
പുതുമയും നന്മയും ചൈതന്യവും നിറഞ്ഞ നാളുകളാവട്ടെ നമ്മെ കാത്തിരിക്കുന്നത്.
25 നോമ്പ്- ദൈവം നമ്മോടു കൂടെ
കുറവുകളെ മനസ്സിലാക്കി, ബലഹീനതകളെ അംഗീകരിച്ചുകൊണ്ട് നമ്മെ ഹൃദയത്തോട് ചേർക്കുന്ന ഒരു ദൈവം നമുക്കുണ്ടെന്നും ആ ദൈവത്തിന്റെ ഹൃത്തിൽ പാപികളായ നമുക്കും ഒരു സ്ഥാനമുണ്ടെന്നും നമ്മെ ഓർമിപ്പിച്ചുകൊണ്ട് ഒരിക്കൽക്കൂടി മംഗളവർത്തകാലം സ്വാഗതം ചെയ്തിരിക്കുന്നു.

ആ ദൈവം മനുഷ്യാകാരം പൂണ്ടു, മനുഷ്യന്റെ ഒപ്പം വസിച്ചു – ഇമ്മാനുവേൽ ആയി – മനുഷ്യനെ അറിയാൻ, സ്വന്തമാക്കാൻ. ആ പിറവിയെ സ്വീകരിക്കാനായി നടത്തുന്ന ഒരുക്ക ശുശ്രുഷകളാണല്ലോ 25 ദിനം നീണ്ടു നിൽക്കുന്ന നോമ്പാചരണം.
ഭൗതിക ആഘോഷങ്ങളും കരോൾ മേളകളും ഈ വർഷം ഉണ്ടായേക്കില്ല; അന്തസത്തയെ മറന്ന ആഘോഷവും കുളിക്കാതെ അത്തറ് പൂശുന്ന പരിപാടിയും ഇല്ലാതാകുന്നത് നല്ലതുതന്നെ.സഹോദരങ്ങളിലേക്കു കൈകൾ നീളാനും ,അവന്റെ ഹൃദയ സ്പന്ദനങ്ങൾ കേൾക്കാൻ കാതുകളെ ഒരുക്കാനും, സ്വയം സഞ്ചരിച്ച ഇന്നലെകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാനും ,എല്ലാറ്റിലുമുപരി കണ്ണാടി സ്വന്തം മുഖത്തിന് നേരെ പിടിക്കാനുമായുള്ള ദിവസങ്ങളായി ഈ 25 നോമ്പ് മാറട്ടെ.
ഒരുക്കശുശ്രുഷയുടെ പര്യവസാനം കൂടെ വസിക്കുന്ന ദൈവത്തെ സ്വന്തമാക്കിയ അനുഭൂതി പുത്തനുണർവിന് കാരണമാകട്ടെ.
പുതുമയും നന്മയും ചൈതന്യവും നിറഞ്ഞ നാളുകളാവട്ടെ നമ്മെ കാത്തിരിക്കുന്നത്. അനുഗ്രഹമാകുവാനും അനുഗ്രഹമേകുവാനുമുള്ള തിരിച്ചറിവുകളും പ്രതികരണങ്ങളുമാകട്ടെ ഈ ഒരുക്ക ദിനങ്ങൾ ബാക്കിവയ്ക്കുന്നത്.

ഉണ്ണി യേശുവിനെ സ്വീകരിക്കാനായി നമുക്കൊരുങ്ങാം . അവന്റെ ഹൃത്തിൽ നമുക്കൊരു സ്ഥാനമുണ്ടെന്ന് ബോദ്ധ്യത്തോടെയും വിശ്വാസത്തോടെയും ലോകത്തോട് വിളിച്ചു പറയാം . അവന്റെ നാമം മഹത്വ പ്പെടട്ടെ നമ്മിലൂടെ. ഈ നോമ്പുകാലത്തിന്റെ ചൈതന്യവും അതുതന്നെയാകട്ടെ.

കുമ്പസാരകൂടിന്റെ പുണ്യത്തെ ഒരു അനുഭവമാക്കി മാറ്റുവാൻ ഈ നോമ്പുകാലം ഏവരെയും സഹായിക്കട്ടെ.സ്നേഹത്തോടെ, പ്രാർത്ഥനയോടെ

ബെൻ ജോസഫ്