മഴകോരിച്ചൊരിയുകയാണ്.|കാലമെത്ര കഴിഞ്ഞിട്ടും മഴച്ചിത്രങ്ങൾക്ക് മാറ്റമില്ല…

Share News

മഴ കോരിച്ചൊരിയുകയാണ്. ഇരുട്ടുംകുത്തി പെയ്യുന്നു എന്ന ഇന്നലെയുടെ ചൊല്ലുകളെ ഓർമിപ്പിച്ചുകൊണ്ട് ഇടവം നിറഞ്ഞു പെയ്യുന്നു, നേർത്ത ഇടിമുഴക്കങ്ങളോടെ. മൂടിക്കിടന്നിരുന്ന അന്തരീക്ഷത്തിൽ മുന്നോടിയായി നനുത്ത ചാറ്റലുകളും സന്ധ്യയും വളരെ നേരത്തെ തന്നെ എത്തിയിരുന്നു.

കോരിച്ചൊരിയുന്ന മഴയ്ക്കിടയിലൂടെ കുടയ്ക്ക് കീഴെ മുഖമൊളിപ്പിച്ച മനുഷ്യർ ഒറ്റയ്ക്കും തെറ്റയ്ക്കും താഴെ നിരത്തിലൂടെ സന്ധ്യയെ വാരിച്ചുറ്റി പതുങ്ങി നീങ്ങുന്നു. നിരത്തോരങ്ങളിൽ പലരും കൂനിപ്പിടിച്ചു നിൽക്കുന്നു. ഇന്നലെകളിൽ കണ്ടിരുന്ന അതേ ചിത്രങ്ങൾ. കാലമെത്ര കഴിഞ്ഞിട്ടും മഴച്ചിത്രങ്ങൾക്ക് മാറ്റമില്ല…

ഓർമ്മകൾ ഒരുപാട് മനസ്സിൽ ഒഴുകിനിറയുന്നുണ്ട് ഈ നിമിഷങ്ങളിൽ. ഇടവമഴ കോരിച്ചൊരിഞ്ഞു തുടങ്ങുന്നതുമുതൽ പണ്ടൊക്കെ നാട്ടിലെങ്ങും പട്ടിണിയാണ്. മഴക്കാലം കഴിയുന്നതുവരെ മനുഷ്യരിൽ ബഹുഭൂരിപക്ഷത്തിനും വേലയോ വരുമാനമോ ഇല്ല. പെയ്തു നിറയുന്ന മഴയെ നോക്കി മനുഷ്യർ കൂരകളിൽ കൂനിപ്പിടിച്ചിരിക്കുന്ന കാലം. കണ്ണെത്തും ദൂരത്തിൽ ഏതെങ്കിലും പറമ്പുകളിൽ ഒരോല മടലോ ഒപ്പം ഒരു നാളികേരമോ പൊഴിഞ്ഞുവീണാൽ കോരിച്ചൊരിയുന്ന മഴയും ഇടിവെട്ടും അവഗണിച്ച് അതെടുക്കാൻ പാഞ്ഞോടുന്ന മേറിയെപ്പോലുള്ളവരുടെ പെയ്ത്തുമഴയിലൂടെ നനഞ്ഞു കുതിർന്നുള്ള ഓട്ടം ഇത് കുറിക്കുമ്പോഴും ഓർമയുടെ കണ്മുന്നിലുണ്ട്. ഓർമ്മകളിൽ മാത്രമായ തറവാട് വീടിന്റെ നീളൻ വരാന്തയിൽ നിന്നുകൊണ്ട് മഴപ്പെയ്ത്തിനിടയിലൂടെ വർഷകാലത്ത് എന്നും കണ്ടുകൊണ്ടിരുന്ന ചിത്രം. ഒരോലയും നാളികേരവും അതില്ലാത്ത മനുഷ്യർക്ക് എത്ര വിലപിടിച്ചതായിരുന്നു അന്ന്… എൺപതുകളുടെ ആദ്യപാതിവരെ കണ്ടിരുന്ന അന്നത്തെ ആ മലയാളിച്ചിത്രങ്ങൾ ഇന്ന് പക്ഷെ ഇല്ലെന്ന് തോന്നുന്നു. പൊഴിഞ്ഞുവീണാൽ മുന്നിലെ നിരത്തിലേക്ക് തള്ളുന്ന ഒരൊണൊക്ക ഓലമടലിന് ഇന്നെന്ത് വില.. മഴ പെയ്തുകൊണ്ടിരിക്കുകയാണ്, ഇടയ്ക്കിടെ ഇടി മുഴങ്ങുന്നു, ഇലകൾ കുളിർന്ന് വിറയ്ക്കുന്നു…

heavy rainfall in road and trees
Share News