ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തിലാണ് ഈ ഓപ്പണ്‍ സര്‍വകലാശാലാ നിലവില്‍വരിക.
ഇന്നലെ ശ്രീനാരായണ ഗുരു ജയന്തിയായിരുന്നു. ഗുരുവിന് ഉചിതമായ സ്മാരകങ്ങള്‍ ഉണ്ടാവുക എന്നത് ഓരോ മലയാളികളുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കാനുള്ള തീരുമാനം ഇവിടെ പ്രഖ്യാപിക്കുകയാണ്. ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തിലാണ് ഈ ഓപ്പണ്‍ സര്‍വകലാശാലാ നിലവില്‍വരിക.
കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ്ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിക്കുക. ഏതു പ്രായത്തിലുള്ളവര്‍ക്കും പഠിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും. കോഴ്സ് പൂര്‍ത്തിയാക്കാതെ ഇടയ്ക്ക് പഠനം നിര്‍ത്തുന്നവര്‍ക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് കഴിയും. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രഗല്ഭരായ അധ്യാപകരുടെയും വിദഗ്ധരുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുതിയ സര്‍വകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമെ നൈപുണ്യ വികസന കോഴ്സുകളും ഓപ്പണ്‍ സര്‍വകലാശാല നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവല്‍ക്കരണ രംഗത്തെ വലിയ മാറ്റത്തിനാണ് തുടക്കമാകുക.