മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം?

Share News

മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം?

അവനവനോ മറ്റുള്ളവർക്കോ അപകടം ഉണ്ടാകാനിടയുള്ള വിധത്തിലുള്ള മനോരോഗ ലക്ഷണങ്ങൾ ഒരു വ്യക്തി പ്രകടിപ്പിച്ചാൽ മാനസികാരോഗ്യ പരിപാലന നിയമത്തിലെ സെക്ഷൻ നൂറു (ഒന്ന്) ബി പ്രകാരം പൊലീസിന് സ്വമേധയാ ഇടപെടാം. അതിന്‌ ആരും പരാതി എഴുതി കൊടുക്കേണ്ടതില്ല.

അത്തരം വ്യക്തിയെ പ്രാഥമിക പരിശോധനകൾക്കായി അടുത്തുള്ള സർക്കാർ മാനസികാരോഗ്യ സംവിധാനത്തിൽ സുരക്ഷാ മുൻകരുതലോടെ ഹാജരാക്കാം. വേണ്ടി വന്നാൽ ഈ നിയമപ്രകാരം അടിയന്തര ചികിത്സ നൽകുകയും ചെയ്യാം.

സമ്മതം നൽകുവാൻ പറ്റാത്ത മാനസിക നിലയിലാണെങ്കിൽ അടുത്ത ബന്ധുവിനെ ബോധ്യപ്പെടുത്തി വേണം ഇത് ചെയ്യാൻ.

മാനസികാരോഗ്യ പരിപാലന നിയമം മനോരോഗിയുടെയും മറ്റുള്ളവരുടെയും സംരക്ഷണക്കായി പൊലീസിന് നൽകുന്ന അധികാരം കൃത്യമായി പ്രയോജനപ്പെടുത്തിയിരുന്നെ ങ്കിൽ ചമ്പക്കരയിൽ ഇത്തരം ദുരന്തം ഉണ്ടാവില്ലായിരുന്നു.

ഇവിടെ അത്തരം ഒരു സാധ്യത ചൂണ്ടി കാണിക്കപ്പെട്ടു. ഇത് സത്യമെങ്കിൽ ചികിത്സ കൊണ്ട് രക്ഷപ്പെടുമായിരുന്നു ഒരാൾ കൊലപാതകിയായി. പാവം അമ്മ മരണപ്പെട്ടു.

പോലീസ് ഉണർന്ന് പ്രവർത്തിക്കാത്തത് കൊണ്ട് ഇരട്ട ദുരന്തം.

മാനസികാരോഗ്യ പരിപാലന നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണം പൊലീസിന് നൽകണമെന്ന് അടുത്ത ഇടയാണ്‌ ഹൈക്കോടതി നിർദ്ദേശിച്ചത്.

ഇത്തരം വേളകളിൽ സ്വീകരിക്കേണ്ട നടപടിയുടെ പ്രോട്ടോകോൾ എല്ലാ പോലീസ് സ്റ്റേഷനിലും വേണ്ടതാണ്.

(ഡോ :സി ജെ ജോൺ)

Drcjjohn Chennakkattu

Share News