
തട്ടിൻ പുറത്തെ സംഗീതത്തെ ഇന്നും നെഞ്ചോട് ചേർത്ത് വക്കുന്ന കോഴിക്കോട്ടുകാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.
തട്ടിൻപുറത്തെ സംഗീതം.
സംസ്കാര സമ്പന്നതയിൽ പേരുകേട്ട കോഴിക്കോട്ടുകാരുടെ ജീവവായുവാണ് സംഗീതം.
ഞാൻ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കോഴിക്കോടൻ തനത് രുചികളിൽ നിന്നും വ്യത്യസ്തമായ എന്റെ അറിവിനെ നിങ്ങളുമായി പങ്കുവക്കുന്നു.

അങ്ങാടിയിലെയും ഗ്രാമങ്ങളിലെയും മരത്തിൽ പണിത തട്ടിൻ പുറങ്ങളിൽ പകലിന്റെ ക്ഷീണം മറക്കാൻ ഒരു പെട്ടിയും തബലയും ഗഞ്ചിരയുമായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ളവർ തട്ടിൻ പുറത്ത് ഒത്തുചേർന്നപ്പോൾ റെക്കാർഡുകളിൽ നിന്നും കേട്ട് പഠിച്ച ഹിന്ദി ഗാനങ്ങളും, മലയാളത്തിന്റെ നിത്യഹരിത ഗാനങ്ങളും ആ വേദിയിലെ ഗസലുകൾ ആയി മാറി.

കോഴിക്കോട്ടെ പഴയ തലമുറക്ക് രക്തത്തിൽ അലിഞ്ഞു ചേർന്ന ലഹരി ആയിരുന്നു സംഗീതം.ആ കൂട്ടായ്മക്ക് സാധാരണക്കാരായ നാട്ടുകാരുടെ പിന്തുണ വളരെ വലുതായിരുന്നു.സംഗീതത്തോടുള്ള അടങ്ങാത്ത ആവേശത്തിന്റെ തനിമ നിറം മങ്ങാതെ സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റിന്റെയും കടന്നു കയറ്റത്തിലും ഇന്നും നിലനിർത്തിക്കൊണ്ട് പോകുന്ന കുറെ സംഗീതപ്രേമികൾ.
ജാതിമതഭേദമന്യേ മച്ചിൻ പുറത്തെ പായയിൽ ‘സംഗീതമേ ഉലകം’ എന്ന മനോഹര ഭാവത്തിൽ മണിക്കൂറുകളോളം മറ്റെല്ലാം മറന്ന് ഒത്തു ചേരുമ്പോൾ കോഴിക്കോട്ട്കാരുടെ സംസ്കാരപ്പെരുമ അതിന്റെ പാരമ്യത്തിലെത്തുന്നു.
ആ സംഗീതത്തിന്റെ ഒത്തു ചേരലിൽ എല്ലാം മറന്നവർ പാടുമ്പോൾ പകലത്തെ അധ്വാനത്തിന്റെയും അലച്ചിലിന്റെയും ലോകം അവർക്കു മുന്നിൽ വാതിലടക്കുന്നു.പുതിയ തലമുറയെ സംഗീതത്തിന്റെ തട്ടിൻ പുറത്തേറ്റി പാരമ്പര്യം നിലനിർത്തുന്ന സുന്ദരരേട്ടൻ കളരിയെ പോലെയുള്ള അനേകം പാട്ടുകാർ ഇന്നും സജീവമാണ്.
തട്ടിൻ പുറത്തെ സംഗീതത്തെ ഇന്നും നെഞ്ചോട് ചേർത്ത് വക്കുന്ന കോഴിക്കോട്ടുകാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.