
സാധാരണജനങ്ങൾ ആകാശവാണി പരിപാടികളിലൂടെയായിരുന്നു സമയംവരെ കണക്കാക്കിയിരുന്നത്
ആകാശവാണി തിരുവനന്തപുരം.. ആലപ്പുഴ…’ കാലങ്ങളായി മലയാളികൾ കേട്ടുശീലിച്ച അറിയിപ്പിൽ ഇനി ആലപ്പുഴ ഉണ്ടാവില്ല. എഫ്.എം. പരിപാടി മാത്രമായിരിക്കും ഇനി ആലപ്പുഴയിൽനിന്ന് കേൾക്കുക. ഇവിടത്തെ മീഡിയംവേവ് പ്രക്ഷേപിണിയുടെ പ്രവർത്തനം നിർത്താൻ പ്രസാർഭാരതി ഉത്തരവിട്ടു. ഇതോടെ വടക്കൻ കേരളത്തിലും ലക്ഷദ്വീപ്, കവരത്തി, തമിഴ്‌നാട്ടിലെ തിരുനെൽവേലി, മധുര എന്നിവിടങ്ങളിലും കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും.…
കേരളത്തിലെ ഏറ്റവും ശക്തികൂടിയ പ്രക്ഷേപിണിയാണ് ആലപ്പുഴയിലേത്- 200 കിലോവാട്ട് ശേഷിയുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ നിലയങ്ങളിൽ തീരെ ശേഷികുറഞ്ഞവയാണുള്ളത്. തിരുവനന്തപുരത്തുള്ളത് വെറും 20 കിലോവാട്ടിന്റെതാണ്. തിരുവനന്തപുരം സ്റ്റേഷന്റെ റിലേസ്റ്റേഷനാണ് ആലപ്പുഴ. അതുകൊണ്ടാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽപ്പോലും തിരുവനന്തപുരം നിലയത്തിലെ പരിപാടികൾ വ്യക്തതയോടെ കേൾക്കുന്നത്. ഈ രണ്ടു ജില്ലകളിലെയുൾപ്പെടെ ശ്രോതാക്കൾ വാർത്തയ്ക്കുംമറ്റും പ്രധാനമായും ആശ്രയിക്കുന്നതും ആലപ്പുഴവഴിയുള്ള തിരുവനന്തപുരം നിലയത്തെയാണ്.
1971-മുതൽ കേട്ടുശീലിച്ച ആലപ്പുഴയെയാണ് പ്രസാർഭാരതി മലയാളികളിൽനിന്ന് അടർത്തിമാറ്റുന്നത്. ആദ്യം ചെറിയശേഷിയിൽ തുടങ്ങി പിന്നീട്, ആലപ്പുഴ നിലയത്തെ ഉയർത്തിക്കൊണ്ടുവന്നു. കടലിൽപ്പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പും കർഷകർക്ക് ‘വയലുംവീടും’ പോലുള്ള പരിപാടികളും ഏറെ പ്രയോജനപ്പെടുന്നവയായിരുന്നു.
ആലപ്പുഴയിലെ എഫ്.എം. നിലയത്തിനു ചെറിയ ചുറ്റളവിലേ പരിപാടികൾ എത്തിക്കാൻ കഴിയൂ. മറ്റുസംസ്ഥാനങ്ങളിലെ നിലയങ്ങളിലെ പ്രക്ഷേപിണികൾ കാലാനുസൃതമായി മാറ്റിയിരുന്നെങ്കിലും ആലപ്പുഴയിലേത് മാറ്റാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. ഇവിടെയുള്ള യന്ത്രസാമഗ്രികൾ മറ്റുനിലയങ്ങളിലേക്കു മാറ്റാനും ഉത്തരവിലുണ്ട്….
സാധാരണജനങ്ങൾ ആകാശവാണി പരിപാടികളിലൂടെയായിരുന്നു സമയംവരെ കണക്കാക്കിയിരുന്നത്. അവരുടെ ജീവിത ക്ലോക്കിന്റെ താളമാണ് ഇതോടെ നിലയ്ക്കുന്നത്…
കടപ്പാട്