
കേരളത്തിൽ പെൺകുഞ്ഞുങ്ങൾ കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തണം.
കൊച്ചി. ജനനം മുതൽ ആറ് വയസ്സുവരെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അടുത്തകാലത്ത് കുറവുണ്ടായി എന്നും, ഇത് പ്രത്യേകം പരിശോധിക്കുമെന്നും കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞത് വലിയ പ്രാധാന്യം അർഹിക്കുന്നു.
രാജ്യാന്തര ബാലിക ദിനം (ഒക്ടോബർ 11ന്)ആചരിക്കുമ്പോൾ സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ കുറവുവരൂന്നത് എന്തുകൊണ്ടന്നത് വിശദമായി അന്വേഷിച്ച് കണ്ടെത്തണം.
ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് കാരണമെന്ന് പറഞ്ഞ് നിസ്സംഗത പുലർത്തുവാൻ പാടില്ല.
സ്കാനിങ് ഉപകരണങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി, പെൺഭ്രൂണഹത്യ നടക്കുന്നുണ്ടോയെന്ന് വിവിധ വകുപ്പുകൾ അന്വേഷണം നടത്തേണ്ടതുണ്ട്. പൊതു സമൂഹത്തിന്റെ ജാഗ്രതയും ഇക്കാര്യത്തിൽ ആവശ്യമാണ്.

വിവാഹം വേണ്ടെന്നു വയ്ക്കുക, കാരണങ്ങളില്ലാതെ വൈകുക, വിവാഹം കഴിക്കാതെ ഒത്തു വസിക്കുക, കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുക, പരിമിതപ്പെടുത്തുക. തുടങ്ങിയ പ്രവണതകൾ സമൂഹത്തിൽ വർധിച്ചുവരുന്നത് കുടുംബങ്ങളുടെ നിലനിൽപ്പിനെ ഗൗരവമായി ബാധിക്കുന്നു. കുടുംബങ്ങളാണ് ഏതൊരു സമൂഹത്തെയും രാജ്യത്തിന്റെയും അടിസ്ഥാന ഘടകം എന്നത് പ്രാധാന്യമർഹിക്കുന്നു.
പെൺകുഞ്ഞുങ്ങൾ കുടുംബത്തിന് അനുഗ്രഹം, മാതൃത്വം മഹനീയം, സ്ത്രീ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വം തുടങ്ങിയ സന്ദേശങ്ങൾ സമൂഹത്തിലും സഭയിലും സജീവമാക്കുവാൻ പ്രോ ലൈഫ് പ്രവർത്തകർ പ്രത്യേകം പരിശ്രമിക്കുമെന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡണ്ട് സാബു ജോസ് അറിയിച്ചു.