വിരുദ്ധ ചേരിയില്‍ ഉള്ളവരെ പോലും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള നായനാരുടെ സിദ്ധി രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും കൈമുതലായുള്ളതല്ല
നായനാർ ഫലിതങ്ങൾ
ഏതു സന്ദർഭത്തിലും നിഷ്കളങ്കമായ ഫലിതം പറഞ്ഞു ചിരിപ്പിക്കാനുള്ള കഴിവായിരുന്നു നായനാരെ സാധാരണക്കാരുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയാക്കിയത്. ദേഷ്യം വന്നു വരിഞ്ഞു മുറുകിയ മുഖവുമായി അദ്ദേഹത്തെ അധികം ആരും കണ്ടിട്ടില്ല. അതാണ് ഇപ്പോഴത്തെ ചില മുഖ്യന്മാരിൽ നിന്ന് അദ്ദേഹത്തെ വേറിട്ട് നിറുത്തുന്ന ഘടകവും. എപ്പോൾ എവിടെ വെച്ച് എന്തു തമാശയാണ് പൊട്ടിക്കുക എന്ന് ആർക്കും പ്രവചിക്കാനാവില്ല.ആ തമാശയിൽ ആർക്കും പരിഭവം ഒട്ടില്ലതാനും. അദ്ദേഹത്തിന്റെ ചില ഫലിതങ്ങൾ ഇങ്ങനെ :
സമയം കിട്ടുമ്പോഴെല്ലാം നായനാർ ടിവിയിൽ ഹാസ്യ പരിപാടികൾ കാണും . ഇടയ്ക്കു ഒരു സോപ്പിന്റെ പരസ്യത്തിൽ മോഡലുകൾ കുളക്കരയിലെത്തുന്ന രംഗം കണ്ടു . അപ്പോൾ നായനാരുടെ കമന്റ് :” ഓള് വെള്ളത്തിൽ ചാടാൻ പോവുകയാ. ” എന്നിട്ടു തിരിഞ്ഞു അടുത്തിരുന്ന ഭാര്യ ശാരദ ടീച്ചറോടു ചോദിച്ചു: ”ഓൾക്കു വെള്ളത്തിൽ ചാടിയാൽ വല്ലതും കിട്ടുമോ?” 1000 രൂപയെങ്കിലും കിട്ടുമെന്നു ടീച്ചറുടെ മറുപടി. ”എന്നാൽ നിനക്കും പോയി ചാടിക്കൂടേ, ഇവിടെ വെറുതെയിരിക്കുകയല്ലേ ” എന്ന തമാശയിൽ ടീച്ചറും തലതല്ലി ചിരിച്ചു.
വി. ശിവൻകുട്ടി തിരുവനന്തപുരം നഗരസഭാ മേയറായിരിക്കെ കൊതുകുശല്യത്തിൽ നിന്ന് നഗരവാസികളെ രക്ഷിക്കാൻ ഒരു പദ്ധതി ആസൂത്രണം ചെയ്തു. ”ഗുഡ്ബൈ മൊസ്കിറ്റോ” എന്ന പേരിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇ.കെ. നായനാരാണ് നിർവഹിചത് . ഉദ്ഘാടനപ്രസംഗത്തിനിടെ നായനാർ ശിവൻ കുട്ടിയോട് ചോദിച്ചു ” കൊതുകിന് ഇംഗ്ലീഷ് ഒക്കെ മനസ്സിലാവോടോ? ഗുഡ്ബൈ മോസ്കിറ്റോ എന്നു പറഞ്ഞാൽ കൊതുക് പോകുമോടോ? ” ഇതുകേട്ട് ജനം ആർത്തു ചിരിച്ചു
.ഒരിക്കൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാൻ ഗവർണർക്കു മുൻപിൽ നായനാർ നിൽക്കുകയാണ് . സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതിനു മുൻപു ഗവർണർ നായനാരോട് പറഞ്ഞു : ഐ റീഡ്, യു വിൽ റിപ്പീറ്റ് (ഞാൻ വായിക്കും, നിങ്ങൾ ഏറ്റുപറയണം). നായനാർ ഉടൻ ഗാംഭീര്യത്തോടെ പറഞ്ഞു : ഐ റീഡ്, യു വിൽ റിപ്പീറ്റ്.
ഒരാഴ്‌ചത്തെ അമേരിക്കൻ പര്യടനം കഴിഞ്ഞു തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ നായനാരോടു പത്രലേഖകർ ചോദിച്ചു: ”അമേരിക്കൻ കമ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തകരെ കണ്ടോ? ”മറുപടി ഉടൻ വന്നു: ”അമേരിക്കയിൽ കമ്യൂണിസ്‌റ്റുകാരോ? ഞാനാരെയും കണ്ടില്ല. അവിടെന്തു രാഷ്‌ട്രീയം. അവിടൊക്കെ ആൾക്കാർക്കു വലിയ തിരക്കാടോ . നമ്മളെപ്പോലെ രാഷ്‌ട്രീയത്തിനൊന്നും സമയമില്ല
”ഒരിക്കൽ കേരളത്തിലെ ബലാൽസംഗക്കേസുകളെക്കുറിച്ചു സംസാരിക്കുന്നതിനിടെ നായനാർ പറഞ്ഞു: അമേരിക്കയിൽ ചായ കുടിക്കും പോലെയല്ലേ ബലാൽസംഗങ്ങൾ നടക്കുന്നത്?
രാഷ്ട്രീയ എതിരാളികൾ പോലും നായനാരുടെ തമാശകൾ നന്നായി ആസ്വദിച്ചിരുന്നു . ഒരിക്കൽ കെ. കരുണാകരന്റെ മകൾ പത്മജയ്ക്ക് അസുഖമാണെന്നു കേട്ട് അന്വേഷിക്കാൻ ചെന്നതാണ് നായനാർ . അസുഖക്കാരിയെ കണ്ടപാടെ, നായനാർ വിട്ട ഡയലോഗ് ഇങ്ങനെ . “നിനക്ക് അസുഖമാണെന്ന് ആരാ പറഞ്ഞത്? കരുണാകരനാണോ? എങ്കിൽ, അത് കളവായിരിക്കും, അയാൾ സത്യം പറയാറില്ലല്ലോ ”.മുൻ ലോക്‌സഭാ സ്‌പീക്കർ പി.എ.സാങ്‌മയെ നായനാർ വിളിച്ചത് ‘പി എ തങ്കമ്മ’യെന്നാണ്. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനെ ‘നരസിംഹ’മെന്നും .. ആ നിഷ്കളങ്കതയിൽ ആർക്കും പരിഭവം ഉണ്ടായില്ല .രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ ഉള്ളവരെ പോലും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള നായനാരുടെ സിദ്ധി രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും കൈമുതലായുള്ളതല്ല