
ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ദായകര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ മെന്റലി ഡിഫറന്റ് ചില്‍ഡ്രന്‍ (എച്ച്.എം.ഡി.സി.) മാതൃകാ സ്ഥാപനമായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി അവാര്‍ഡ് പ്രഖ്യാപിച്ചത്.
അസ്ഥി പരിമിതി വിഭാഗത്തില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരായി തിരുവനന്തപുരം കാഞ്ഞിരംകുളം ഗവ. കെ.എന്‍.എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപകനായ ഡോ. ആര്‍. ജയകുമാര്‍, തൃശൂര്‍ ഇരിങ്ങാലക്കുട പഞ്ചായത്ത് വകുപ്പ് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍ പണ്ടു സിന്ധു എന്നിവരെ തെരഞ്ഞെടുത്തു.
കേള്‍വി പരിമിതി നേരിടുന്നവരില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരായി എറണാകുളം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്കായ വി.എസ്. വിഷ്ണു, പാലക്കാട് തോലനൂര്‍ ജി.എച്ച്.എസ്.എസിലെ കെ.എ. അജേഷ്, കാഴ്ച പരിമിതി നേരിടുന്ന വിഭാഗത്തിലെ മികച്ച സര്‍ക്കാര്‍ ജീവനക്കാരായി ഇടുക്കി മുരിക്കാടുകുടി ഗവ. ട്രൈബല്‍ എച്ച്.എസ്.എസിലെ അധ്യാപിക ലിന്‍സി ജോര്‍ജ്, കോഴിക്കോട് ഗവ. ജനറല്‍ ഹോസ്പിറ്റലിലെ നഴ്‌സിംഗ് അസിസ്റ്റന്റ് റോയ് തോമസ്, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ മികച്ച ജീവനക്കാരനായി കാസര്‍ഗോഡ് കുണ്ടംകുഴി കുടുംബശ്രീ വിപണന കേന്ദ്രത്തിലെ സെയില്‍സ്മാന്‍ മണികണ്ഠന്‍, പൊതുമേഖലയില്‍ കേള്‍വി പരിമിതി വിഭാഗത്തില്‍ പത്തനംതിട്ട ടൗണ്‍ ബ്രാഞ്ച് സ്റ്റേറ്റ് ഡെപ്യൂട്ടി മാനേജര്‍ എ.ആര്‍. രാധാകൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.
സ്വകാര്യ മേഖലയില്‍ അസ്ഥി പരിമിതി നേരിടുന്നവരുടെ വിഭാഗത്തില്‍ മലപ്പുറം വെളിമുക്ക് ഷൈന്‍ സ്റ്റോണ്‍സ് മാര്‍ബിള്‍സ് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഷഫീക്ക്, മലപ്പുറം എടകര ന്യൂ ലീഫ് സ്‌പെഷ്യല്‍ സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഹബീബ് റഹ്മാന്‍, സ്വകാര്യ മേഖലയില്‍ കേള്‍വി പരിമിതി വിഭാഗത്തില്‍ പത്തനംതിട്ട ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് പ്രസ് ഗ്രാഫിക് ഡിസൈനര്‍ പി.എ. അരുണ്‍കുമാര്‍, കാക്കനാട് എസ്.എഫ്.ഒ. ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രാഫിക്‌സ് ഡിസൈനര്‍ കെ.എം. അബ്ദുള്‍ ഷുക്കൂര്‍, സ്വകാര്യ മേഖലയില്‍ കാഴ്ച പരിമിതി വിഭാഗത്തില്‍ മലപ്പുറം പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദ ഡിസേബിള്‍ഡ് ഡയറക്ടര്‍ ടി. ഇബ്രാഹീം എന്നിവരെ തെരഞ്ഞെടുത്തു.
മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം അസ്ഥി പരിമിതി വിഭാഗത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണ സാന്ത്വനം ഡേ കെയര്‍, കേള്‍വി, സംസാര പരിമിതി വിഭാഗത്തില്‍ കോഴിക്കോട് കൊയിലാണ്ടി നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ ഡെഫ് സ്‌കൂള്‍, ബുദ്ധി പരിമിതി വിഭാഗത്തില്‍ കാസര്‍ഗോഡ് മൂളിയാര്‍ അക്കര ഫൗണ്ടേഷന്‍ സെന്റര്‍ എന്നിവ അര്‍ഹരായി.