കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്.

Share News

കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്. പനയം, മണ്‍റോതുരുത്ത് നിവാസികള്‍ നിലവില്‍ അഷ്ടമുടിക്കായലിലൂടെ കടത്തിന്റെ സഹായത്താലാണ് ഇരു പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നത്. ഈ യാത്രാക്ലേശത്തിന് അറുതിവരുത്താനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പാലം വിഭാവനം ചെയ്തത്. എന്നാല്‍, പിന്നീട് വന്ന സര്‍ക്കാര്‍ ഇതു യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു ഇടപെടലും നടത്തിയില്ല.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പെരുമണ്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കിയത്. കിഫ്ബിയില്‍ നിന്നും 42 കോടി രൂപ ചെലവഴിച്ചാണ് അഷ്ടമുടിക്കായലിനു കുറുകെ 396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മിക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ ഡിസൈനില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാവും പാലം നിര്‍മിക്കുക. കൂടാതെ പാലത്തിന്‍റെ ഇരുകരകളിലുമായി 900 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കുന്നുണ്ട്.

പെരുമണ്‍, മണ്‍റോത്തുരുത്ത് പ്രദേശങ്ങളുടെയും അഷ്ടമുടിക്കായലിന്റെയും സൗന്ദര്യത്തിനു ചേരുന്ന നിലയിലാണ് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം ഈ പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഈ പാലത്തിന്റെ പൂര്‍ത്തീകരണത്തോടെ കൊല്ലത്ത് നിന്നും മണ്‍റോതുരുത്തിലേക്കുളള ദൂരം 10 കിലോമീറ്ററോളം കുറയും. സമയബന്ധിതമായി തന്നെ പെരുമണ്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതായിരിക്കും.

Pinarayi Vijayan

Chief Minister of Kerala

Share News