
4.22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷയും 4.52 ലക്ഷം പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും എഴുതുന്നു
തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് തടസ്സപ്പെട്ട എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കാനിരിക്കേ, സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. പരീക്ഷാ കേന്ദ്രങ്ങളില്‍ ഏർപ്പെടുത്തിയ കർശന സുരക്ഷയുടെ ഭാഗമായി പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കും. വിദ്യാര്‍ഥികള്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

പ്രത്യേക സാഹചര്യത്തില്‍ പരീക്ഷ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ പോലീസ് വാഹനത്തില്‍ തന്നെ പരീക്ഷയ്ക്ക് എത്തിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ട്..