
വലിയ ഹൃദയമുള്ളവർ!?
“അമ്മയുമച്ഛനുമുള്ളേടം
നമ്മുടെ വീടെന്നറിയുന്നു’
(വീടുകള്‍ – കെ. വി. രാമകൃഷ്ണന്‍)
അച്ഛനമ്മമാര്‍ ഇല്ലാതായാല്‍പ്പിന്നെ വീട് നമ്മുടെ വീടാകുന്നതെങ്ങനെ?
അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീടിനെ പുതുക്കിപ്പണിതുകൊണ്ടിരിക്കും. ഓര്‍മ്മകളെന്നാലോ?
അത് കര്‍മ്മങ്ങളുടെ ബാക്കിപത്രങ്ങളാണ്. നന്നായിച്ചെയ്ത കര്‍മ്മങ്ങള്‍ നല്ല ഓര്‍മ്മകളായി നമ്മെത്തന്നെ പുനസൃഷ്ടിക്കും.
അമ്മച്ചി നിത്യതയിലേക്കു യാത്രയായിട്ട് മാസമൊന്നു തികഞ്ഞിട്ടില്ല. സങ്കടത്തോടെയല്ല, സംതൃപ്തിയോടെയാണ് ഈ കുറിപ്പെഴുതുന്നത്.

കാരണം, രോഗനാളുകളില്‍ പരിചരിക്കാനും നന്മരണത്തിന് സാക്ഷിയാകാനും കഴിഞ്ഞതുതന്നെ. ഇപ്പറഞ്ഞ കാര്യം ലോകത്താദ്യമായി നടക്കുന്നതല്ല. എങ്കിലും അതേക്കുറിച്ച് പലരും പറയാറില്ലെന്നു തോന്നി. അതിനാല്‍ത്തന്നെ അതേപ്പറ്റിയൊക്കെ പറയുന്നതും എഴുതുന്നതും ആവശ്യമാണെന്നും തോന്നി.

ഏഴു സഹോദരിമാരുടെ ഏകസഹോദരനായ ഞാന്‍ അമ്മച്ചിയെ വേണ്ടുംവണ്ണം സംരക്ഷിച്ച് പരിചരിച്ചുവെന്നു കേള്‍ക്കുമ്പോള്‍ എനിക്കു തോന്നാറുണ്ട്; ഈ കേട്ടതില്‍ ഒരു തിരുത്തു വേണം. ഞാനല്ല, പ്രിയതമ മിനിക്കുട്ടിയാണ് ഏറിയ പങ്കും ചെയ്തത്.
ഒട്ടുമിക്ക കുടുംബങ്ങളിലും അതല്ലേ സ്ഥിതി?
ആണ്‍മക്കള്‍ വൃദ്ധമാതാപിതാക്കളെ സംരക്ഷിച്ചുവെന്നു പറയുമ്പോള്‍ അതിന്റെ പിന്നില്‍ അധ്വാനിച്ചത് മരുമക്കളാവും. അതിനു മനസില്ലാത്തയിടങ്ങളിലെ ദുരവസ്ഥകളെക്കുറിച്ച് പറയേണ്ടതുമില്ല.
നാത്തൂന്മാരൊക്കെ ആവുംപോലെ വന്ന് ശുശ്രൂഷിക്കുമ്പോഴും അല്ലാത്തപ്പോഴും മിനിക്കുട്ടിക്ക് അമ്മച്ചിയെ പിരിഞ്ഞിരിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. ആ ഇഷ്ടത്തെ ദൈവമനുഗ്രഹിച്ചത് കോവിഡ്കാലത്തിലൂടെയായിരുന്നു. മാസങ്ങളോളം, രാപകല്‍ അമ്മച്ചിയോടൊപ്പം കഴിയാന്‍ അവസരമേകി.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുവരികയും മിനിക്കുട്ടിക്ക് ഓഫീസില്‍ പോവുകയും ചെയ്യേണ്ടിവന്നപ്പോഴും അമ്മച്ചിയെ പരിചരിക്കുന്നതില്‍ വലിയ തടസ്സം നേരിട്ടില്ല. കേരള വാട്ടര്‍ അതോറിറ്റിയുടെ കളമശേരിയിലെ ഓഫീസില്‍, സാധ്യമായ ഇളവുകളോടെ ജോലിചെയ്യാന്‍ അവസരമൊരുങ്ങി. അവശ്യസന്ദര്‍ഭങ്ങളില്‍ ലീവെടുക്കാനും ഫയലുകള്‍ വീട്ടിലെത്തിച്ച് നോക്കിത്തീര്‍ക്കാനുമൊക്കെ അനുമതിയും അവസരവും നല്‍കിയ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. പി. ശ്രീകുമാര്‍ സാര്‍, അന്നാളുകളിലെ യാത്രകളില്‍പ്പോലും ഒപ്പംകൂട്ടുകയും സഹാനുഭൂതി നിറഞ്ഞ വാക്കുകള്‍ക്കപ്പുറം അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

ഓഫീസിലെ സഹപ്രവര്‍ത്തകരും മിനിക്കുട്ടിക്ക് വലിയ പിന്തുണ നല്‍കി.
വീട്ടിലൊരാള്‍ക്ക് രോഗം വന്നാല്‍ കുടുംബാന്തരീക്ഷമാകെ താറുമാറാകുന്നത് നമ്മൾ കാണാറുണ്ട്. വേണ്ടത്ര പണമുണ്ടായാല്‍പ്പോലും അത്തരം തകിടംമറിച്ചിലുകളെ അതിജീവിക്കാന്‍ പലപ്പോഴും പറ്റാറില്ല. അവിടെയാണ് ജോലിസ്ഥലത്തുനിന്നുള്ള പിന്തുണയ്ക്ക് ആയിരപ്പവന്‍ സമ്മാനിക്കേണ്ടത്. നാം ഉണര്‍ന്നിരിക്കുന്ന നേരത്ത് സിംഹഭാഗവും ചെലവഴിക്കുന്നത് ജോലിസ്ഥലത്താണല്ലോ.
ഓര്‍മ്മകള്‍ പതിനെട്ടുവര്‍ഷം പിന്നിലേക്കെത്തുമ്പോള്‍, ഒരു മാസത്തോളം രോഗശയ്യയില്‍ക്കിടന്ന് അന്ത്യയാത്ര പറഞ്ഞ ചാച്ചനെ (അപ്പന്‍) കാണാം. അന്ന് മിനിക്കുട്ടിക്ക് സ്വകാര്യസ്ഥാപനത്തിലാണ് ജോലി. ആലുവ ചുണങ്ങംവേലിയിലെ കൃപാഭവന്‍ ഐടിസിയില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിപ്പിക്കുന്നു. ചാച്ചന്റെ പരിചരണത്തിന് അമ്മച്ചിമാത്രം പോരാത്ത സാഹചര്യം. ചേച്ചിമാര്‍ വന്നുപോകുന്നുണ്ടെങ്കിലും മിനിക്കുട്ടി കുറച്ചുകാലം ലീവെടുക്കാന്‍ തീരുമാനിച്ചു. അന്നത്തെ പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു കിരിയാന്തന്‍ സിഎംഐ പറഞ്ഞതിങ്ങനെ: “ടീച്ചര്‍ ലീവെടുക്കേണ്ട. പരിചരണം മുടക്കുകയും വേണ്ട. വീട്ടിലാളുള്ള നേരം നോക്കി വന്ന് പഠിപ്പിച്ചാല്‍ മതി.” ഒരു മാസത്തിനുള്ളില്‍ ചാച്ചന്റെ മരണം വരെ ആ സൗകര്യം മിനിക്കുട്ടിക്ക് സഹായകമായി.
മനസു പതറിയും ശരീരം തളര്‍ന്നുമൊക്കെ, ദിവസമേതെന്നുകൂടി നിശ്ചയമില്ലാതെ പ്രിയപ്പെട്ടവര്‍ക്ക് നന്മരണം നേര്‍ന്നു കൂടെയിരിക്കുമ്പോള്‍ സഹപ്രവര്‍ത്തകരും മേലധികാരികളും കാണിക്കുന്ന മനുഷ്യത്വത്തിന് മൂല്യമേറെയാണ്. അതിന്റെ മാധുര്യമറിഞ്ഞവരുടെ മനസുപറയും: ‘മരിച്ചാലും മറക്കില്ലാട്ടോ.’
രണ്ടു സന്ദര്‍ഭങ്ങളിലും മിനിക്കുണ്ടായ മധുരാനുഭവം എനിക്കു നല്‍കിയ സമാശ്വാസവും ആത്മാഭിമാനവും ഏറെ വലുതാണ്. സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് നിയമങ്ങളെ ലംഘിക്കാതെ കാരുണ്യത്തിന്റെ കരസ്പര്‍ശം കിട്ടുന്നത് എത്ര ആശ്വാസകരമാണ്! അതു മിനിക്കുട്ടിക്കു കിട്ടി. അതേസമയം ആത്മാര്‍ത്ഥതയോടെയുള്ള സേവനം തിരികെനല്‍കിപ്പോന്നത് സാക്ഷ്യപ്പെടുത്തുവാന്‍ സഹപ്രവര്‍ത്തകരും അധികാരികളും തയ്യാറാകുമെന്നാണ് എന്റെ ഉറപ്പ്.
വലിയ സൗകര്യങ്ങളുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനപ്പുറം, വലിയ ഹൃദയമുള്ള മനുഷ്യരോടൊപ്പം ആയിരിക്കുന്നതിലാണ് കാര്യമെന്നുകൂടി കുറിക്കട്ടെ.

വ്യക്തികളെയും കുടുംബങ്ങളെയും പരിഗണിക്കുന്ന സംസ്‌കാരം നമ്മുടെ സ്ഥാപനങ്ങളില്‍ വളര്‍ന്നുവരട്ടെ.

ഷാജി മാലിപ്പാറ