കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു.
കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു. നമ്മുടെ ജനജീവിതം മനുഷ്യസമൂഹത്തിനു നിരക്കുന്നതാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ നടുനായകത്വം വഹിച്ച മഹനീയമായ വ്യക്തിത്വമാണ് ഗുരുവിന്‍റേത്. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, കേരള സര്‍ക്കാരിന്‍റേതായി ഗുരുവിന്‍റെ ഒരു പ്രതിമ എവിശടയും ഉയര്‍ന്നുവന്നിട്ടില്ല. ഇത് വലിയ ഒരു പോരായ്മയാണ്. ഗുരുസ്മരണയോടുള്ള കൃത്യഘ്നതയാണ്. ഈ തിരിച്ചറിവോടെയാണ് ഈ തലസ്ഥാന നഗരത്തില്‍ത്തന്നെ, ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രത്തില്‍ത്തന്നെ, ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന് ഈ സര്‍ക്കാര്‍ നിശ്ചയിച്ചത്. അതു പ്രാവര്‍ത്തികമായിരിക്കുകയാണിന്ന്.
ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം ഗുരുവിന്‍റെ മഹത്തായ സന്ദേശങ്ങള്‍ തന്നെയാണ്. ഗുരുവിനുള്ള ഏറ്റവും വലിയ ആദരാഞ്ജലി ആ സന്ദേശങ്ങള്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നതു തന്നെയാണ്. ഇത് സര്‍ക്കാരിനറിയാം. എന്നാല്‍, അതൊക്കെ അമൂര്‍ത്തമായ സ്മാരകങ്ങളാണ്. അമൂര്‍ത്തമായ സ്മാരകങ്ങള്‍ക്കൊപ്പം മൂര്‍ത്തമായ സ്മാരകങ്ങള്‍ക്കും പ്രസക്തിയുണ്ട്. പ്രതിമ മൂര്‍ത്തമായ ഒരു സ്മാരകമാണ്. ഈ ലോകത്ത് പുതുതായി കടന്നുവരുന്ന തലമുറകളും ഇവിടേക്കു വിദേശങ്ങളില്‍നിന്ന് എത്തുന്നവരും ഈ പ്രതിമ കാണും. ആരുടേതാണെന്ന് അന്വേഷിക്കും. എന്താണദ്ദേഹം ചെയ്തത് എന്ന് ആരായും. അങ്ങനെ ഗുരുവിനെ മനസ്സിലാക്കും. സാര്‍വദേശീയവും സാര്‍വകാലികവുമായ പ്രസക്തിയുള്ള ഗുരുസന്ദേശങ്ങളിലേക്ക് പ്രതിമ പുതിയ തലമുറകളെ ആകര്‍ഷിക്കും.
ആ മഹത്സന്ദേശങ്ങള്‍ പുതുതലമുകള്‍ ഉള്‍ക്കൊള്ളുമ്പോള്‍, ഗുരു തന്നെ പറഞ്ഞപോലെ ‘നരനും നരനും തമ്മില്‍ സാഹോദര്യ’മുദിക്കുന്ന ഒരു പുതുസമൂഹം പിറക്കും.
ജാതിഭേദമോ മതദ്വേഷമോ ഇല്ലാത്തതും എല്ലാവരും പരസ്പരം സഹോദരങ്ങളായി കാണുന്നതുമായ മനുഷ്യരുടെ സമൂഹം. ആ സമൂഹത്തിന്‍റെ പിറവിക്കുവേണ്ടിയാണല്ലൊ ജീവിതകാലത്തുടനീളം ഗുരു അവിശ്രമം പരിശ്രമം നടത്തിയത്. ഗുരു പോയി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ സങ്കല്‍പത്തിലെ സമൂഹം പൂര്‍ണമായ അര്‍ത്ഥത്തില്‍ സാധ്യമാക്കിയെടുക്കാന്‍ നമുക്കു സാധ്യമായിട്ടില്ല. സാധ്യമായിട്ടില്ല എന്നതുകൊണ്ടുതന്നെ അത് സാധ്യമാക്കാനുള്ള എല്ലാ വഴികളും ആരായാന്‍ നാം ബാധ്യസ്ഥരാവുന്നു. ഗുരുസന്ദേശം സമൂഹത്തില്‍ പടര്‍ത്തുക. ഗുരുവിലേക്ക് കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കുക. അതൊക്കെ ചെയ്യേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനു പുതിയകാലത്ത് വലിയ പ്രസക്തിയുണ്ടാവുന്നത്.
ഗുരുവിന്‍റെ സന്ദേശത്തിനു പുതിയ കാലമെന്നോ പഴയ കാലമെന്നോ ഉള്ള വേര്‍തിരിവില്ല. എല്ലാ കാലത്തിനും എല്ലാ ലോകത്തിനും ബാധകമായ സാര്‍വജനീന പ്രസക്തിയുള്ള മൂല്യങ്ങളാണ് ആ സന്ദേശത്തില്‍നിന്നു പ്രസരിക്കുന്നത്.’എല്ലാവരുമാത്മ സഹോദരരെ-ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം’ എന്നാണ് ഗുരു പാടിയത്. എല്ലാവരും ആത്മസഹോദരരാണെന്ന ചിന്ത ലോകസമൂഹത്തിലാകെ പടര്‍ത്താന്‍ കഴിഞ്ഞാല്‍ വര്‍ഗീയതയുടെ മുതല്‍ വംശീയതയുടെ വരെ അടിസ്ഥാനത്തിലുള്ള വിദ്വേഷങ്ങളും കലാപങ്ങളും നരമേധങ്ങളും ലോകത്തുണ്ടാവുമോ? ഇതുകൊണ്ടാണ് ഗുരു സന്ദേശത്തിന് സാര്‍വദേശീയ പ്രസക്തിയുണ്ട് എന്നു പറയുന്നത്.
അനാചാരങ്ങളും ദുരാചാരങ്ങളും അകറ്റിക്കളഞ്ഞ് സമൂഹത്തെ ശുദ്ധീകരിക്കാനാണ് ഗുരു ഇടപെട്ടത്. ആ അനാചാരങ്ങളും ദുരാചാരങ്ങളും മടങ്ങിവരുന്നു. കാലം മാറിയിട്ടും ദുരാചാരങ്ങള്‍ മാറ്റിമില്ലാതെ തുടരുന്നു. ഇവയെ ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. ഇതുകൊണ്ടുതന്നെയാണ് ഗുരുസന്ദേശങ്ങള്‍ക്ക് സാര്‍വകാലിക പ്രസക്തിയുണ്ട് എന്നു പറയുന്നത്.നമ്മുടെ കേരളത്തില്‍ തന്നെ ഒറ്റപ്പെട്ട തോതിലാണെങ്കിലും മന്ത്രവാദങ്ങള്‍ മുതല്‍ സ്ത്രീവിരുദ്ധ വിവേചനം വരെ നടക്കുന്നില്ലേ? അവയെ ഒക്കെ പ്രകീര്‍ത്തിക്കാന്‍ ഇവിടെ അഭ്യസ്തവിദ്യരില്‍പ്പോലും ഒരു വിഭാഗം ഉണ്ടാവുന്നില്ലേ? അവരിലേക്ക് യഥാര്‍ത്ഥ വിദ്യ എത്തുന്നില്ല. യഥാര്‍ത്ഥ വിദ്യ മനുഷ്യത്വത്തിന്‍റേതാണ്. ആ വിദ്യ എത്തിക്കാനുള്ള ഗുരുവിന്‍റെ ശ്രമങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ഇന്നും ഏറ്റവും വലിയ പ്രസക്തിയാണുള്ളത്.
ഇവിടുത്തെ ജനാധിപത്യ വ്യവസ്ഥിതിക്കു പോലും നാം ഗുരുവിനോടു കൂടി കടപ്പെട്ടിരിക്കുന്നു എന്നു പറയണം. ഒരുകാലത്ത് ഇവിടെ ജനാധിപത്യമേ ഉണ്ടായിരുന്നില്ല. പിന്നീട് ജനാധിപത്യം കടന്നുവന്നപ്പോഴാവട്ടെ, ചില പ്രത്യേക ജാതിക്കാര്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമേ വോട്ടവകാശമുണ്ടായുള്ളു. ‘ജാതിഭേദമില്ലാത്ത സോദരത്വം’ എന്ന ഗുരുചിന്ത പ്രകാശം പരത്തിയതോടെയാണ് കേരളം സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശമെന്ന സങ്കല്‍പത്തെ സ്വീകരിക്കാന്‍ മനസ്സുകൊണ്ട് പ്രാപ്തമായത്.’സംഘടന കൊണ്ട് ശക്തരാകണം’ എന്ന ഗുരുവിന്‍റെ ഉപദേശം പില്‍ക്കാലത്ത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വേരോടിക്കാനുള്ള മണ്ണൊരുക്കം നടത്തുന്നതായിരുന്നു. പ്രധാന ദേവാലയം വിദ്യാലയമാവണമെന്ന ഗുരുവാക്യമാണ് വിദ്യാഭ്യാസത്തിലേക്ക്, അത് അതുവരെ നിഷേധിക്കപ്പെട്ടിരുന്ന വലിയ ഒരു സമൂഹത്തെ അടുപ്പിച്ചത്. വിദ്യാഭ്യാസവല്‍ക്കരണം മുതല്‍ വ്യവസായവല്‍ക്കരണം വരെയുള്ള കാര്യങ്ങളെ പ്രചോദിപ്പിച്ചു ഗുരുവിന്‍റെ സന്ദേശങ്ങള്‍.
ഇങ്ങനെ, മനുഷ്യത്വഹീനമായ ഒരു ജീര്‍ണാവസ്ഥയില്‍ നിന്ന് കേരളത്തെ പുരോഗമനോന്മുഖമായ ഒരു ഉയര്‍ന്ന തലത്തിലേക്കുയര്‍ത്തുന്നതില്‍ ഗുരു വഹിച്ച പങ്ക് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്.അതു മനസ്സിലാക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ആവര്‍ത്തിച്ചുറപ്പിക്കണം. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്നു പറഞ്ഞപ്പോള്‍, ഒരു പ്രത്യേക ജാതി, പ്രത്യേക മതം എന്നല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമൊന്നുമല്ല, മനുഷ്യനും മനുഷ്യത്വത്തിനുമാണു പ്രധാന്യം എന്നാണുദ്ദേശിച്ചത്. അല്ലെങ്കില്‍ ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നു ഗുരു പറയുമായിരുന്നില്ലല്ലൊ. മതമേതായാലും എന്നതിനര്‍ത്ഥം ഒരു മതവുമില്ലെങ്കിലും എന്നു കൂടിയാണല്ലൊ. മതത്തിനല്ല അവിടെ പ്രാധാന്യം ജാതിക്കും മതത്തിനും അതീതമായ മാനവികമായ വീക്ഷണം. അതാണു ഗുരു അര്‍ത്ഥമാക്കിയത്.
ഗുരുസന്ദേശങ്ങളെ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കാണാന്‍ കഴിയണം. അവ വികലമാക്കുന്നതിനെതിരായ ജാഗ്രത സമൂഹത്തിലുണ്ടാവണം.ചാതുര്‍വര്‍ണ്യത്തിന്‍റെ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്നു കിടന്ന അവസ്ഥയില്‍നിന്ന് ഒരു ജനതതിയെ മോചിപ്പിച്ച് മനുഷ്യത്വത്തിലേക്കുയര്‍ത്തുകയാണ് ഗുരു ചെയ്തത്. ഒരു സമുദായത്തില്‍ മാത്രമല്ല, എല്ലാ സമുദായങ്ങളിലും അതിന്‍റെ അലയൊലികളുണ്ടായി. സമുദായ പരിഷ്കരണ ശ്രമങ്ങളുണ്ടായി. അതൊക്കെ പുതിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് ഉപകരിക്കുകയും ചെയ്തു.
ഇങ്ങനെ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നടുനായക സ്ഥാനം വഹിച്ച ശ്രീനാരായണ ഗുരുവിന് സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ത്തന്നെ ഒരു പ്രതിമ സ്മാരകമായി തലസ്ഥാനത്തുണ്ടാവുകയാണ്.
Pinarayi Vijayan