ടേക്ക് ഓഫുകൾ മിക്കപ്പോഴും കണ്ണീരുപ്പ് കലർന്ന നെഞ്ചുലയ്ക്കുന്ന അനുഭവമാണ്. ടേക്ക് ഓഫ് ആവുമ്പോൾ വല്ലാത്തൊരു പേടി മനസ്സിനെ പൊതിയും

Share News

പ്രവാസം ജീവിതത്തിന്റെ ഭാഗം ആയതിനാൽ എന്നെ സംബന്ധിച്ച് ടേക്ക് ഓഫുകൾ മിക്കപ്പോഴും കണ്ണീരുപ്പ് കലർന്ന നെഞ്ചുലയ്ക്കുന്ന അനുഭവമാണ്. ടേക്ക് ഓഫ് ആവുമ്പോൾ വല്ലാത്തൊരു പേടി മനസ്സിനെ പൊതിയും. പ്രഭീഷും ആമിയും കൂടെയുള്ളപ്പോഴും ആമിയ്ക്ക് ഒപ്പം മാത്രമായി യാത്ര ചെയ്യുമ്പോഴും ഒക്കെ ഈ പേടി വല്ലാണ്ട് കൂടും. ആമിയെ ഇറുക്കി പിടിച്ച് കണ്ണടച്ച് പ്രാർത്ഥിക്കും. പിന്നീട് വിമാനത്തിലെ ലൈറ്റിങ് ഒക്കെ തിരികെ വരുമ്പോഴാണ് മനസ്സിലാവുക എന്റെ ഹൃദയത്തിന്റെ താളം അത്‌ വരേയ്ക്കും പെരുമ്പറ കൊട്ടുകയായിരുന്നു എന്ന്.

പറന്ന് പൊങ്ങാൻ റൺവയിലൂടെ വിമാന ചക്രങ്ങൾ ഓടുമ്പോൾ കുറച്ച് ദൂരെയുള്ള എയർപോർട്ടിൽ നമ്മുടെ ജീവന്റെ ഭാഗമായവർ കണ്ണീരോടെ യാത്രാമംഗളങ്ങൾ നേർന്നു നിൽപ്പുണ്ട് എന്ന വേദന ഒരു വശത്ത്. അതിനൊപ്പം ആകാശച്ചെരുവിൽ പറക്കാൻ തുടങ്ങുന്ന കൂറ്റൻ യന്ത്രപ്പക്ഷിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ എന്താകും എന്ന ആധി മറുവശത്ത്. എന്നാൽ ലാൻഡിംഗ് എന്നത് എനിക്ക് എപ്പോഴും ഒരു comfort സോൺ ആണ്.

ഇന്നിപ്പോൾ അഹമ്മദാബാദിലെ വൻ ദുരന്തം കാണുമ്പോൾ ഞാൻ ഓർത്തത് അതിനുള്ളിൽ ഉണ്ടായിരുന്ന ആ യാത്രക്കാരുടെയും യാത്രയാക്കാൻ വന്ന ആളുകളുടെയും ദുർവ്വിധിയാണ്. ഒരുപക്ഷേ എന്നെ പോലെ ടേക്ക് ഓഫിനെ ഭയമുള്ള യാത്രക്കാർ ഉണ്ടായിരുന്നിരിക്കും. കണ്ണിറുക്കി അടച്ച് അവരപ്പോൾ പ്രാർത്ഥിച്ചിരുന്നു കാണും. അല്ലെങ്കിൽ അടുത്തിരുന്ന പ്രിയപ്പെട്ടവനെയോ കുഞ്ഞിനെയോ ഇറുക്കെ പിടിച്ച് പെട്ടെന്ന് ആകാശപാതയിൽ ഏറി പറക്കട്ടെ എന്ന് ആഗ്രഹിച്ചിരിക്കും. പക്ഷേ 😭ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു. എന്നാൽ അവരെ യാത്രയാക്കാൻ വന്നവർക്കും കാത്തിരിക്കുന്നവർക്കുമോ ഇനിയുള്ള കാലം നോവിന്റെ കനലാഴി.

അഹമ്മദാബാദ് സത്യത്തിൽ കരയിക്കുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എത്രപേരുടെ സ്വപ്നങ്ങളാണ് ചിറകറ്റ് വീണത്. എത്ര പേരുടെ പ്രതീക്ഷകളാണ് കരിഞ്ഞു പോയത്. കാണുന്ന ദൃശ്യങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്നു. ആ മെഡിക്കൽ ഹോസ്റ്റൽ, മെഡിക്കൽ സ്റ്റുഡന്റ്സ്, മറ്റ് ആളുകൾ അവരൊക്കെ വിദൂര സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല തങ്ങളെ കാത്തിരിക്കുന്നത് ഇങ്ങനെ ഒന്നാണ് എന്ന്. യന്ത്രപ്പക്ഷികളുടെ ചിറകടി ഒച്ച ജീവിതത്തിന്റെ ഭാഗമായ ആ പ്രദേശത്തെ മനുഷ്യർ അവരുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ. ഇങ്ങ് ദൂരെയുള്ള നമുക്ക് പോലും കാണുമ്പോൾ പൊള്ളുന്ന ആ കാഴ്ച്ച അത്‌ നേരിട്ട് കണ്ടവരുടെ ആ ട്രോമ അതിനി എത്രനാൾ കഴിഞ്ഞാലാണ് മാറുക??

സത്യത്തിൽ മനുഷ്യജീവിതം എന്ന് പറയുന്നത് എത്ര ക്ഷണികമാണ് അല്ലേ?? ഈ ഒരു നിമിഷത്തിന്റെ, ഒരേ ഒരു നിമിഷത്തിന്റെ അവകാശികൾ മാത്രമാണ് നമ്മൾ. ഒന്ന് കണ്ണടച്ച് തുറക്കുന്നത് വരെയുള്ള ഒരു മാത്ര അതിന്റെ ഉടമകൾ. എന്നിട്ടും നാം പട വെട്ടുന്നു, ആരോടൊക്കെയോ, എന്തിനൊക്കെയോ 😭

Anju Parvathy Prabheesh

May God grant eternal rest to all who lost their lives in the Air India Boeing 787 Dreamliner plane crash with 242 on board en route to London, near Ahmedabad airport. The plane crashed directly on the BJ Medical College UG hostel mess in Meghani Nagar killing many MBBS students, it seems. This is one of the most heartbreaking tragedies.

As families of the victims deal with the insurmountable grief and loss of their loved ones, may God comfort them in ways only He can.

Deepest condolences and prayers for the families who lost their loved ones.

Share News