
രാമായണം ഒരു പുനർവായന’ എന്നാണ് പുസ്തകത്തിന്റെ പേര്, പേര് ഇഷ്ടമായില്ലെങ്കിൽ ഒന്നു പരിഷ്കരിച്ചു തരണം.’
രവിയേട്ടന് അത്യാവശ്യമായി കാണണം, വേഗം വരൂയെന്നു പറഞ്ഞുകുഴിക്കട രാധാകൃഷ്ണൻ ചേട്ടൻ വിളിച്ചു.
തിരുവനന്തപുരത്ത്മനോരമ റോഡിന്റെ തുഞ്ചത്ത് മോഡൽ സ്കൂൾ ജംങ്ഷനിലെ കുഴിക്കടയിലെ വലിയൊരു മേശയ്ക്കു ചുറ്റും ആറേഴു പേരു കൂടിയിരുന്ന് വൈകിട്ടൊരു സദസുണ്ട്.
രാഷ്ട്രീയം ഒഴികെ സിനിമയും സാഹിത്യവും ഫുട്ബോളും അങ്ങനെ എന്തും പറയാം…കേൾക്കാം.
ചെല്ലുമ്പോൾ രവിയേട്ടൻ ഒറ്റയ്ക്കാണ്. വിരലു താടിയ്ക്കൂന്നി വലിയ ചിന്താഭാരത്തിൽ.കണ്ടയുടനെ പറഞ്ഞു, ‘ശ്രീരാമനെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചും ചിലതു പറയാനുണ്ട്. എല്ലാം കേട്ടശേഷം ആരാണ് മികച്ചയാളെന്നു പറയണം.’രണ്ടുമണിക്കൂറോളം രാമായണവും മഹാഭാരതവും താരതമ്യം ചെയ്തു.സമയം പോയതറിഞ്ഞില്ല, ബോറടിച്ചില്ല.
സംശയങ്ങൾ കയ്യോടെ തന്നെ വച്ചലക്കി. ചോദ്യങ്ങൾക്കു മുന്നിൽ ബഹുസന്തോഷം. ആവേശത്തോടെയുള്ള മറുപടികൾ. ‘ഇനി പറയൂ രാമനോ കൃഷ്ണനോ.. ആരാണു കേമൻ?’‘മര്യാദാ പുരുഷോത്തമനായ ശ്രീരാമൻ തന്നെ’– ഞാൻ പറഞ്ഞു.‘സീ..അതാണു പോയിന്റ്..’
രവിയേട്ടൻ വിരലെന്റെ നേരേ ചൂണ്ടി.‘രാവണ നിഗ്രഹത്തിനുശേഷം ലങ്കയിൽ നിന്നെത്തുന്ന സീത അഗ്നിശുദ്ധിക്കു തയ്യാറാവുകയാണ്. അതു ചെയ്തിട്ടും ജനങ്ങൾക്കിടയിലെ സംശയം നീങ്ങുന്നില്ല. ജനമെന്നു പറയുമ്പോൾ എല്ലാവരുമില്ല. കുറച്ചുപേർ മാത്രം. സീതയുടെ സൗന്ദര്യം കണ്ടു മോഹിച്ചല്ലേ രാവണൻ തട്ടിക്കൊണ്ടുപോയത്. അപ്പോൾ പാതിവ്രത്യത്തിന് ഭംഗം വന്നിട്ടുണ്ടാകുമോ എന്നാണവരുടെ സംശയം.
ഭരണത്തലവന് പ്രജകളുടെ സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് സീതയെ ഉപേക്ഷിക്കാൻ ലക്ഷ്ണനൊപ്പം കാട്ടിലേക്കു പറഞ്ഞു വിടുകയാണ്.
എന്തിനാണു യാത്രയെന്നു സീതയ്ക്ക് അറിയില്ല. കുറെ ദൂരം പിന്നിട്ടപ്പോൾ ലക്ഷ്മണൻ വിങ്ങിക്കരയാന് തുടങ്ങി. അനിയനെന്താ കരയുന്നതെന്ന് സീത ചോദിച്ചു. ഏടത്തിയയെ ഉപേക്ഷിക്കാൻ കൊണ്ടുപോവുകയാണെന്നു മറുപടി.സീതയ്ക്ക് അതു കേട്ടിട്ട് ഒരു പരിഭ്രമവുമില്ല.അനിയൻ കരയരുത്. രാമന്റെയുള്ളിൽ നിറയെ സ്നേഹമുണ്ടല്ലോ. ആ സ്നേഹം ആരു ശ്രമിച്ചാലും ഇല്ലാതാകുന്ന ഒന്നല്ല. പരസ്പരം വേർപിരിഞ്ഞാലും കാണാതിരുന്നാലും ആ ഇഷ്ടത്തിന് ഇളക്കം തട്ടുന്നില്ല. ആരുടെയെങ്കിലും പേരിലോ പഴിയിലോ സംശയത്താലോ അത് ഇല്ലാതാകുന്നുമില്ല.
യുദ്ധത്തിലും പ്രണയത്തിലു വിശ്വാസമാണു ബലം. സൗന്ദര്യവും.
യുദ്ധത്തിലെ കൃഷ്ണന്റെ നീതിശാസ്ത്രത്തെപ്പറ്റിയും വിശദീകരിച്ച ശേഷം പറഞ്ഞു, രാമനെ എന്തുകൊണ്ടാണ് മര്യാദാ പുരുഷോത്തമൻ എന്നു വിളിക്കുന്നതെന്നു മനസ്സിലായില്ലേ..?കോവിഡ് മറന്നു കൈകൊടുത്തു.‘കിടിലോൽക്കിടിലമാണല്ലോ. ഇതുടനെ പുറത്തുവരണം.’‘വരും.. പത്ത് അധ്യായങ്ങൾ കഴിഞ്ഞു.’‘രാമായണം ഒരു പുനർവായന’ എന്നാണ് പുസ്തകത്തിന്റെ പേര്, പേര് ഇഷ്ടമായില്ലെങ്കിൽ ഒന്നു പരിഷ്കരിച്ചു തരണം.’
പുതിയ കാലത്തെ ഇതിഹാസ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പുസ്തകമാണ് ഇത്.മുല്ലക്കര രത്നാകരൻ സഖാവിന്റെ ‘മഹാഭാരതത്തിലൂടെ’ എന്ന പുസ്തകം ഈയിടെ പുറത്തുവന്ന് നാലഞ്ചു പതിപ്പു പിന്നിട്ടു.
സിപിഐയുടെ സമുന്നത നേതാക്കളെല്ലാം രാമായണത്തേയും മഹാഭാരതത്തേയും അധികരിച്ച് പുസ്തകമെഴുതകയാണോ എന്നു ചോദിച്ചപ്പോൾ അതിനെന്താ കുഴപ്പമെന്ന് രണ്ടു പ്രാവശ്യം ആവർത്തിച്ചുള്ള ചോദ്യം.
ശരിയാ…അല്ലേലും ആരു തുഴഞ്ഞാലും തീരാത്തത്ര കടൽപ്പരപ്പല്ലേ രാമായണവും ഭാരതവുമൊക്കെ.

T B Lal