
കോവിഡ് കാലത്ത് മരണമടഞ്ഞവര്‍ക്കായി ചങ്ങനാശേരി അതിരൂപതയില്‍ പ്രത്യേക വിശുദ്ധ കുര്‍ബാന
ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചുമുതല്‍ നാളിതുവരെ മരണമടഞ്ഞ വൈദികരേയും സന്യസ്തരേയും അല്‍മായരേയും അനുമരിച്ച് ചങ്ങനാശേരി അതിരൂപതാ കുടുംബം ഒരുമിച്ച് ഓഗസ്റ്റ് 14-ാം തീയതി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അന്നേദിവസം രാവിലെ 6.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന അതേ സമയത്തുതന്നെ അതിരൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. അതിരൂപതയുടെ യൂറ്റൂബ് ചാനലായ മാക്ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്ന കുര്‍ബാനയില്‍ പങ്കുചേര്‍ന്നും ഇതിന് സാധിക്കാത്തവര്‍ ആത്മീയമായി ഈ കുര്‍ബാനയില്‍ പങ്കെടുത്തും അതിരൂപതാകുടുംബം ഒരുമിച്ച് പ്രത്യേകനിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു.
കോവിഡ് ബാധിതരായി മരിച്ചവര്‍, സഭാപരമായ മൃതസംസ്‌കാര ശുശ്രൂഷകള്‍ ലഭിക്കാത്തവര്‍, മരണമടഞ്ഞ പ്രിയപ്പെട്ടവരെ കാണുവാന്‍ സാധിക്കാത്തവര്‍, മാനസിക പിരിമുറുക്കം സഹാക്കാനാവാതെ മരണപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരേയും അന്നത്തെ കുര്‍ബാനയില്‍ പ്രത്യേകമായി ഓര്‍ക്കും. കൂടാത പ്രളയദുരിതങ്ങളില്‍നിന്നും രക്ഷനേടുന്നതിനും കൃഷിയിടങ്ങളുടെയും വിളവുകളുടെയും സംരക്ഷണത്തിനും, അഭി. ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തയുടെ നവതി ദിനമായ അന്ന് അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയുള്ള നിയോഗങ്ങളും ഈ കുര്‍ബാനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിമൂലവും പ്രകൃതിദുരന്തങ്ങള്‍മൂലവും ഏറെ പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലയളവില്‍ എല്ലാ തലങ്ങളിലും ജാഗ്രതയും വിവേകവും അച്ചടക്കവും പാലിക്കുന്ന ജീവിത ശൈലി രൂപീകരിക്കണമെന്നും, പ്രതിസന്ധിയില്‍ തളരാതെ പരസ്പരം സഹായിച്ചും പ്രാര്‍ത്ഥിച്ചും ശക്തിപ്പെടുത്തണമെന്ന് പ്രത്യേക സര്‍ക്കുലറിലൂടെ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അറിയിച്ചു.
അഡ്വ. ജോജി ചിറയില്‍
(പി.ആര്‍.ഒ.)
ഫാ. ആന്റണി തലച്ചെല്ലൂര്‍