
രാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു|ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബിപിൻ റാവത്തിന്റെ ആകസ്മികമായ വിയോഗത്തിൽ താൻ ഞെട്ടലും വേദനയും അനുഭവിക്കുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
രാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബനെ അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഓരോരുത്തർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്.
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനറൽ ബിപിൻ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാർഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവന നൽകിയെന്നും മോദി ട്വീറ്റ് ചെയ്തു.

തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് എന്ന നിലയിൽ, പ്രതിരോധ പരിഷ്കരണങ്ങൾ ഉൾപ്പെടെ നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളിൽ ജനറൽ റാവത്ത് പ്രവർത്തിച്ചു. റാവത്തിന്റെ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

