എഴുത്തുകാരന്റെ ചിന്ത വായനക്കാരന് അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സര്‍ഗാത്മക ദൗത്യം|ജൂൺ-19 വായനാദിനം
ജൂൺ-19 വായനാദിനം
വായന:വിജയത്തിലേക്കുള്ള വാതിൽ
ജപ്പാനീസ് എഴുത്തുകാരൻ ഹാറൂകി മുറകാമിയുടെ “ദി സ്ട്രൈഞ്ച് ലൈബ്രറി” മികച്ച രചനയാണ്.വായനശാലയെ തടവറയായി കണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സമൂഹത്തെയാണ് ഈ നോവലിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്.വായനാശാലയിൽ തടവിലാക്കപ്പെട്ട ഒരു ആൺകുട്ടിയും,ഒരു പെൺകുട്ടിയും മറ്റൊരു ആടു മനുഷ്യനും നോവലിൽ കടന്നു വരുന്നുണ്ട്.വായിക്കുകയെന്നത് ജീവനറ്റു പോകുന്നതിനെക്കാൾ വേദനാജനകമെന്ന് ധരിച്ച് ആ തടവറയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന ഈ മൂന്ന് കഥാപാത്രങ്ങളിലൂടെ മുറകാമി തുറന്ന് കാട്ടുന്നത് വായനയിൽ നിന്ന് ഓടിയൊളിക്കുന്ന സമൂഹത്തെയാണ്.അദ്ദേഹത്തിന്റെ ഈ നോവൽ വായനയെ അവഗണിക്കാൻ മത്സരിക്കുന്ന സമൂഹത്തിന്റെ നേർ ചിത്രമാണ്.വിജയത്തിന്റയും പുരോഗതിയുടെയും ഇടങ്ങളിൽ നിന്ന് അപചയത്തിന്റെ കുഴിമാടം തെരയുകയാണ് മനുഷ്യൻ.ജയം കൊതിക്കുന്നവരുടെ വാതിലാണ് വായന.
ഇന്ന് നിലവിലിരിക്കുന്ന പുസ്തക ഷെൽഫുകളും,ലൈബ്രറികളും,വായനാശാലകളും,പുസ്തകശാലകളും നാളെ ഇല്ലാതായേക്കാം.പകരം ടാബ്ലറ്റുകളും,സ്മാർട്ട് ഫോണുകളും,ഡിജിറ്റൽ സാങ്കേതിക വിദ്യകളും വായനക്കായി നമുക്ക് കരഗതമാകും.പക്ഷെ, വായനാമാധ്യമങ്ങള്‍ മാറിയേക്കാമെങ്കിലും മനുഷ്യന്റെ വായിക്കാനുള്ള ആഗ്രഹം മാറുന്നില്ല.ഇന്ന് വായന മരിക്കുന്നു എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ്.സ്മാർട്ട് ഫോണിൽ 16 മണിക്കൂർ നേരം വായിക്കാൻ യുവ തലമുറയ്ക്ക് യാതൊരു മടിയുമില്ല.ആളുകൾ ദിവസത്തിന്റെ ഭൂരിഭാഗം നേരം ഡിജിറ്റൽ മീഡിയയിൽ വായനയിൽ ആണ്.
കേരളത്തിൽ വായനയുടെ അവിഭാജ്യ ആവശ്യകത ഗ്രാമങ്ങള്‍തോറും നടന്ന് പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചുകൊടുത്ത വായനയുടെ വളര്ത്തച്ഛന് കുട്ടനാട്ടിലെ നീലമ്പേരൂർ ഗ്രാമത്തിലെ പുതുവായില്‍ നാരായണപ്പണിക്കരുടെ നാമധേയത്തിലാണ് ജൂണ്‍ 19 ന് വായനാവാരാചരണം ആഘോഷിക്കുന്നത്.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തു രാമാനുജന് എഴുത്തച്ഛന്, മലയാള പത്രപ്രവര്‍ത്തനത്തിന്റ പിതാവ് ചെങ്കുളത്തു് കുഞ്ഞിരാമമേനോന് ഇങ്ങനെ നല്ല നല്ല പിതാക്കന്മാരുടെ പാതകളാണ് പി. എന്‍.പണിക്കര്‍ പിന്തുടർന്നത്.ഗ്രന്ഥശാല പ്രസ്ഥാനത്തിന്റ പിതാവായി അദ്ദേഹം അറിയപ്പെടുന്നു.1995 ജൂണ്‍ 19 ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോള്‍ 6000 തിലധികം ഗ്രന്ഥശാലകള്‍ കേരളത്തിലെങ്ങും അദ്ദേഹം വഴി ഉടലെടുത്തു.
മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ എം. കൃഷ്ണൻ നായർ ഒരിക്കൽ പറയുകയുണ്ടായി.” അലക്കിയ വെളുത്ത വസ്ത്രങ്ങളും പുതിയ പുസ്തകങ്ങളുമുണ്ടെങ്കിൽ ജീവിതത്തിൽ കൂടുതലൊന്നും ഞാനാഗ്രഹിക്കുന്നില്ല”. മഹാൻമാർ അങ്ങനെയായിരുന്നു. പുസ്തകങ്ങൾക്കായി ജീവിതം സമർപ്പിച്ച് ഈ മഹത്തുക്കൾ വിജയത്തിന്റെ ഹിമാലയങ്ങൾ കീഴടക്കി.
നാളത്തെ ജീവിതത്തിന് ഇന്നില്‍ നിന്നും സ്വീകരിക്കേണ്ട പ്രധാനകാര്യങ്ങളില്‍ ഒന്നായി വായനയെ പൊതുസമൂഹം ഇതുവരെ കണ്ടിട്ടില്ല എന്നതാണ് സങ്കടം. ” പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നതെന്ന് ” ഇഗ്ലീഷ് നോവലിസ്റ്റും നിരൂപകനുമായ സാമുവൽ ബട്ട്ലർ പറയുന്നു.അക്ഷരങ്ങൾ കല്ലില്‍നിന്നും ഇലയിലേക്കും ഓലയിലേക്കും പിന്നെ കടലാസിലേക്കും തീര്‍ത്ഥാടനം ചെയ്ത് ഇപ്പോള്‍ ‘ഇ’ ലോകത്ത് വന്നു നിൽക്കുന്നു.
വായന നമ്മെ കൂടുതല്‍ തെളിച്ചവും തിളക്കവുമുള്ള വ്യക്തിത്വങ്ങളുടെ ഉടമകളാക്കി മാറ്റുന്നു.കൂടുതല്‍ ആത്മവിശ്വാസം തരുന്നു.എന്ത് വായിക്കണം എന്നതിനേക്കാൾ ആരെ വായിക്കണം എന്നതാണ് ഡിജിറ്റൽ യുഗത്തിലെ വായന സങ്കല്പം.കാരണം ഇവിടെ വായനക്കാർ തന്നെ എഴുത്തുകാരാകുന്നു.എഴുത്തുകാരുടെ എണ്ണം കൂടുന്നു.
കാലത്തിന്റെ വിഹ്വലതകളുടെയും അടിസ്ഥാന ചോദ്യങ്ങളുടെയും സന്ദേഹങ്ങളുടെയും അടയാളപ്പലകകളായി മാറാന്‍ പലപ്പോഴും അതതു കാലത്തെ പുസ്തകങ്ങള്‍ക്ക് കഴിയാറുണ്ട്.നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ എക്കാലവും പ്രോത്സാഹിപ്പിക്കുന്നത് വായിക്കുന്ന മനുഷ്യനെയല്ല,വായിക്കാത്ത മനുഷ്യനെയാണ്.കാരണം പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്നത് അധികാരത്തിന്റെ പ്രശ്നങ്ങളാണ്.ഒരു മേയ് പത്തിനാണ് നാസി ജര്‍മനിയില്‍ പുസ്തകങ്ങള്‍ കൂട്ടത്തോടെ അഗ്നിക്ക് ഇരയാക്കിയ ദിനം.പല മേയ് പത്തുകളും പലവിധത്തില്‍ ഇപ്പോഴും നമ്മുടെ ലോകത്ത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
പുസ്തകവും വായനയും നിരോധിക്കപ്പെടുമ്പോള്‍ ചിന്തയും ഭാഷയും അപ്രത്യക്ഷമാവുന്നു.ചിന്തയും ഭാഷയും ഇല്ലാതാവുമ്പോള്‍ നമുക്ക് ശബ്ദവും നഷ്ടമാവുന്നു.
അധികാരത്തിന്റെയും അര്‍ത്ഥത്തിന്റെയും പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കുമ്പോള്‍ സ്വന്തം വേരുകള്‍ മുറിഞ്ഞുപോകുന്നത് പുതിയ കാലത്തെ മനുഷ്യര്‍ അറിയുന്നില്ല.
നമ്മുടെ നാട്ടിൽ ലിബറൽ ഇടങ്ങൾ കുറഞ്ഞുവരുന്നതും ഏകാധിപത്യപരമായ ഭരണരീതികൾ ശക്തിപ്രാപിക്കുന്നതും ശബ്ദിക്കാൻ ആളില്ലാതായിരിക്കുന്നതും പുസ്തകങ്ങളുടെയും അറിവിന്റെയും വായനയുടെയും കുറവ് കൊണ്ടാണ്.
പുസ്തകങ്ങൾ നിരോധിക്കപ്പെടുമ്പോൾ, സിലബസുകൾ അട്ടിമറിക്കപ്പെടുമ്പോൾ, ചരിത്രം തിരുത്തിയെഴുതപ്പെടുമ്പോൾ, നട്ടെല്ല് തളർന്ന ഒരു സമൂഹമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.അതെ വായന തളരുമ്പോൾ മനുഷ്യരാശിയും തളരുന്നു.
പുസ്തകങ്ങളുടെയും വായനയുടെയും പിന്തുണയോടെയുമാണ് മനുഷ്യന്റെ വളർച്ച സാധ്യമായിട്ടുള്ളത്.
വായനയിലൂടെയാണ് നാം നിരന്തരം തിരുത്തപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്യുന്നത്.മാറ്റത്തെ വിഭാവനം ചെയ്യുന്ന മനഃസംസ്കാരമാണ് വായന.
എഴുത്തുകാരന്റെ ചിന്ത വായനക്കാരന് അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സര്‍ഗാത്മക ദൗത്യം
.കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ‘കുട്ടി’കൾ നമ്മുടെ ഓരോരുത്തരുടേയും ഉള്ളിൽ ഉറങ്ങുന്നുണ്ട് എന്ന സത്യം നിലനിൽക്കുന്നതുകൊണ്ടാവാം,പുതിയ മാനങ്ങളും രൂപങ്ങളും സ്വീകരിച്ച് വായന പ്രത്യക്ഷപ്പെടുന്നു.അത് ഒരിക്കലും മരണമില്ലാത്ത സത്യമായി നിലനിൽക്കുക തന്നെ ചെയ്യും.
ടോണി ചിറ്റിലപ്പിള്ളി