മാതാപിതാക്കളെ അല്ലെങ്കിൽ പ്രായമായവരെ മർദ്ദിക്കുന്നതോ മാനസികമായി പീഡിപ്പിക്കുന്നതോ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല. അങ്ങനെ ചെയ്യുന്നവർ കർശനമായ ശിക്ഷ അർഹിക്കുന്നുമുണ്ട്.

Share News

പീഡിപ്പിക്കപ്പെടുന്ന അമ്മമാർ, ഇന്നവർ നാളെ നാം?

രണ്ടായിരത്തി ഇരുപത്തി മൂന്നിലെ അവസാനത്തെ മാസം നമ്മൾ കണ്ട കാഴ്ച ഒരു വീട്ടിൽ പ്രായമായ ഒരു സ്ത്രീ അവരുടെ മരുമകളാൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതാണ്.

ആരോ വീഡിയോ എടുത്തത് കൊണ്ട് കൃത്യമായ തെളിവായി, സമൂഹത്തിൽ നിശിത വിമർശനമായി, പോലീസ് ഊർജ്ജിതമായി, കുറ്റവാളി ജയിലിനകത്തായി.

നന്നായി.

ഇത് ആദ്യത്തെ സംഭവമല്ല. ഈ വർഷം തന്നെ എത്രയോ വാർത്തകൾ നമ്മൾ കണ്ടു. ഈ കുടുംബത്തിൽ തന്നെ ഏറെ നാളായി ഈ ‘അമ്മ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് വാർത്ത വരുന്നത്. നാട്ടിലെ രീതി അനുസരിച്ച് ഈ ആദ്യത്തെ ജയിൽവാസത്തിനപ്പുറമുള്ള ശിക്ഷ ഒന്നും അവർക്ക് കിട്ടില്ല. രണ്ടു ദിവസം കഴിയുമ്പോൾ ഇതിൽ നിന്നും എല്ലാവരുടെയും ശ്രദ്ധ മാറും. ഇതേ ‘അമ്മ തന്നെ ഇതേ മരുമകളാൽ ഇനിയും മർദ്ദിക്കപ്പെടാനുള്ള സാധ്യത ഞാൻ തള്ളിക്കളയില്ല.

ഇതുപോലെ മർദ്ദിക്കപ്പെടുന്നില്ലെങ്കിലും ശാരീരികമായും മാനസികമായും പ്രായമായവരെ പീഡിപ്പിക്കുന്ന സാഹചര്യം നമ്മുടെ നാട്ടിൽ ഏറെ ഉണ്ട്. ഒരു സമൂഹമെന്ന നിലയിൽ നമ്മെ ഏറ്റവും വിഷമിപ്പിക്കേണ്ട ഒന്നാണ്. സംസ്കൃതമായ സമൂഹത്തിന്റെ ഒരു സൂചിക അവർ കുട്ടികളെ, പ്രായമായവരെ, ഏതെങ്കിലും തരത്തിൽ വെല്ലുവിളി നേരിടുന്നവരെ ഒക്കെ എങ്ങനെ പരിഗണിക്കുന്നു, സംരക്ഷിക്കുന്നു എന്നതാണ്. ഈ വിഷയത്തിൽ നമ്മൾ ഇപ്പോഴും പുറകിലാണ്.

മാതാപിതാക്കളെ അല്ലെങ്കിൽ പ്രായമായവരെ മർദ്ദിക്കുന്നതോ മാനസികമായി പീഡിപ്പിക്കുന്നതോ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല. അങ്ങനെ ചെയ്യുന്നവർ കർശനമായ ശിക്ഷ അർഹിക്കുന്നുമുണ്ട്.

പക്ഷെ ഇതിനെ ഒറ്റപ്പെട്ട സംഭവമായി എടുക്കാതെ അടിസ്ഥാനമായ ചില കാരണങ്ങൾ മനസ്സിലാക്കുകയും അതിനുള്ള പരിഹാരങ്ങൾ ചെയ്യുകയും വേണം.

ഇതിന് പല കാരണങ്ങൾ ഉണ്ട്.

ഏറ്റവും പ്രധാനപ്പെട്ടത് പ്രായമായവർക്ക് വേണ്ടത്ര സാമൂഹിക സുരക്ഷിതത്വം, സാമ്പത്തികം ഉൾപ്പടെ, ഇല്ല എന്നതാണ്.

ഇത്തരത്തിൽ മാതാപിതാക്കളെ പീഡിപ്പിക്കുന്ന വിഷയത്തിൽ സമൂഹത്തിന് ഇടപെടാനുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് അതാണ്

“ഞങ്ങൾ ആണ് അമ്മയെ/അച്ഛനെ നോക്കുന്നത്, വേണമെങ്കിൽ നിങ്ങൾ കൊണ്ടുപോയി നോക്കൂ” എന്ന് ഈ മർദ്ദകർ നാട്ടുകാരോട് ആക്രോശിക്കുന്നത് നമ്മൾ പല വട്ടം കണ്ടിട്ടുണ്ട്. അടുത്ത വീട്ടിൽ ഒരു പ്രശ്നമുണ്ടെങ്കിൽ അവരെ വീട്ടിൽ കൊണ്ടുവന്നു ജീവിതകാലം മുഴുവൻ സംരക്ഷിക്കുക എന്നതൊന്നും പ്രായോഗികമായ കാര്യമല്ലല്ലോ. മിക്കവാറും പഞ്ചായത്തുകൾക്ക് പോലും ഇത്തരത്തിൽ ഒരു സംവിധാനം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽ പെട്ടാൽ എങ്ങനെയെങ്കിലും പറഞ്ഞു തീർക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. ഇതാണ് പ്രശ്നം വഷളാക്കുന്നതും.

വീടുകളിൽ ഏതെങ്കിലും തരത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് ആശ്രയം നൽകാനുള്ള സംവിധാനം നമ്മുടെ ഓരോ ഗ്രാമത്തിലും ഉണ്ടാകണം.

രണ്ടാമത്തെ കാരണം തീർച്ചയായും നമ്മുടെ വീടുകളിൽ മൂന്നു തലമുറകൾ ഒരുമിച്ച് ജീവിക്കുന്നതാണ്. മക്കൾ വളർന്നു വലുതായികഴിഞ്ഞാൽ അവർ വീട്ടിൽ നിന്നും മാറി ജീവിക്കുന്ന സാഹചര്യം ഉണ്ടാകണം. തൊഴിലെടുത്ത് വീട് മാറിക്കഴിഞ്ഞു മതി കുട്ടികളും വിവാഹവും ഒക്കെ.

മുൻപേ പറഞ്ഞിട്ടുള്ളതാണ്, നമ്മുടെ പുതിയ തലമുറക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ പാർട്ട് ടൈം ആയി ജോലി ചെയ്യാനും വീട്ടിൽ നിന്നും മാറി താമസിക്കാനും ഉള്ള സംവിധാനങ്ങൾ നമ്മുടെ സമൂഹത്തിൽ വേണം.

മൂന്നാമത്തേത് വയസ്സായവരെ ശുശ്രൂഷിക്കാനുള്ള ശരിയായ പരിചയവും പരിശീലനവും ഉള്ളവരുടെ അഭാവത്തിൽ ഈ ഉത്തരവാദിത്തങ്ങൾ കുടുംബത്തിലെ സ്ത്രീകളുടെ മേൽ വന്നു ചേരുന്നതാണ്, പ്രത്യേകിച്ചും മരുമക്കളുടെ. പ്രായമാകുന്നവർക്ക് ഉണ്ടാകുന്ന രോഗങ്ങളും രീതികളും കൈകാര്യം ചെയ്യുക എളുപ്പമല്ല. ഭർത്താവിനും കുട്ടികൾക്കും ഒപ്പം കഴിയേണ്ട സമയം ഇത് കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം അപഹരിക്കുന്നു, വീട്ടിൽ നിന്നും പുറത്തോ യാത്രക്കോ പോകാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നു, ഇത് കേരളത്തിലെ സ്ത്രീകൾക്ക് തൊഴിൽ രംഗത്ത് നിന്നും മാറി നിൽക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാക്കുന്നു എന്ന് പഠനങ്ങൾ ഉണ്ട്, ഇതെല്ലാം കൂടി കുടുംബത്തിലെ സ്ട്രെസ് വർധിപ്പിക്കുന്നു, സംഘര്ഷത്തിലേക്കും പീഡനത്തിലേക്കും അത് വളരുന്നു.

പ്രായമായവരുടെ കെയർ എന്നുള്ളത് പ്രൊഫഷണൽ ആയി ചെയ്യേണ്ട കാര്യമാണ്. അതിനുള്ള സംവിധാനങ്ങൾ നമ്മുടെ സമൂഹത്തിൽ വ്യാപകമായി ഉണ്ടാകണം. ഈ വിഷയത്തിൽ പരിശീലനം ഉള്ളവരുടെ എണ്ണം ഇപ്പോഴത്തേതിന്റെയും നൂറു മടങ്ങാക്കണം. ഇങ്ങനെ കെയർ പ്രൊഫഷനിൽ ഉള്ളവർക്ക് ബഹുമാനത്തോടെയും സുരക്ഷയുടെയും തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. ഇതൊന്നും ഇന്ന് കേരളത്തിൽ ഇല്ല.

ഇതിനൊക്കെ അടിസ്ഥാനമായ ഒരു സാമ്പത്തിക വിഷയം കൂടി ഉണ്ട്. കേരളത്തിലെ ഒരു വലിയ ശതമാനം പ്രായമായ ആളുകൾക്ക് വയസ്സുകാലത്ത് ഉണ്ടാകുന്ന ചിലവുകൾ കൈകാര്യം ചെയ്യാനുള്ള വരുമാനം ഇല്ല. മാതാപിതാക്കളുടെ വീടും മറ്റു സ്വത്തുക്കളും ഒക്കെ മക്കൾക്ക് അവകാശപ്പെതാണെന്ന് കുട്ടികളും മാതാപിതാക്കളും കരുതുന്നതിനാൽ അത്യാവശ്യം സ്വത്ത് ഉള്ളവർക്ക് പോലും അത് ഉപയോഗിക്കാൻ സാധിക്കുന്നില്ല. വയസ്സുകാലത്ത് മാതാപിതാക്കളുടെ ആരോഗ്യവിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ചിലവുകൾ, അവർക്ക് വേണ്ടി ഹോം കെയർ ഉണ്ടാകണമെങ്കിൽ അതിനുള്ള ചിലവുകൾ ഒക്കെ മധ്യവർഗ്ഗത്തിൽ ഉള്ളവർക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് തന്നെ പറഞ്ഞോ പറയാതെയോ കുടുംബത്തിൽ സംഘർഷങ്ങൾക്ക് വഴിയുണ്ടാക്കുന്നു.

ഇന്ന് നാം കാണുന്ന സാമ്പത്തികമായി ഉന്നതിയുള്ള കേരളം ഇന്നത്തെ പ്രായമായി വരുന്ന തലമുറയുടെ അധ്വാനത്തിന്റെ ഫലം ആണ്. അതുകൊണ്ട് തന്നെ അവർക്ക് സുരക്ഷിതമായ വയസ്സുകാലം ഉറപ്പാക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം ആണ്. അതേ സമയം തന്നെ സ്വന്തമായി ഉള്ളതും ഉണ്ടാക്കിയതും ആയ സ്വത്തെല്ലാം മക്കൾക്ക് കൊടുക്കണമെന്നും പ്രായമായവരെ സമൂഹം സംരക്ഷിക്കണം എന്നും ചിന്തിക്കുന്നതിലും കാര്യമില്ല. പ്രായമായവർക്കും പ്രായമായി വരുന്നവർക്കും ഒരു “സാമ്പത്തിക സാക്ഷരത” പരിപാടിയുടെ അത്യാവശ്യമുണ്ട്.

ഇന്ന് പ്രായമായ സ്ത്രീയെ മരുമകൾ അടിച്ചു വീഴ്ത്തുന്നത് നാം ജനലിലൂടെ കാണുകയാണ്. നാളെ മുറിക്കകത്ത് നമ്മളാവാനും മതി, അതൊഴിവാക്കണമെങ്കിൽ “നമ്മുടെ സംസ്കാരം” എന്നും “നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം” എന്നും ഒന്നും പറഞ്ഞിരുന്നാൽ പോരാ. നമുക്ക് ഓരോരുത്തർക്കും ഒരു വയസ്സുകാലം ഉണ്ടാകുമെന്നും അന്ന് ആരോഗ്യം ക്ഷയിക്കുമെന്നും ചിലവുകൾ കൂടുമെന്നും മറ്റാരെയോ ഒക്കെ ആശ്രയിക്കേണ്ടി വരും എന്നുമൊക്കെ ഇന്നേ കാണണം. അതിനുള്ള സംവിധാനങ്ങൾ വ്യക്തിപരമായും സമൂഹമായി ഉണ്ടാക്കണം.

രണ്ടായിരത്തി ഇരുപത്തി ആറിലെ തിരഞ്ഞെടുപ്പിൽ എങ്കിലും പ്രായമായവരുടെ സുരക്ഷ ഒരു തിരഞ്ഞെടുപ്പ് വിഷയം ആകണം.

ഈ പ്രശ്നത്തെ ഒരു സാമൂഹിക വിഷയമായി എടുത്ത് പൊതുവായതും നിയമപരമായി കൈകാര്യം ചെയ്യാൻ പാകത്തിലുള്ളതുമായ ഒരു സംവിധാനം സംസ്ഥാന തലത്തിൽ ഉണ്ടാകണം

എന്റെ റിട്ടയർമെന്റ് സ്വപ്നങ്ങളിൽ ഒന്നാണ് വൃദ്ധജനങ്ങളെ അവർ താമസിക്കുന്ന ഇടങ്ങളിൽത്തന്നെ നിലനിർത്തിക്കൊണ്ട് വേണ്ട സപ്പോർട്ടുകൾ കൊടുക്കുന്ന ഒരു കൂട്ടായ്മ ഉണ്ടാക്കുകയും അതിൽ മുഴുവൻ സമയപ്രവർത്തകനായി മാറുകയും ചെയ്യുക എന്നുള്ളത്. ഇടയ്ക്കിടെ അന്വേഷിച്ചു ചെല്ലാൻ ആളുണ്ടെങ്കിൽ അവർക്ക് കുറേക്കൂടി പരിഗണന കിട്ടുമല്ലോ. ..കൂടാതെ അവർക്ക് വേണ്ട സപ്പോർട്ടുകൾ കൊടുക്കാൻ കഴിഞ്ഞാൽ വീട്ടുകാർക്കും അതൊരു ആശ്വാസമായിരിക്കും. .. അവരുടെ വീടുകളിൽത്തന്നെ നിലനിർത്തുമ്പോൾ നമുക്ക് താമസഭക്ഷണസൗകര്യങ്ങൾ ഒരുക്കേണ്ട സാമ്പത്തീക ബാധ്യതകളും വരുന്നില്ല.Sunil Perumbavoor

വയോധികരുടെ സുരക്ഷ നിയമപരമായി ഉണ്ടാകണം. പ്രായം ആയ ധാരാളം പേർ ഇപ്പോഴും കഷ്ടപ്പെട്ട് പണികൾ ചെയ്ത് ജീവിക്കുന്നു.Lawrence Varghese

കൂട്ട് കുടുംബ വ്യവസ്ഥ ഇല്ലാതായത് പ്രിയമുള്ളവരേ സംരക്ഷിക്കാൻ വീടുകളിൽ തന്നെ ആളുകൾ ഇല്ലാതായി.ജോലി ചെയ്യാൻ പോകുന്ന വീട്ടിലുള്ള മക്കൾ അതൊക്കെ ഉപേക്ഷിച്ച് വീട്ടിൽ വന്നു നിൽക്കുക എന്നതും ഒരു പ്രശ്നം.അന്യ സംസ്ഥാനത്ത് , വിദേശത്ത് പഠിക്കുന്ന മക്കളുമൊത്തു ഒരുമിച്ച് നിൽക്കുന്നവർക്ക് നാട്ടിൽ വന്ന് നിൽക്കാനുള്ള പ്രശ്നങ്ങൾ ഒക്കെ ഓരോ പഞ്ചായത്തിലും വൃദ്ധസദനങ്ങൾ ഉണ്ടാക്കേണ്ടത്തിൻ്റെ ആവശ്യകത വർദ്ധിച്ചു വരുന്നില്ലേ?-Bhaskaran OK

സാമ്പത്തികമായ പ്രശ്നങ്ങൾക്ക്, സംരക്ഷണത്തിന് എല്ലാം പരിഹാരം ഉണ്ടാക്കാൻ സർക്കാരിനും അതോടൊപ്പം സാമൂഹ്യ ഇടപെടലുകളിലൂടെയും കഴിഞ്ഞേക്കും. നിസ്സാരമായ കാര്യങ്ങളായിരിക്കും അകൽച്ചക്കു കാരണം. അത് മാനസികമായ ചേർച്ച ഇല്ലായ്മയാണ്. ഭക്ഷണത്തിൻ്റെ രുചി പോലും അകൽച്ചക്ക് കാരണമാകാറുണ്ട്. ‘ എനിക്ക് ഇങ്ങനയേ ഉണ്ടാക്കാൻ അറിയൂ എന്നാകും മരുമകളുടെ നിലപാട് ‘ ഇതിനൊക്കെ എങ്ങനെ പരിഹാരം കാണും?-Somanathan Bhaskaran

Share News