കോട്ടയം ക്നാനായ അതിരൂപതയുടെ ദ്വിറീത്ത് സവിശേഷത : ആരാധനാക്രമ ഐക്യത്തിന്റെ സൂചനയോ?

Share News

സീറോ മലബാർ സഭയിലെ കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത കേരളത്തിൽ രണ്ടു റീത്തുകൾ പിന്തുടർന്നു പോരുന്ന ഏക രൂപതയും ലോകത്തിൽ ദ്വിറീത്ത് സ്വഭാവം പുലർത്തുന്ന അപൂർവ്വം രൂപതകളിൽ ഒന്നുമാണ്. കത്തോലിക്കാ, ഓർത്തഡോക്സ് തുടങ്ങിയ എല്ലാ ക്രിസ്ത്യൻ സഭകളും ഏക ആരാധനാക്രമ പാരമ്പര്യം അനുവർത്തിച്ചു പോരുന്നവയാണ്. ഉദാഹരണത്തിന് സീറോമലബാർ സഭയിലെ എല്ലാ രൂപതകളും പൗരസ്ത്യ സുറിയാനി അഥവാ കൽദായ ആരാധനാക്രമ പാരമ്പര്യം പിന്തുടരുമ്പോൾ സീറോ മലങ്കര സഭയിലെ രൂപതകൾ പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനാക്രമ പാരമ്പര്യം അനുഷ്ഠിച്ച് വരുന്നു. എന്നാൽ കോട്ടയം ക്നാനായ അതിരൂപതയ്ക്ക് സീറോമലബാർ സഭയുടെ ഒരു ഭാഗം ആണെങ്കിൽ പോലും പാശ്ചാത്യ – പൗരസ്ത്യ ആരാധനക്രമങ്ങൾ പിന്തുടരാനുള്ള പ്രത്യേക അനുവാദം നൽകിയിട്ടുണ്ട്.

ഗീവർഗീസ് മാർ അപ്രേം എന്ന പേര് സ്വീകരിച്ചിരിക്കുന്ന പുതിയ മെത്രാൻകോട്ടയം അതിരൂപതയുടെ മറ്റു മെത്രാന്മാരോടൊപ്പം

ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ ക്നാനായ ജനതയുടെ ന്യൂനപക്ഷ സ്ഥിതി പരിഗണിച്ച് 1911 ൽ പത്താം പിയൂസ് മാർപ്പാപ്പ ക്നാനായക്കാർക്ക് സ്വന്തമായ വംശീയ രൂപത സീറോമലബാർ സഭയുടെ കീഴിൽ പൗരസ്ത്യ സുറിയാനി രൂപതയായി സ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സുറിയാനി ഓർത്തഡോക്‌സ് പാരമ്പര്യം പിന്തുടരുന്ന നിരവധി ക്നാനായ യാക്കോബായക്കാർ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് കോട്ടയം അതിരൂപതയിൽ ചേർന്നെങ്കിലും തങ്ങളുടെ പാശ്ചാത്യ സുറിയാനി ആരാധനാക്രമം നിലനിർത്തി പോരുവാൻ ആഗ്രഹിച്ചു. എല്ലാ ക്നാനായ കത്തോലിക്കാ വിശ്വാസികളെയും ഒരു രൂപതയുടെ കീഴിൽ നിലനിർത്തുന്നതിന് പൗരസ്ത്യ – പാശ്ചാത്യ ആരാധനക്രമങ്ങൾ പാലിക്കാനുള്ള പ്രത്യേക അനുവാദം 1921 ൽ കോട്ടയം അതിരൂപതയ്ക്ക് നൽകി. ഈ പ്രത്യേക പദവി ഇന്നും തുടർന്നു വരുന്നു. പാശ്ചാത്യ സുറിയാനി ആരാധനാ ക്രമം പിന്തുടർന്നു വരുന്ന ക്നാനായ മലങ്കര റീത്തിൽ പെട്ട കത്തോലിക്കർക്ക് മാത്രമായി കോട്ടയം അതിരൂപതയുടെ കീഴിൽ ഒരു വികാരി ജനറാളും വൈദികരും ഇടവകകളും ഉണ്ട്.

കോട്ടയം ക്നാനായ അതിരൂപതയിലെ ന്യൂനപക്ഷ വിഭാഗമായ ക്നാനായ മലങ്കര കത്തോലിക്കർക്ക് സ്വന്തമായി വികാരി ജനറാൾ എന്ന സ്ഥിതി കഴിഞ്ഞ ആഴ്‌ച വത്തിക്കാൻ കോട്ടയം അതിരൂപതയ്ക്ക് ഒരു പാശ്ചാത്യ സുറിയാനി സഹായ മെത്രാനെ നിയമിക്കുന്നത് വരെ തുടർന്നു. രസകരവും അനിതര സാധാരണവുമായ സാഹചര്യത്തിൽ ഈ അതിരൂപതയ്ക്ക് പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തയും സഹായമെത്രാനും അവരോടൊപ്പം ഇപ്പോൾ ഒരു പാശ്ചാത്യ സുറിയാനി സഹായ മെത്രാനും ഉണ്ട്. ഇതിനെ ആരാധനാക്രമ ഐക്യത്തിന്റെ അത്യപൂർവ്വ സാഹചര്യമെന്ന് വിശേഷിപ്പിക്കാം. ഈ സംഭവത്തോട് കൂടി സീറോമലബാർ കത്തോലിക്കാ സഭയിൽ ഒരു പാശ്ചാത്യ സുറിയാനി സിനഡ് അംഗം ഉണ്ടായിരിക്കുന്നു.

കോട്ടയം മെത്രാന്മാർ അന്ത്യോക്യൻ ആരാധനാക്രമ വേഷവിധാനത്തിൽ

.

കടപ്പാട്: ക്നാനായ കൾച്ചറൽ അസോസിയേഷൻ

Marthoma Margam

Share News