പ്രസവിച്ച ഉടൻ മക്കളെ തെരുവിലെറിഞ്ഞുകടന്നുകളഞ്ഞ അവിവാഹിതരായ അമ്മമാർ കുരിയൻചേട്ടനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു.
ഒരു ഇതിഹാസത്തിൽ മുങ്ങിത്താന്ന പ്രതീതിയാണ് ചിലരുടെ ജീവിതകഥകൾ നമ്മിൽ സൃഷ്ടിക്കുന്നത്. അവർ നടന്നുവന്ന ഇരുൾമൂടിയ അഗ്നിപഥങ്ങൾ വിസ്മയത്തുമ്പത്തെത്തിക്കുന്നതോടൊപ്പം നമ്മെ അനിർവചനീയമായ ഒരു ജീവിതദർശനത്തിന്റെ കാൽച്ചുവട്ടിൽ തളച്ചിടുന്നു. സങ്കല്പിക്കാത്തതു സങ്കല്പിക്കുകയും പ്രവർത്തിക്കാത്തത് പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് പുതിയൊരു ഭാവുകത്വത്തിന്റെ അദ്ധ്യാസനക്കാരായി ചരിത്രത്തിന്റെ ലാവണ്യസങ്കല്പങ്ങളെ തിരുത്തിയെഴുതുന്നവർ.
ഇവർ വരച്ചിടുന്ന സ്വാർത്ഥരഹിതമായ ജീവിതത്തിന്റെ സുവർണലിപികൾ വായിച്ചുമനസ്സിലാക്കുവാൻ നാം തപസ്സിരിക്കണം. അണയാത്ത ക്ലേശങ്ങളുടെ മുഖത്തുനോക്കി സധൈര്യം മുന്നോട്ടുകുത്തിച്ച ഇവരുടെ കഥകൾ കേൾക്കുമ്പോൾ, കഷ്ടപ്പാടുകളിലൂടെ അവതീർണമാക്കപ്പെടുന്ന ഇതിഹാസജീവിതങ്ങളുടെ ചൂടും ചൂരും നിറഞ്ഞ പാതയോരത്താണ് നാം എത്തിച്ചേരുന്നത്.
ശുന്യതയിൽനോക്കി നാം ചോദിച്ചുപോകുന്നു, ഇങ്ങനെയും ചിലർ ഈ ഭൂമുഖത്തു ജീവിച്ചിരുന്നല്ലോ?
ഞാൻ പറഞ്ഞുവരുന്നത്, തൂവെള്ള വസ്ത്രംധരിച്ചു എപ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി ഒരു സൈക്കിളിൽ വൈപ്പിൻ ഗ്രാമത്തിന്റെ കോണുകളിലൂടെ യാത്രചെയ്ത സർവോദയം കുരിയനെപ്പറ്റിയാണ്. അദ്ദേഹം മണ്മറഞ്ഞുപോയിട്ട് 21 വർഷങ്ങൾ കഴിഞ്ഞു.
1999 ഇൽ ഇതുപോലൊരു ജൂലൈമാസത്തിലാണ്, പരിത്യജിക്കപ്പെട്ടവരുടെ കാവലാൾ എന്ന് വൈപ്പിൻകാർ ഏറ്റുപറഞ്ഞ ആ പുണ്യപുരുഷൻ ഈ ലോകം വിട്ടുപോയത്. പ്രസവിച്ച ഉടൻ മക്കളെ തെരുവിലെറിഞ്ഞുകടന്നുകളഞ്ഞ അവിവാഹിതരായ അമ്മമാർ കുരിയൻചേട്ടനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു. അവരുടെ ചോരക്കുഞ്ഞുങ്ങളെ പാലും സ്നേഹവും നൽകി വളർത്തിവലുതാക്കിയത് സാവോദയം കുരിയൻ എന്ന ഏകാംഗപ്രസ്ഥാനം.
ആരോരുമില്ലാത്ത പരശ്ശതം കുഞ്ഞുങ്ങൾ ആ വൃദ്ധന്റെ കൈകളിൽ കിടന്നു വളർന്നു. പുഴുവരിച്ചു ഓടയിൽ കിടന്ന അനാഥശിശുക്കൾ പിന്നീട് ഡോക്ടർമാരും എഞ്ചിനീയർമാരുമായി. രാവിലെ സൈക്കിളിൽ വൈപ്പിനിലൂടെ ഊരുചുറ്റുന്ന കുരിയൻചേട്ടന്റെ മടക്കയാത്രയിൽ കയ്യിലൊരു പൊതിക്കെട്ടുകാണും, വഴിയോരത്തുകിടന്ന ഒരു പിഞ്ചുകുഞ്ഞും
അന്ന് വൈപ്പിനിൽ പടർന്നുപിടിച്ച വസൂരി രോഗികളെ പരിചരിക്കാനും കുരിയൻ ചേട്ടൻ എത്തി. സ്വന്തക്കാർ പോലും ഉപേക്ഷിച്ച വസൂരിപിടിച്ചു മരിച്ചവരെ മറവു ചെയ്യാൻ സർവോദയം കുരിയൻ യാതൊരു മടിയുമില്ലാതെ എത്തി (ചിത്രം കാണുക)
ഇന്ന് കോവിഡ് 19 ബാധിച്ചവരോട് അനാദരവ് കാണിക്കുന്നത് കൂടാതെ അവരുടെ മൃതദേഹം മറവു ചെയ്യാന്പോലും വിസമ്മതിക്കുകയും അറച്ചുനിൽക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ നിന്നുകൊണ്ട് നിറമിഴികളോടെ ഞാൻ കുര്യാൻചേട്ടനെ ഓർമിച്ചുപോകുന്നു. തീർന്നില്ല, ആലുവ ജില്ലാശുപത്രിയിൽ ചികിത്സകിട്ടാതെ ആംബുലൻസിൽവച്ചു ദാരുണമായി മരിക്കേണ്ടിവന്ന രോഗിയുടെ ചിത്രം ഇന്നത്തെ പത്രത്തിൽ കണ്ടു.
മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്നാണ് തെളിഞ്ഞത്. അപ്പോൾ സംഗതികൾ അവിടം വരെ എത്തി. കോവിഡ് ബാധിച്ചിട്ടില്ലാത്തവർക്കുപോലും തങ്ങളുടെ മറ്റസുഖങ്ങൾക്കായി ആശുപത്രിയിൽ പോകാൻ പറ്റാത്ത സാഹചര്യം. കൃത്യസമയത്തു ചികിത്സ കിട്ടാതെ പോകുമോ എന്ന ആശങ്ക. ഈ ഭീതിയും ഭയവും സമൂഹത്തിൽനിന്ന് മാറണം. അനാവശ്യമായി ആൾക്കാരെ ഭയപ്പെടുത്തുന്ന വാർത്തകൾ കൊടുക്കാതിരിക്കാൻ ദൃശ്യപത്രമാധ്യമങ്ങൾ ശ്രമിക്കണം. ഭയപ്പെടുത്തൽ ഒന്നിനും പരിഹാരമല്ല. ക്രിയാത്മകമായ ബോധവത്കരണത്തിലൂടെ ഏവരെയും ഈ മഹാമാരിക്കെതിരായ മുൻകരുതലുകളെടുക്കാൻ പ്രാപ്തമാക്കണം. ഈ അവസ്ഥയെ അതിജീവിച്ചു മുന്നോട്ടുപോകാൻ പര്യാപ്തമായ ഒരു മനഃശക്തിയും കരുതലുമാണ് സമൂഹത്തിനാവശ്യം.
സർവോദയം കുരിയൻ എന്ന പുണ്യപുരുഷന്റെ ജീവിതവും പ്രവർത്തിയും നമ്മുടെ സമൂഹത്തിനു പ്രചോദനമാകട്ടെ. 2013 ലെ “സർവോദയം കുരിയൻ സ്മാരക അവാർഡ്” ഈ എളിയവനാണ് ലഭിച്ചത്. എറണാകുളത്തും പരിസര ദ്വീപുകളിലുമുള്ള സാധുജനങ്ങൾക്കു നൽകുന്ന ആതുരശുശ്രുഷയെ പരിഗണിച്ചുകൊണ്ടാണ് എനിക്ക് ആ പുരസ്‌കാരം ലഭിച്ചത്. ഈ അയോഗ്യനായ ഞാൻ ആ വലിയ പുരസ്‌കാരത്തിന് എങ്ങനെ അർഹനായി എന്നത് ഇന്നും അതിശയിപ്പിക്കുന്ന വസ്തുത. ദൈവം ദാനമായി എനിക്ക് തന്ന കുറച്ചുകഴിവുകൾ നിരാലംബരായ രോഗികൾക്ക് നൽകാൻ പരിശ്രമിക്കുന്നു എന്ന് മാത്രം.
നിങ്ങളുടെ എളിയ ഡോ ജോർജ് തയ്യിൽ
Dr-George Thayil
Cardiologist (MD,FACC,FRCP), Author, Columnist