![](https://nammudenaadu.com/wp-content/uploads/2020/12/AnyConv.com__5682e681-83bd-40e1-b2c3-8d9863b48ca9.jpg)
അവിശ്വസ്തതയുടെകഥകൾ
“എങ്ങനെയാണച്ചാ ഈ മനുഷ്യൻ്റെ കൂടെ ഇനിയും ജീവിക്കുക”
ഇങ്ങനെ പറഞ്ഞുകൊണ്ടാണ്
ആ സ്ത്രീ
തൻ്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ള
പരാതികൾ നിരത്തിയത്.
”എം.ടെക് വിദ്യാഭ്യാസവും വിദേശ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലിയും ഉണ്ടെന്നായിരുന്നു വിവാഹ സമയത്ത്
അയാൾ പറഞ്ഞത്. വിവാഹശേഷം അങ്ങോട്ട് കൊണ്ടുപോകാമെന്നും വാഗ്ദാനം നൽകിയിരുന്നു.
പറഞ്ഞതെല്ലാം പൊളിയാണെന്ന് പിന്നീടാണ് മനസിലാത്. ഇപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞുണ്ട്. വിവാഹം കഴിഞ്ഞ് അഞ്ചുവർഷമേ ആയിട്ടുള്ളൂ. ഇതിനോടകം പല കാരണങ്ങൾ പറഞ്ഞ് താലിമാലയൊഴികെയുള്ള സ്വർണ്ണം മുഴുവൻ പണയപ്പെടുത്തി.
അദ്ദേഹം വിദേശത്തേക്ക് കൊണ്ടു പോകുമെന്ന് പറഞ്ഞിരുന്നതിനാൽ, വിവാഹത്തിനു മുമ്പേ ഉണ്ടായിരുന്ന
നഴ്സിങ്ങ് ജോലി രാജിവെച്ചു.
ഇപ്പോൾ എത്ര ലക്ഷം രൂപ കടമുണ്ടെന്ന് ദൈവത്തിന് മാത്രമേ അറിയുള്ളൂ. നടുക്കടലിൽ അകപ്പെട്ട നീന്തലറിയാത്ത കുട്ടിയെപ്പോലായി ഞാൻ. എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.”
ഒരു നെടുവീർപ്പോടെ അവൾ തുടർന്നു:
“ഇതിപ്പോൾ പ്രശ്നം അതൊന്നുമല്ല. വിദേശത്തുണ്ടായിരുന്ന ജോലി നഷ്ടമായി. നാട്ടിൽ വന്ന് മദ്യപാനവും തുടങ്ങി. ഈയടുത്താണ് അദ്ദേഹത്തിന് മറ്റൊരു സത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞത്.”
അവളുടെ കണ്ണീരിനു മുമ്പിൽ
ഒരു നിമിഷം എന്തു പറയണമെന്നറിയാതെ ഞാൻ നിശ്ചലനായി.
“സാധിക്കുമെങ്കിൽ ഭർത്താവിനെക്കൂട്ടി ഏറ്റവും അടുത്ത ദിവസം വരൂ.
ദൈവം എന്തായാലും ഇടപെടും”
എന്നു പറഞ്ഞ് ഞാനവളെ
സമാശ്വസിപ്പിച്ച് പറഞ്ഞയച്ചു.
എത്രയെത്ര കഥകളാണ് അവിശ്വസ്തതയെക്കുറിച്ച്
നമ്മൾ കേൾക്കുന്നത്.
സ്വന്തം കാര്യസാധ്യത്തിനു വേണ്ടി
ആരെ വേണമെങ്കിലും കബളിപ്പിക്കാൻ
ഇന്ന് പലർക്കും ഒട്ടും മടിയില്ല.
സ്വന്തം മനസാക്ഷി പണയം വെച്ചുകൊണ്ട് ജീവിക്കുന്ന ചില വ്യക്തികൾ മുഖേന
എത്രയോ കുടുംബങ്ങളാണ് തകർന്നിരിക്കുന്നത്.
ഇവിടെയാണ് ക്രിസ്തുവിൻ്റെ ഓർമപ്പെടുത്തലിന് മൂർച്ചയേറുന്നത്:
“ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍
വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും.
ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍
വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും”
(ലൂക്കാ 16 : 10).
ഒരു വ്യക്തി ഏത് തരം ജീവിതാന്തസ് തിരഞ്ഞെടുക്കണം എന്നതിൻ്റെ ഏറ്റവും വലിയ മാനദണ്ഡം അയാളുടെ വിശ്വസ്തതയായിരിക്കണം.
“നിങ്ങൾ, വിജയിച്ചു എന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്നത്, നിങ്ങൾ എത്രമാത്രം വിശ്വസ്തരായിരുന്നു എന്നതിലാണ്.”
വി.മദർ തെരേസയുടെ ഈ വാക്കുകൾ നമുക്ക് കരുത്ത് പകരട്ടെ.
![](https://nammudenaadu.com/wp-content/uploads/2020/10/Fr.-Jenson-La-Salette-1018x1024.jpg)
ഫാദർ ജെൻസൺ ലാസലെറ്റ്
ഡിസംബർ 16-2020.