മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം.

Share News

പ്രാദേശിക മാധ്യമങ്ങളുടെ അന്ത്യചർച്ചകളിലും, വികലമായ സാമൂഹിക മാധ്യമങ്ങളിലും മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം.

അന്തർദേശീയ മാധ്യമങ്ങൾ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ഈ സമരത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല. കക്ഷിരാഷ്ട്രീയങ്ങൾക്ക് അധീതമായി തികച്ചും അരാഷ്ട്രീയവും കൃത്യമായ ലക്ഷ്യത്തോടെയും നടക്കുന്ന ജനകീയ മുന്നേറ്റം ആഗോളതലത്തിലുള്ള മൂലധനത്തിൻ്റെ ഏകീകരണത്തിനു നേരെ തിരിഞ്ഞിരിക്കുന്നു. വളരെ വിശാലമായ സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ഡൽഹിയിലെ കർഷക സമരത്തെ മലയാളി എങ്ങനെ വായിക്കണം എന്ന പരിശ്രമമാണ് ഈ ലേഖനം.

സാമൂഹിക മുന്നേറ്റങ്ങൾ

ലോക ചരിത്രം പരിശോധിച്ചാൽ ക്രിയാത്മകതയോടെ ഇടപെടലുകൾ നടത്തിയിട്ടുള്ള മുന്നേറ്റങ്ങളുടെ സ്വധീനം വലുതാണ്. തികച്ചും അസന്തുലിതമായ സംവിധാനത്തോടും, ചട്ടക്കൂടിനോടും പൊതു സമൂഹം പുലർത്തുന്ന നിക്ഷേധാത്മക നിലപാടിലാണ് മുന്നേറ്റങ്ങൾ ആരംഭിക്കുന്നത്.

ശരീരത്തിൽ രോഗാണുക്കൾ കടന്നാൽ ശരീരം മുഴുവൻ അതിനോട് പ്രതികരിക്കും. ഇതിനെ നാം രോഗവസ്ഥ എന്ന് പറയുന്നു. ഇതു പോലെ സമൂഹത്തിനുണ്ടാകുന്ന രോഗാവസ്ഥയാണ് സാമൂഹിക മുന്നേറ്റങ്ങൾ. രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗത്തെ പ്രതിരോധിക്കന്നതു പോലെ, സമൂഹത്തിൻ്റെ ക്രിയാത്മക ശേഷി വർദ്ധിപ്പിക്കുന്ന നയരൂപീകരണത്തിലൂടെയാകണം മുന്നേറ്റങ്ങളെ ഭരണകൂടങ്ങൾ നേരിടാൻ. നിരന്തരം ചൂക്ഷണത്തിൻ്റെ ഇരകൾ ആക്കപ്പെടുന്നവർ തങ്ങളുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി നടത്തിയ പരിത്രമങ്ങളെ തമസ്കരിച്ചവർ പിന്നീട് അനിയത്രിതമായ ലഹളകൾക്ക് സാക്ഷികളായതിൻ്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്. അടിച്ചമർത്തലുകൾക്കും മോഹന വാഗ്ദാനങ്ങൾക്കും പരിധിയും പരിമിതികളുമുണ്ടെന്ന് വിവേകമുള്ള ഭരണാധികാരികൾ തിരിച്ചറിയും.

ഇന്ത്യയിലെ സാമൂഹിക ചലനങ്ങൾ

ആധുനിക സാമൂഹിക ചലനങ്ങളുടെ പിതാവായി ഇന്ത്യയിൽ അറിയപ്പെടുന്ന വ്യക്തി മറാത്തി ഭാഷാ പണ്ഡിതനായ ജ്യോതിറാവോ ഭ്യൂലേയാണ് (1827-1890). തൊട്ടുകൂടായ്മ, തീണ്ടൽ, ജാതിവിവേചനം, സ്ത്രീ അസമത്വം എന്നിവയ്ക്കു എതിരെ അദ്ദേഹം പരിശ്രമിച്ചു. പിന്നീട് രാജാ രാംമോഹൻ റോയി, രവീന്ദ്രനാധ ടാഗോർ, ഡോ.അംബേക്കർ, മഹാത്മാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ വലിയ മുന്നേറ്റങ്ങൾ നടന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയതോടുകൂടി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചെറു സമരങ്ങൾ ഒഴിച്ചാൽ ദേശീയമായ സമരങ്ങൾക്ക് ഇന്ത്യൻ ഭരണ സംവിധാനം കാരണമായിരുന്നില്ല എന്നു വേണം പറയാൻ. എന്തുകൊണ്ടാണ്, ആഗോളവൽക്കരണത്തിനും, ഗാർട്ട് കരാരകൾക്കുമെതിരെ നടന്ന രാഷ്ട്രീയ പോരാട്ടങ്ങളെ പൊതു സമൂഹം സ്വീകരിക്കാതെ പോയത് എന്നതിൻ്റെ കാരണം ആഗോളതലത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങർക്ക് ഉണ്ടായ പരാജയം കൂടി ചേർത്ത് വായിക്കേണ്ടതാണ്. ഇന്ത്യയിൽ നടന്ന മുന്നേറ്റങ്ങളെ പൊതുവെ നാലായി തിരിക്കാം, അവ പരിസ്ഥിതി സംരക്ഷണം, പുനരധിവാസം, ഭരണഘടനാപരമായ അവകാശങ്ങൾ, സംസ്കാരം എന്നിവ സംരക്ഷിക്കാൻ വേണ്ടി നടന്ന മുന്നേങ്ങളാണ്.

ജനാധിപത്യ സംവിധാനത്തിൽ ഇത്തരം സമരങ്ങളുടെ പ്രസക്തി വലുതാണ്, കാരണം ഭരണകൂടങ്ങൾ ഒരിക്കലും ഇത്തരം സമരങ്ങളെ വെല്ലുവിളിക്കാറില്ല. എന്നാൽ ഇന്ത്യയുടെ എന്നല്ല ലോകത്തിൻ്റെ തന്നെ ചരിത്രത്തിൽ ആദ്യമായി അടിസ്ഥാന വർഗ്ഗം മൂലധനത്തിൻ്റെ ഏകീകരണത്തിനെതിരെ രംഗത്തു വന്നിരിക്കുന്നു. ഇത് ഒരു ഭരണകൂടത്തിനെതിരെ നടക്കുന്ന് പ്രക്ഷോഭമായി കാണുന്നവർക്ക് തെറ്റി, മറിച്ച് 600 കോടിവരുന്ന ലോക ജനത്തെ മുഴുവൻ ഭരിക്കുകയും നിയന്ത്രിക്കകയും ചെയ്യുന്ന ക്രോണിക് കോർപ്പറേറ്റുകൾക്കെതിരെ നടക്കുന്ന പോരാട്ടമാണ്. ഇവിടെയാണ് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൻ്റെ പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടത്.

ഡൽഹിയിൽ നടക്കുന്ന മുന്നേറ്റത്തിൻ്റെ രാഷ്ട്രീയം

സമകാലീന ലോക ഭരണകൂടങ്ങളെ ഇന്ന് നിയന്ത്രിക്കുന്നത് ഇടതു വലതുപക്ഷ രാഷ്ട്രീയ സംവിധാനങ്ങളാണ്. ചൈന ഉൾപ്പെടെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും മദ്ധ്യ ഏഷ്യൻ രാജ്യങ്ങളും ഇടതുപക്ഷ ചേരിയ്ക്ക് ചുക്കാൻ പിടിക്കുമ്പോൾ, ഇസ്രായേൽ ഉൾപ്പെടുന്ന മുതലാളിത്ത രാജ്യങ്ങൾ വലതുപക്ഷ ചേരിക്ക് നേതൃത്വം നൽകുന്നു. വളരെയധികം പരിമിതികൾ ഉള്ള ഇവ രണ്ടും തമ്മിൽ കടുത്ത രാഷ്ട്രീയ മത്സരം ആഗോളതലത്തിൽ നടന്ന കൊണ്ടാണ്ടിരിക്കുന്നത്. പൂർണ്ണമായും ഇവയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വ്യവസ്ഥയെക്കുറിച്ച് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ചിന്തിക്കാനാവില്ല. മുതലാളിത്ത വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങൾ എപ്പോഴും കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിയമങ്ങളും, നയങ്ങളും രൂപീകരിച്ച് അവരെ പ്രീണിപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കും. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിത നിലവാരം താഴുകയും, വമ്പൻ പണക്കാരുടെ നിക്ഷേപങ്ങൾ ഉയരുകയും ചെയ്തതിനു പിന്നിൽ ഇത്തരം നിയമനിർമ്മാണങ്ങളുടെയും, നയ രൂപീകരണത്തിൻ്റെയും സ്വാധീനം ആർക്കും നിക്ഷേധിക്കാനാവില്ല.

ഡൽഹിയിൽ നടക്കുന്ന സമരത്തിനു പിന്നിൽ കർഷകർ മാത്രമല്ല, അവരെ ഒരു പരിധി വരെ ചൂക്ഷണം ചെയ്തിരുന്ന ഇടനിലക്കാരും ഉണ്ടെന്ന് ഭരണകൂടം പറയുന്ന വാദം ശരിയാണ്. കാരണം ഈ നിയമം പെട്ടെന്ന് ബാധിക്കുന്നത് ഇടനിലക്കാരെയാണ്. ഇവിടെ നിയമനിർമ്മാണത്തെക്കാൾ കർഷകർക്ക് ആവശ്യം, വില്പനയ്ക്ക് പുതിയ അവസങ്ങൾ സൃഷ്ടിക്കുകയായിരുന്നു. നവ മാദ്ധ്യമങ്ങളിലൂടെയും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും വില്പന നടത്താനുള്ള സാധ്യതകളെ ഏറ്റവും കുറവ് പ്രയോജനപ്പെടുത്തുന്നവരാണ് നമ്മുടെ കർഷകർ. വെല്ലുവിളികൾ നിറഞ്ഞ ഇത്തരം മാർഗ്ഗങ്ങളെ കൂടുതലായി താഴേക്കട്ടിലേക്ക് കൊണ്ടുവരുവാൻ ഉതകന്ന സംവിധാനങ്ങൾ രൂപീകരിക്കേണ്ടതിനു പകരം കോർപ്പറേറ്റുകളുടെ ചൂക്ഷണത്തിന് ആക്കം വർദ്ധിപ്പിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്തുന്നതിനും, വില്പന നടത്തുന്നതിനും, അവശ്യവസ്തുക്കളുടെ ഉല്പാദനം വർന്നിപ്പിക്കുന്നതിനും വേണ്ടിയുള്ള പുതിയ നിയമങ്ങൾ പഠിച്ച ഒരാൾ എന്ന നിലയിൽ നോക്കിയാൽ കർഷകർക്ക് വളരെയധികം പ്രയോജനമായ പലതും ഈ നിയമത്തിൽ ഉണ്ട്.

പക്ഷെ ഇതിലെ പ്രയോജനകരമായ കാര്യങ്ങൾ നടപ്പിലാക്കാനുള്ള സംവിധാനം ഇന്ന് ഇന്ത്യയിൽ നിലവിലില്ല. അതിനാൽ മുഴുവൻ പ്രയോജനവും ലഭിക്കുന്നത് വമ്പൻ സന്നാഹങ്ങളും, വിപണന സംവിധാനങ്ങളുമുള്ള കോർപ്പറേറ്റുകളായിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ഇത് കർഷകരും പ്രക്ഷേഭക്കാരും മനസ്സിലാക്കിയിരിക്കുന്നു എന്നതാണ് ഡൽഹിയിലെ സമരത്തിൻ്റെ പ്രത്യേകത. കേന്ദ്ര സർക്കാരിനെതിരെ ആരംഭിച്ച സമരം അമ്പാനിക്കും അദാനിക്കും എതിരെ തിരിഞ്ഞിരിക്കുന്നു. സർക്കാർ മറുപടി പറയുന്നതിനേക്കാൾ കോർപ്പറേറ്റുകൾ നേരിട്ട് തങ്ങളുടെ ന്യായം നിരത്തുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു. ഇന്ത്യ അതിർത്തിയിൽ ചൈന നടത്തിയ പരാക്രമങ്ങളോട് ഉല്പന്ന ബഹിഷ്കരണത്തിലൂടെ ഇന്ത്യൻ ജനത മറുപടി കൊടുത്തതുപോലെ, കോർപ്പറേറ്റുകളെ പ്രതിരോധത്തിലാക്കുന്ന നിലപാടിലേയ്ക്ക് ഇന്ത്യൻ ജനത ഒന്നടക്കം നീങ്ങുന്നു.

അന്തർ ദേശീയമായ പ്രസക്തി

മൂലധനത്തിൻ്റെ വികേത്രികരണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ ലോകത്തിൻ്റെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. അവയെ എല്ലാം നിഷ്പ്രയാസം അടിച്ചമർത്താൽ മൂലധന ലോപികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഉഗ്രമായ മാനസിക വിക്ഷോഭം സമൂഹങ്ങളുടെ ഇടയിൽ സൃഷ്ടിക്കാൻ അവർക്ക് കഴിയും എന്നത് ഉപഭോഗവസ്തുക്കളുടെ തിരഞ്ഞെടുപ്പിൽ മാത്രമല്ല, രാഷ്ട്രീയ തീരുമാനത്തിൽ പോലും ഉണ്ടെന്ന് നാം തിരിച്ചറിഞ്ഞു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം മായിക ലോകം സൃഷ്ടിക്കാൻ എക്കാലവും അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ ആൾക്കൂട്ടങ്ങളായി പലതും അവസാനിച്ചു.

ചൂക്ഷണത്തിൻ്റെ മൂല കാരണങ്ങൾക്കു നേരെയാണ് ഇന്ത്യയിലെ കർഷകർ അണിചേർന്നിരിക്കുന്നത്. കോർപ്പറേറ്റുകളുടെ ഇരകളാകാൻ വിധിക്കപ്പെട്ട എല്ലാ ജനവിഭാഗത്തിനും വേണ്ടിയാണ് ഈ സമരം, അതിനാൽ അന്തർദേശീയമായ സാധ്യത വളരെ പ്രസക്തമാണ്.

ഉപസംഹാരം

ലോകസമര ചരിത്രത്തിൻ്റെ സ്വർണ്ണലിപികളിൽ രേഖപ്പെടുത്താൻ പോകുന്ന പോരാട്ടമായി ഡൽഹിയിലെ കർഷക പ്രക്ഷോഭം മാറാൻ പോകുന്നു. ഏതൊരു സമരത്തിൻ്റെയും വിജയം നിർണ്ണയിക്കുന്നത് അതിൻ്റെ പിന്നിലെ ദർശനങ്ങളും പ്രത്യയശാസ്ത്രവുമാണ്. ഈ സമരം വിരൽ ചൂണ്ടുന്നത് അടിസ്ഥാന പ്രശ്നങ്ങൾക്കു നേരയായതിനാൽ ലോക മന:സാക്ഷിയുടെ സമ്പൂർണ്ണമായ പിന്തുണ അവർക്ക് ലഭിക്കും.

വഴിവിട്ട രാഷ്ട്രീയ-മൂലധന കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടിയായിരിക്കും ഈ സമരം. കേവലം കാപ്സ്യൂണുകളിൽ ഒതുങ്ങുന്ന മോഹന വാഗ്ദാനങ്ങൾക്ക് കർഷക പ്രക്ഷോഭത്തെ തണുപ്പിക്കാനാവില്ല.

ഈ സമരം കൊണ്ട് മുതലെടുക്കാൻ പോകുന്നത് ആരെല്ലാം? കേരള ജനത എന്തുകൊണ്ട് നിസ്സംഗത പുലർത്തുന്നു? ക്രിയാത്മകമായി നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? സർക്കാർ സംവിധാനങ്ങളോട് ചേർന്ന് നിന്ന് സഭയുടെ സാദ്ധ്യതകളെ എങ്ങനെ ജനോന്മുഖമാക്കാം? ഇത്തരം പ്രസക്തമായ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യാം.


ഫാ.റോബിൻ പേണ്ടാനത്ത്


(കഴിഞ്ഞ പതിനഞ്ചു വർമായി മദ്ധ്യകേരളത്തിലെ ജനകീയ മുന്നേറ്റങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി)

Share News