ചികിത്സയ്ക്കൊപ്പം സൗജന്യ ഭക്ഷണവും നൽകുന്ന ആലപ്പുഴകാരന്‍ ഡോക്ടർ

Share News

തന്റെയരികിലെത്തുന്ന പാവപ്പെട്ട രോഗികൾക്കു ചികിത്സയ്ക്കൊപ്പം ഭക്ഷണവും സൗജന്യമായി നൽകുന്ന ഒരു ഡോക്ടർ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലുണ്ട് – പേര് ഡോ. സാബു സുഗതൻ. ശമ്പളത്തിൽനിന്ന് പ്രതിമാസം 25,000 മുതൽ 30,000 രൂപവരെ ഡോക്ടർ അതിനായി നീക്കിവെക്കുന്നു.

ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന പാവപ്പെട്ട രോഗികളോടു ‘വല്ലതും കഴിച്ചോ’ എന്നാകും ജീവനക്കാരുടെ ആദ്യചോദ്യം. ഇല്ലെന്നാണു മറുപടിയെങ്കിൽ ഒരു ടോക്കൺ നൽകും. ടോക്കണിൽ ‘തേൻ തുള്ളി’ എന്ന് അച്ചടിച്ചിട്ടുണ്ട്. അതുമായി തൊട്ടടുത്ത പൊന്നീസ് ഹോട്ടലിലെത്തിയാൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുണ്ടതിൽ.

ഡോകടർ പണം നൽകുന്ന സൗജന്യ ഭക്ഷണമാണതെന്നു രോഗികൾക്കു തോന്നാത്തവിധമാണ് ഹോട്ടലുകാരുടെ പെരുമാറ്റം. നാലുവർഷമായി ഡോ. സാബു സുഗതൻ അതു ചെയ്യുന്നുണ്ട്. ഹോട്ടലിൽവന്നു ഭക്ഷണം കഴിക്കാൻ മടിക്കുന്നവർക്ക് പാഴ്സലായി ആശുപത്രിയിലെത്തിച്ചു നൽകാറുണ്ടെന്നും ഹോട്ടലുടമ ഷൈലജ പറഞ്ഞു.

സർക്കാർ പദ്ധതിയാണു തേൻതുള്ളിയെന്നു വിചാരിക്കുന്ന രോഗികൾ ഏറെയാണ്. ഒ.പി. യിലെത്തുന്ന ചില രോഗികൾ വളരെ ദരിദ്രരാണ്. അത്തരക്കാർക്ക് അരിയും സാധനങ്ങളും വാങ്ങിനൽകാനും ഡോക്ടർ ചുമതലപ്പെടുത്താറുണ്ടെന്ന് ഷൈലജ പറഞ്ഞു. എല്ലാമാസവും അതിനായി വേണ്ടിവരുന്ന തുകയും ഡോക്ടർ കൃത്യമായി നൽകും.

ഡോക്ടറുടെ അച്ഛൻ എസ്.എൽ.പുരം സ്വദേശി സുഗതൻ പാരമ്പര്യ വൈദ്യനായിരുന്നു. വീട്ടിൽ ചികിത്സ തേടി ഒട്ടറെപ്പേർ എത്തുമായിരുന്നു.

ഭക്ഷണം കഴിക്കാതെ വരുന്നവർക്കെല്ലാം സുഗതൻ വൈദ്യർ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഊണു കൊടുക്കുമായിരുന്നു. അതു കണ്ടുവളർന്നതുകൊണ്ടാണ് ഡോ. സാബുസുഗതനും ആ വഴിയേ ചിന്തിച്ചതും രോഗികളുടെ വിശപ്പകറ്റാൻ തന്നാലാകുന്നതു ചെയ്യുന്നതും.

തേൻതുള്ളി’യെക്കുറിച്ചറിയാൻ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ വാർത്ത നൽകേണ്ടെന്നായിരുന്നു നിലപാട്. ഇടതുകൈ ചെയ്യുന്നതു വലതുകൈ അറിയരുതെന്ന് ഡോക്ടർക്കു നിർബന്ധം.

ഒടുവിൽ, ഹോട്ടലുടമകളാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

Courtesy: Mathrubhumi

Thomas Arackal

Share News