ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭയുടെ നിർമിക്കുന്ന സെന്റ് അൽഫോൻസ കത്തീഡ്രൽ . -ഫ്രാൻസിസ് പാപ്പ ആശീർവദിച്ച് കൈമാറിയ അടിസ്ഥാന ശിലയ്‌ക്കൊപ്പം ഇടവകാംഗങ്ങൾ പ്രാർത്ഥനാപൂർവം സമ്മാനിച്ച ചെറുകല്ലുകളും നിക്ഷേപിച്ചു

Share News

മെൽബൺ: ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭ നിർമിക്കുന്ന സെന്റ് അൽഫോൻസ കത്തീഡ്രലിന്റെ ശിലാസ്ഥാപനകർമം അവിസ്മരണീയമായി. ഫ്രാൻസിസ് പാപ്പ ആശീർവദിച്ച് കൈമാറിയ അടിസ്ഥാന ശിലയ്‌ക്കൊപ്പം ഇടവകാംഗങ്ങൾ പ്രാർത്ഥനാപൂർവം സമ്മാനിച്ച ചെറുകല്ലുകളും നിക്ഷേപിച്ചതാണ് സവിശേഷമായത്. മെൽബൺ സെന്റ് തോമസ് ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ കാർമികത്വത്തിലായിരുന്നു ശിലാസ്ഥാപന കർമം.

വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കത്തീഡ്രൽ നിർമാണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കൊപ്പം നിരവധി വൈദികരും സന്നിഹിതരായിരുന്നു. ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം വിക്ടോറിയൻ പാർലമെന്റ് അംഗവും ഗവൺമെന്റ് വിപ്പുമായ ബ്രോൺവിൻ ഹാഫ്‌പെന്നി എം. പി നിർവഹിച്ചു.

എപ്പിങ്ങിൽ ഹ്യൂം ഫ്രീവേക്ക് സമീപം രണ്ടേ മുക്കാൽ ഏക്കർ സ്ഥലത്താണ് ദൈവാലയവും പാരീഷ് ഹാളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. സ്വന്തം ദൈവാലയം എന്ന ആഗ്രഹം അധികം താമസിയാതെ പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ് കത്തീഡ്രൽ ഇടവകാംഗങ്ങൾ.

ഇടവക ഭവനങ്ങളിൽ വിതരണം ചെയ്യാൻ സുവനീറിന്റെ കോപ്പികൾ പാരീഷ് കൗൺസിലേഴ്‌സിന് കൈമാറി. സുവനീറിന്റെ ഓൺലൈൻ പതിപ്പ് കത്തീഡ്രലിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുമുണ്ട്. കത്തീഡ്രലിന്റെ നിർമാണം വേഗം പൂർത്തിയാക്കാൻ ഇടവകസമൂഹത്തിന്റെ പ്രാർത്ഥനയും സഹായസഹകരണങ്ങളും വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവർ അഭ്യർത്ഥിച്ചു.

2013 ഡിസംബർ 23നാണ് ഫ്രാൻസിസ് പാപ്പ മെൽബൺ സീറോ മലബാർ രൂപത സ്ഥാപിച്ചത്. അമേരിക്കയിലെ ചിക്കാഗോ രൂപതയ്ക്കുശേഷം ഭാരതത്തിന് വെളിയിൽ സ്ഥാപിതമായ സീറോ മലബാർ രൂപതയാണ് മെൽബൺ സെന്റ് തോമസ് രൂപത.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു