴയും കോൾപ്പാടങ്ങളും പക്ഷികളും വന്യജീവികളും പൈതൃക സ്മാരകങ്ങളും ആരാധനാലയങ്ങളും ആനക്കോട്ടയും, മൺപാത്ര നിർമ്മാണവും, ഓട്ടുപാത്ര നിർമ്മാണവും, സ്വർണ്ണാഭരണ നിർമ്മാണവും, കനാലുകൾ ബന്ധിപ്പിച്ചു കൊണ്ടുള്ള ജലപാതകളുടെ വീണ്ടെടുപ്പും, തൃശൂർ പൂരത്തിനെ എന്നും അനുഭവവേദ്യമാക്കുന്നതിനുള്ള വിർച്വൽ പൂരം ഗ്യാലറിയും, പൂരം മ്യൂസിയവും പെരുവനത്തെ മേള സമുച്ചയവുമെല്ലാം ഈ ടൂറിസം പദ്ധതിയിലെ കണ്ണികളാകും.

തൃശൂരിന് അഭിമാനമായ മണ്ണുത്തിയിലെ കാർഷിക സർവ്വകലാശാലയും വിശാലമായ ബൊട്ടാണിക്കൽ ഗാർഡനും വിദഗ്ധസംഘം സന്ദർശിച്ചു. കാർഷിക സർവകലാശാലയുടെ ചുറ്റിലുമായി ആയിരക്കണക്കിന് കൃഷിഫാമുകളും നേഴ്സറികളുമാണ് പ്രവർത്തിക്കുന്നത് എന്ന അറിവ് ഒരു വിസ്മയമായിരുന്നു. ലോകത്തിൻ്റെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്നും വിവിധ തരം ചെടികൾ കയറ്റി അയക്കപ്പെടുന്നുണ്ട്. അമേരിക്കയിലെ സിലിക്കൺ വാലിയെപ്പോലെ പ്രാധാന്യമുണ്ടായിട്ടും, നാം മനസ്സിലാക്കാതെ പോവുകയാണ് നമ്മുടെ സ്വന്തം മണ്ണുത്തിയുടെ പ്രാധാന്യം. തൃശൂർ സന്ദർശനത്തിൻ്റെ അവസാന ദിവസം തൃശൂരിലെ ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് ബഹു. കൃഷി വകുപ്പ് മന്ത്രി സുനിൽ കുമാറിനെ കണ്ടപ്പോൾ മണ്ണുത്തിയുടെ ഈ പ്രത്യേകതയെക്കുറിച്ച് ഞാനും ഡോ.മുരളി തുമ്മാരുകുടിയും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് മുരളി തുമ്മാരുകുടി മണ്ണുത്തിയെക്കുറിച്ച് ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധനേടുകയും പത്രമാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ ‘പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ തന്നെ ഇതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് മുന്നോട്ടുവന്നുവെന്നതിൽ ഏറെ അഭിമാനമുണ്ട്.

ഈ വരുന്ന മാർച്ച് മാസത്തോടെ സ്മാർട്ട് തൃശൂർ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ സജ്ജമാകും. തുടർന്ന് തൃശൂരിൻ്റെ എല്ലാ മേഖലകളിലുള്ളവരുമായി ഒരു ഓപ്പൺ ഫോറം സംഘടിപ്പിച്ച് പൊതുവായ ചർച്ചക്ക് അവസരം നൽകിയതിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂൺ മാസത്തോടെ ഈ പദ്ധതി നടപ്പിലാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

പദ്ധതികൾ പ്രഖ്യാപനങ്ങളിലും പത്രവാർത്തകളിലും ഒതുങ്ങരുത് എന്ന നിർബന്ധമുണ്ടായിരുന്നതുകൊണ്ടാണ് നിരവധി മാധ്യമ സുഹൃത്തുക്കൾ കേട്ടറിഞ്ഞ് സമീപിച്ചപ്പോഴും വാർത്തയായി ഈ പദ്ധതി പ്രഖ്യാപിക്കാറായിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്നതും, ഇക്കഴിഞ്ഞ പത്ത് മാസം ഗൃഹപാഠം ചെയ്യുന്നതിനായി സമയം മാറ്റിവെച്ചതും.

ഈ പുതുവർഷത്തിൽ തൃശൂരിനഭിമാനിക്കാം. തൃശൂർ സ്മാർട്ടാവാൻ പോവുകയാണ്.ഇന്ത്യയിലേയും വിദേശത്തെയും മികച്ച വികസന മാതൃകകൾ തൃശൂരിന് പുതു അനുഭവങ്ങളാകാൻ പോവുകയാണ്.ദേശീയ-അന്താരാഷ്ട തലങ്ങളിലെ വികസന കാഴ്ചപ്പാടുകളുള്ള വിദഗ്ധർ തൃശൂരിനെ സ്മാർട്ടാക്കാൻ അവസാനവട്ട ഒരുക്കങ്ങളിലാണ്. എല്ലാ പദ്ധതികൾക്കും നമുക്ക് സർക്കാരുകളുടെ ബഡ്ജറ്റുകളിലെ തുക വകയിരുത്തലുകൾക്കായി മാത്രം കാത്തു നിൽക്കാനാവില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊപ്പം സ്വകാര്യ മേഖലയെയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഇനീഷ്യേറ്റീവുകളേയും, സന്നദ്ധ സംഘടനകളേയുമെല്ലാം നമുക്ക് ഈ പദ്ധതിയുടെ ഭാഗമാക്കണം.

ഇതെൻ്റെ മാത്രം സ്വപ്നമല്ല, നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ്, തൃശൂരിൻ്റെ സ്വപ്നമാണ്.എംപിയായിരിക്കുന്ന അഞ്ചു വർഷക്കാലത്തിനുള്ളിൽ തന്നെ എല്ലാം നടപ്പിലാവണമെന്ന അത്യാഗ്രഹവുമെനിക്കില്ല. വികസനം ഒരു തുടർ പ്രക്രിയയാണ്. നമ്മുടെ നാടിനു വേണ്ടിയുള്ള അനുസ്യൂതമായ യാത്രയാണ്. പദവികളും അലങ്കാരങ്ങളും വച്ചൊഴിഞ്ഞാലും ഈ സ്വപ്നങ്ങൾ പൂർണമായി യാഥാർത്യമാക്കാൻ തൃശൂരിനൊപ്പം ഞാനുണ്ടാകും.നിങ്ങളുമുണ്ടാകണം.

ഈ യാത്രയിൽ ഞാൻ തീർച്ചയായും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അദ്ദേഹത്തോടൊപ്പം മാത്രമല്ല കേരളത്തിലെ ഏതൊരു പ്രദേശവും, അതെത്ര ചെറുതായാലും, വികസിപ്പിക്കാൻ വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ ശ്രമിക്കുന്നവരുടെ, ആഗ്രഹിക്കുന്നവരുടെ ഒക്കെ കൂടെ, എൻ്റെ അറിവും, കഴിവും, നെറ്റ്‌വർക്കുകളും ഒക്കെ ഉപയോഗിക്കാൻ രാഷ്ട്രീയഭേദം ഇല്ലാതെ ഞാൻ ഉണ്ടാകും.

മുരളി തുമ്മാരുകുടി

Share News