ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്.

Share News

സ്പെഷ്യൽ കാരക്ടർസ്, നമ്പറുകൾ കൂടെ ഉൾപ്പെടുത്തുമ്പോൾ പാസ്സ്‌വേർഡ് കൂടുതൽ സ്ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്‌വേർഡുകളാണ് നമ്മുടെ ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്സ്‌വേർഡുകൾക്ക് സുപ്രധാനമായ പങ്കുവഹിക്കുന്നു.

ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്. പലപ്പോഴും നമ്മൾ പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. 123456 987654 , PASSWORD, 111111 തുടങ്ങിയ ദുർബ്ബലമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവരുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക. എളുപ്പം ഓർത്തെടുക്കുവാൻ സാധാരണ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നത് ഹാക്കർമാർക്കു മോഷണം എളുപ്പമാക്കും. പലപ്പോഴും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും സ്ട്രോങ്ങ് പാസ്‌വേഡുകള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്.

പല മേഖലകളിലും നിരവധി ലോഗ് ഇൻ ശ്രമങ്ങൾ നടത്തേണ്ടതിനാൽ പാസ്സ്‌വേർഡ് ഓർമിച്ചിരിക്കുക എന്നുള്ളത് ഏവരും നേരിടുന്ന പ്രശ്നമാണ്. അവസാനം ഫോർഗോട്ട് പാസ്‌വേർഡും OTP യുമെല്ലാം അഭയം തേടേണ്ടി വരും.

ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്‌വേഡിന് ചുരുങ്ങിയത് 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്. പക്ഷെ 14 ക്യാരക്റ്ററുകള്‍ വരെയുള്ള പാസ്‌വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. വെബ്സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള്‍ വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല എന്നതാണ് കാരണം.

പാസ്‌വേഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്‌വേഡുകള്‍ നിര്‍മ്മിക്കുക . കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം. ഒരു ഓർഡറിൽ കൊടുക്കാതിരിക്കുന്നത് നല്ലത്. (abcde, 12345 എന്നിങ്ങനെ നൽകരുത്)പാസ്‌വേഡില്‍ അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ലൊരു ഓപ്ഷൻ ആണ്. ഉദാഹരണത്തിന് ‘S’ എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ ($) അടയാളം നല്‍കാം.ഒരു കാരണവശാലും, വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര്, വാഹനങ്ങളുടെ നമ്പർ തുടങ്ങിയവ ഒരിക്കലും പാസ്‌വേഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്‌വേഡായി ഉപയോഗിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ.

നിങ്ങളുടെ വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ നല്‍കരുത്. ജി മെയില്‍ അക്കൗണ്ട്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം വേറെ വേറെ പാസ്‌വേഡ് നൽകുന്നതാണ് നല്ലത്.ഫോൺ വഴിയുള്ള ലോഗിൻ സമ്മതിക്കൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക. ഇന്ന് ജിമെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ടപാസ്‌വേഡ് സംവിധാനം (Two Factor Authentication) ഏർപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും. ഈ കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. ഇതും പാസ്‌വേഡ് സുരക്ഷ കൂട്ടും. കഴിവതും “two factor authentication” പോലുള്ള സംവിധാനം ഉപയോഗിക്കുക.

Kerala Police

Share News