“ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്‍റെ വികസന യജ്ഞത്തിൽ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണ്.”|മുഖ്യമന്ത്രി

Share News

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായാണ് നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്തത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ മൂല്യങ്ങള്‍ സ്വാംശീകരിച്ച് മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും സാമ്പത്തിക സമത്വവും വിഭാവന ചെയ്തുകൊണ്ടാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിലനിന്ന സാമ്പത്തിക അസമത്വവും സാമൂഹ്യ ഉച്ചനീചത്വവും ഭരണഘടനാ മൂല്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സമായി. ജനകീയ സമരങ്ങളും നിയമപോരാട്ടങ്ങളും അവകാശസംരക്ഷണത്തിനായി നടന്നു.

പൗരാവകാശ സംരക്ഷണത്തിനായി സ്വതന്ത്ര ഇന്ത്യയിൽ നടത്തിയ വിഖ്യാതമായ നിയമ പോരാട്ടമാണ് എ.കെ. ഗോപാലന്‍ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ്. സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ.കെ.ജി നടത്തിയ നിയമപോരാട്ടം അന്ന് വിജയം കണ്ടില്ലെങ്കിലും ആ കേസിലെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് ദശാബ്ദങ്ങള്‍ക്കുശേഷം സുപ്രീംകോടതി ആധാര്‍ കേസിന്‍റെ വിധിയിലൂടെ അംഗീകരിക്കുകയുണ്ടായി.

ഭൂപരിഷ്കരണത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ളതും തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെയുള്ളതുമായ വിവിധ പോരാട്ടങ്ങള്‍ രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിനുശേഷം തുടരുകയാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കായി നൽകിയ ഭരണഘടന അവര്‍ തന്നെ സംരക്ഷിക്കേണ്ട പോരാട്ടങ്ങളിലാണ് ജനങ്ങളും അവര്‍ക്ക് നേതൃത്വം നൽകുന്ന ബഹുജനപ്രസ്ഥാനങ്ങളും ഏര്‍പ്പെട്ടിട്ടുള്ളത്. ഇന്ന് നമ്മുടെ രാജ്യത്ത് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണ്. പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കങ്ങളും ഉണ്ടാവുന്നു. സമ്പദ്ഘടനയുടെ കൂറ്റന്‍ തൂണുകളാകണമെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കപ്പെടുന്നു. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു. ഭരണഘടനയുടെമതനിരപേക്ഷ തത്വങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അട്ടിമറിക്കപ്പെടുന്നു. തത്വങ്ങള്‍ക്ക് കടകവിരുദ്ധമായ നയപരിപാടികള്‍ പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കുന്നു. ഇവയെല്ലാം നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിര്‍ക്കപ്പെടുന്നുണ്ട്. ഈ എതിര്‍പ്പ് ഭരണഘടനാ സംരക്ഷണത്തിന്‍റെ ശബ്ദമാണ്. നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പന്‍ ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സിൽ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയയാണ് നടക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തര്‍ക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറൽ സങ്കൽപ്പം സാർഥകമാകാൻ കടമ്പകൾ സൃഷ്ടിക്കപ്പെടുന്നു എന്നതും ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളിയാണ്.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്‍റെ വികസന യജ്ഞത്തിൽ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉയര്‍ന്ന ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളിൽ ഒന്നാണ്. നമ്മുടെ ഭരണഘടന, അത് അംഗീകരിക്കപ്പെട്ടതിന്‍റെ 73-ാം വാര്‍ഷികത്തിലും നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല. അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനും ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും നാം പ്രതിജ്ഞ പുതുക്കേണ്ട സന്ദര്‍ഭം കൂടിയാണ് ഈ ദിനം.

മുഖ്യമന്ത്രി പിണറായി വിജയൻ

Share News