The Shoes of the Fisherman ഉം ജോൺ പോൾ രണ്ടാമൻ പാപ്പായും ചരിത്രത്തിലെ കൗതുകങ്ങളായി നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Share News

ഓസ്ട്രേലിയൻ എഴുത്തുകാരനായ മോറിസ് വെസ്റ്റിന്റെ, 1963 ൽ പുറത്തിറങ്ങിയ, ലോക പ്രസിദ്ധമായ നോവലാണ് ‘The Shoes of the Fisherman.’ പുറത്തിറങ്ങി ഏറെനാൾ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായിരുന്ന ഈ നോവൽ ഇതുവരെ ഏതാണ്ട് 12 മില്യൻ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. കത്തോലിക്കാ സഭയും പേപ്പസിയും പ്രധാന പശ്ചാത്തലമായി വരുന്ന ഈ നോവൽ 1968 ൽ അതേ പേരിൽ തന്നെ സിനിമയായും പുറത്തിറങ്ങി.

നോവലിന്റെ ഉള്ളടക്കം ചുരുക്കിപ്പറയാം.

രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലെ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു കിറിൽ ലക്കോട്ട. യുദ്ധം കഴിഞ്ഞപ്പോൾ അദ്ദേഹം രൂപതയിലെ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ മത മർദ്ദകരായിരുന്ന കമ്യൂണിസ്റ്റ് ഭരണാധികാരികൾ അദ്ദേഹത്തെ തുറങ്കിലടച്ചു. സൈബീരിയയിലെ തടവറയിൽ അദ്ദേഹം നരകയാതന അനുഭവിച്ചത് ഒന്നും രണ്ടുമല്ല നീണ്ട പതിനേഴു വർഷങ്ങളാണ്. അതിനുശേഷം ജയിൽ മോചിതനായ അദ്ദേഹത്തെ മാർപ്പാപ്പ റോമിലേക്കു വിളിപ്പിച്ചു. വളരെപ്പെട്ടന്നു തന്നെ അദ്ദേഹം ഒരു കർദ്ദിനാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ച ശേഷം ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ വളരെ അപ്രതീക്ഷിതമായി മാർപ്പാപ്പ മരണപ്പെടുകയാണ്. പുതിയ പാപ്പായെ തെരഞ്ഞെടുക്കാനുള്ള കർദ്ദിനാൾമാരുടെ സമ്മേളനമായ കോൺക്ലേവ് ഉടൻ തന്നെ കൂടുകയും പുതിയ പാപ്പായെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ആ തെരഞ്ഞെടുപ്പിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. കത്തോലിക്കാ സഭയിലെ പതിവിനു വിരുദ്ധമായി, ചരിത്രത്തിലാദ്യമായി ഇറ്റലിക്കു പുറത്തു നിന്നും ഒരു കർദിനാൾ പുതിയ പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അത് മറ്റുമായിരുന്നില്ല; റഷ്യയിൽ നിന്നുള്ള കർദ്ദിനാൾ കിറിൽ ലക്കോട്ട! രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് സങ്കീർണ്ണമായ ഒരു സാമൂഹിക പശ്ചാത്തലത്തിൽ സഭ ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് കിറിൽ ലക്കോട്ട കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനാവുന്നത്. സഭയ്ക്കുള്ളിൽ നിന്നും പുറത്തു നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വെല്ലുവിളികളും അദ്ദേഹത്തിന്റെ ആത്മസംഘർഷങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.

പ്രവചന സ്വഭാവമുള്ള ഈ നോവലിന് കത്തോലിക്കാ സഭയുടെ പിൽക്കാല ചരിത്രവുമായി അതിശയിപ്പിക്കുന്ന ചില സാമ്യങ്ങളുണ്ട്; പ്രത്യേകിച്ച് നോവൽ പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം ചുമതലയേറ്റ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ജീവിതവുമായി.

ഈ നോവൽ ആരംഭിക്കുന്നത് ഒരു മാർപ്പാപ്പയുടെ മരണത്തോടു കൂടിയാണ്. നോവലിലെ കഥാനായകനായ കിറിൽ ലക്കോട്ടയെ കർദ്ദിനാളായി നിയമിച്ച പാപ്പാ കാലം ചെയ്തു. ചരിത്രത്തിൽ ഈ നോവൽ പുറത്തിറങ്ങിയ അതേ ദിവസം, 1963 ജൂൺ മൂന്നിന്, രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നുകൊണ്ടിരിക്കേ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ കാലം ചെയ്തു.

നോവലിന്റെ തുടക്കത്തിൽ പരാമർശിക്കുന്ന പാപ്പായുടെ മരണം വളരെ അപ്രതീക്ഷിതമായ ഒന്നായിരുന്നു. അതുപോലെ ചരിത്രത്തിൽ ജോൺ 23 മനു ശേഷം തെരഞ്ഞെടുക്കപ്പെട്ട പോൾ ആറാമൻ മാർപ്പാപ്പയും ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയും അപ്രതീക്ഷിതമായി ഒരേ വർഷം, 1978 ൽ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു. ജോൺ പോൾ ഒന്നാമൻ പാപ്പാ ചുമതലയേറ്റ് വെറും 33 ദിവസങ്ങൾക്കു ശേഷം മരണപ്പെടുകയായിരുന്നു.

നോവലിൽ പാപ്പായുടെ പെട്ടന്നുള്ള മരണശേഷം പുതിയ പാപ്പായായി തെരഞ്ഞെടുക്കപ്പെടുന്നത് ഇറ്റലിക്കു പുറത്തു നിന്നുള്ള ഒരു കർദ്ദിനാളാണ്. അത് റഷ്യക്കാരനായ കിറിൽ ലക്കോട്ടയാണ്. ഇറ്റലിക്കു പുറത്തു നിന്നൊരാൾ മാർപ്പാപ്പയാകുന്നത് കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ അത്യപൂർവമായ ഒരു സംഭവമാണ്. ചരിത്രത്തിലും അതു തന്നെ ആവർത്തിച്ചു. 1978 ൽ രണ്ടു മാർപ്പാപ്പാമാരുടെ പെട്ടന്നുള്ള മരണത്തിനു ശേഷം പാപ്പായായി തെരഞ്ഞെടുക്കപ്പെട്ട ജോൺ പോൾ രണ്ടാമൻ ഇറ്റലിക്കാരനായിരുന്നില്ല, പോളണ്ടുകാരനായിരുന്നു. സഭാചരിത്രത്തിലെ നീണ്ട 455 വർഷങ്ങൾക്കു ശേഷം കത്തോലിക്കാ സഭയുടെ അമരത്ത് ഇറ്റലിക്കാരനല്ലാത്ത ഒരു മാർപ്പാപ്പ അവരോധിക്കപ്പെട്ടു. നോവലിലെ കിറിൽ ലക്കോട്ടയും പിൽക്കാല ചരിത്രത്തിലെ പോപ്പ് ജോൺപോൾ രണ്ടാമനും തമ്മിലുളള സമാനത ഇവിടെ ആരംഭിക്കുന്നു.

ഈ രണ്ട് മാർപ്പാപ്പമാരുടെ പേരുകൾ തമ്മിലുമുണ്ട് സാമ്യം. നോവലിലെ പുതിയ പാപ്പായുടെ പേര് കിറിൽ എന്നാണ്- കിറിൽ ലക്കോട്ട! ചരിത്രത്തിൽ ജോൺ പോൾ രണ്ടാമന്റെ യഥാർത്ഥ പേര് കരോൾ എന്നാണ്- കരോൾ ജോസഫ് വോയ്റ്റിവ!

മറ്റൊരു കൗതുകകരമായ സമാനത നോവലിലെ കിറിൽ ലക്കോട്ടയും ചരിത്രത്തിലെ കരോൾ വോയ്റ്റിവയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്. കിറിൽ ലക്കോട്ട കമ്മ്യൂണിസ്റ്റ് റഷ്യയിൽ നിന്നും കരോൾ വോയ്റ്റിവ കമ്മ്യൂണിസ്റ്റ് പോളണ്ടിൽ നിന്നുമാണ്.

ഈ രണ്ടു പാപ്പാമാരും ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളോടു ധീരമായി പൊരുതി ഉയർന്നു വന്നവരാണ്. നോവലിലെ കിറിൽ ലക്കോട്ട മത മർദ്ദകരുടെ ക്രൂര പീഢനത്തിനിരയായി പതിനേഴു കൊല്ലം സൈബീരിയയിലെ തടവറയിൽ നരകയാതന അനുഭവിച്ച ആളാണ്.

ജോൺ പോൾ രണ്ടാമൻ പാപ്പ അതിനേക്കാൾ വേദനകളിലൂടെ കടന്നു വന്നയാളാണ്. അദ്ദേഹം ജനിക്കും മുമ്പേ ആകെയുണ്ടായിരുന്ന ഒരു സഹോദരി മരണപ്പെട്ടു. ഒമ്പതാം വയസ്സിൽ അമ്മ മരിച്ചു. അദ്ദേഹത്തിന് പന്ത്രണ്ടു വയസ്സുപ്പോൾ ഏക സഹോദരനും 21 വയസ്സു പ്രായമുള്ളപ്പോൾ പിതാവും മരണപ്പെട്ടു. ഇരുപത്തിയൊന്നാം വയസ്സിൽ തീർത്തും അനാഥനായ കരോൾ വോയ്റ്റിവ അന്നന്നത്തെ അന്നത്തിനായി പാറമടയിലും ജലശുദ്ധീകരണ ശാലയിലുമൊക്കെ തൊഴിലാളിയായി എല്ലുമുറിയെ പണിയെടുത്തു. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ട വറുതിയുടെ നാളുകളിൽ തന്റെ ജീവൻ പോലും തൃണവദ്ഗണിച്ച് രഹസ്യമായി സെമിനാരിയിൽ ചേർന്നു പഠിച്ചു. പല തവണ നാസിപ്പടയുടെ തോക്കിൻ മുനയിൽപ്പെട്ടെങ്കിലും വലിയൊരു നിയോഗത്തിനു വേണ്ടി ദൈവം അദേഹത്തിന്റെ ജീവനെ കാത്തുവച്ചു. വൈദികനാവുന്നതിനും രണ്ടു വർഷം മുമ്പ് വലിയൊരു ട്രക്കപകടത്തെ അദ്ദേഹം അതിജീവിച്ചു. മാർപ്പാപ്പയായ ശേഷവും ദുരന്തങ്ങൾ അദ്ദേഹത്തെ കൈവിട്ടില്ല. 1981 ൽ മുഹമ്മദ് അലി അഗ്കാ എന്ന കൊലയാളി അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തി. മൂന്നു ബുള്ളറ്റുകൾ അദ്ദേഹത്തിന്റെ ശരീരം തുളച്ചു കയറിയെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങിയില്ല. ജീവിതത്തിലേക്കും ശുശ്രൂഷയിലേക്കും തിരിച്ചു വന്ന അദ്ദേഹം പാർക്കിൻസൺസ് രോഗത്താൽ ഏറെ വേദന സഹിച്ചാണ് 2005 ൽ തന്റെ ജീവിതം പൂർത്തിയാക്കിയത്. സഹനങ്ങളുടെ രാജകുമാരൻമാരായിരുന്നു നോവലിലെയും ചരിത്രത്തിലേയും പുതിയ മാർപ്പാപ്പമാർ.

അവിടം കൊണ്ടും തീരുന്നില്ല. മാർപ്പാപ്പയായ ശേഷം രണ്ടു പാപ്പാമാർക്കും അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികൾക്കുമുണ്ട് സമാനത. നോവലിലെ പാപ്പയായ കിറിൽ ലക്കോട്ടയ്ക്ക് നേരിടേണ്ടി വന്ന ഒരു പ്രതിസന്ധിയുണ്ട്. ഒന്നുകിൽ യാഥാസ്ഥിതികനായി സഭയെ നയിച്ച് ചുറ്റുമുള്ളവരുടെ കയ്യടി നേടി, ഒരു വെല്ലുവിളിയും ഏറ്റെടുക്കാതെ, മാറിയ ലോകത്ത് സഭയെ അപ്രസക്തമായ രീതിയിൽ നയിക്കുക. അല്ലെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികൾക്കിരയായ പാവപ്പെട്ട ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കാലാനുസൃതമായ രീതിയിൽ സഭയെ നയിച്ച് യാഥാസ്ഥിതികരുടെ എതിർപ്പു സമ്പാദിക്കുക! ഈ രണ്ടു വൈരുദ്ധ്യങ്ങൾക്കിടയിലുള്ള ആത്മസംഘർഷമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം

.ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കും അത്തരമൊരു വൈരുദ്ധ്യത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. 1962 ൽ സമ്മേളിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ കത്തോലിക്കാ സഭയുടെ ശൈലികളെ പൊളിച്ചെഴുതി കാലാനുസൃതമാക്കാനുള്ള ഒരു പരിശ്രമമായിരുന്നു. സഭയുടെ ദൈവശാസ്ത്ര സമീപനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയ ഒരു സമ്മേളനമായിരുന്നു അത്. സഭയുടെ വാതായനങ്ങൾ ലോകത്തിനു മുന്നിൽ മലർക്കെ തുറന്നിട്ട ഒരു ചരിത്ര സംഭവമായിരുന്നു അത്. ഈ കൗൺസിൽ മുന്നോട്ടു വച്ച പുരോഗമനാശയങ്ങളെ ഉൾക്കൊള്ളാൻ സഭയുടെ മനസ്സു പാകപ്പെടുത്തുക എന്ന ശ്രമകരമായ ഒരു ദൗത്യമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. യാഥാസ്ഥിതികർക്കും പുരോഗമനവാദികൾക്കും ഇടയിൽ പാലം പണിത ഒരു പൊന്തിഫെക്സായിരുന്നു ജോൺ പോൾ രണ്ടാമൻ പാപ്പാ. അനേകം ചാക്രിക ലേഖനങ്ങളിലൂടെ അദ്ദേഹം ജനങ്ങളെ നിരന്തരം പഠിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇനിയൊരു യുദ്ധമുണ്ടാവരുതെന്ന ആഹ്വാനവുമായി സമാധാനത്തിന്റെ ആ വെള്ളരിപ്രാവ് ഭൂമിയെ വട്ടമിട്ടു പറന്നു. ഏതാണ്ട് 135 ഓളം രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. അദ്ദേഹം സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ ഇരുപത്തിയെട്ടു തവണയെങ്കിലും ഈ ഭൂമിയെ വലം വയ്ക്കുന്ന ദൂരമുണ്ടത്. ഉരുക്കുമുഷ്ടിക്കാരായിരുന്ന ഗോർബച്ചേവും ഫിഡൽ കാസ്ട്രോയുമൊക്കെ അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾക്കു മുന്നിൽ കുഞ്ഞാട്ടിൻ കുട്ടികളെപ്പോലെ മെരുങ്ങി. ആഴമായ ദൈവ വിശ്വാസവും ഉള്ളിൽ സ്നേഹവും ചുണ്ടിൽ പുഞ്ചിരിയുമായി നാട്യങ്ങളില്ലാത്ത ആ മനുഷ്യൻ ഏറ്റവും പ്രസക്തനായ ഒരു ലോക നേതാവായി മാറി. ഇഴകീറി പരിശോധിച്ചാൽ ഇതുപോലെ ഒട്ടനേകം സമാനതകൾ ഇനിയും കണ്ടെത്താനുണ്ട്.

History anticipated in literature എന്നു വേണമെങ്കിൽ നമുക്കിതിനെ വിശേഷിപ്പിക്കാം. അതായത് ചരിത്രം- കാലത്തിന്റെ പൂർണ്ണതയിൽ പിറക്കും മുമ്പേ സാഹിത്യത്തിൽ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നു. The Shoes of the Fisherman ഉം ജോൺ പോൾ രണ്ടാമൻ പാപ്പായും ചരിത്രത്തിലെ കൗതുകങ്ങളായി നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ഒരു കാര്യം കൂടി! ജപമാല മാസമായ ഒക്ടോബറിൽ ലോകം കണ്ട ഏറ്റവും വലിയ മരിയഭക്തരിൽ ഒരാളായ ജോൺ പോൾ രണ്ടാമനെ ഓർമ്മിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 1978 ഒക്ടോബർ 16 നാണ് അദ്ദേഹം പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടത്. 2005 ഒക്ടോബർ 22 നാണ് വിശുദ്ധനായ അദ്ദേഹത്തിന്റെ തിരുനാൾ സഭ ആഘോഷിക്കുന്നത്.

https://www.youtube.com/c/SHEENPALAKKUZHY

ഷീൻ പാലക്കുഴി

Share News