
ആത്മീയതയുടെ രാജകീയം
പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻവയലിൽ ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ടാകുന്നു.
നവംബർ 21 പിതാവിൻ്റെ ചരമവാർഷിക ദിനമാണ്. അക്ഷരാർത്ഥത്തിൽ തന്നെ പാലായുടെ ആത്മീയ മഹാചാര്യനായിരുന്നു വയലിൽപ്പിതാവ്.
പാലാ വലിയ പള്ളി ഇടവകയിൽപ്പെട്ട കുടുംബങ്ങ ളായിരുന്നു മൂലയിലും വയലിൽ കളപ്പുരയും. ദത്താവകാശമുറക്ക് വയലിൽ കളപ്പുര ത്രേസ്യാമ്മയെ മൂലയിൽ കുഞ്ഞുദേവസ്യാ വിവാഹം ചെയ്ത വകയിലാണ് അവരുടെ മകൻ വയലിൽ കളപ്പുര വി.ഡി.മാണി ആയതു്. പള്ളിപ്പേരു സെബാസ്റ്റ്യനും. എല്ലാവരും വാത്സല്യത്തോടെ വിളിച്ചത് മാണിക്കുട്ടി എന്നാണ്. പിന്നീടു് വൈദികനായപ്പോൾ മാണിക്കുട്ടിയച്ചനായി. ബിഷപ്പായപ്പോൾ മാണി സെബാസ്റ്റ്യൻ വയലിലും. എല്ലാവരും സ്നേഹാദരവോടെ വയലിൽ പിതാവെന്നു വിളിച്ചു. ഔദ്യോഗിക രേഖകളിലെല്ലാംബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ എന്നായി.
പ്രാഥമിക വിദ്യാഭ്യാസം കുടുംബവീടിനടുത്തുള്ള പാറപ്പള്ളി സർക്കാർ സ്കൂളിലായിരുന്നു. തുടർന്നു പാലാ സെൻ്റ് തോമസ് സ്കൂളിലും ഹൈസ്കൂൾ പഠനം മാന്നാനം സെൻ്റ് എപ്രേംസിലുമായി.. ഡിഗ്രിക്കു ചേർന്നതു് തൃശ്ശിനാപ്പള്ളി സെൻ്റ് ജോസഫ് കോളജിൽ ആയിരുന്നെങ്കിലും 1924ൽ തമിഴ്നാട്ടിൽ ഉണ്ടായ വലിയപ്രളയവും തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളും കാരണം അന്ന് ഒട്ടേറെ വിദ്യാർത്ഥികൾക്കു ഇൻറർ മീഡിയറ്റു പഠനം മുടങ്ങി .
. പിന്നീടു് ചങ്ങനാശ്ശേരി എസ്.ബി കോളജിൽ ചേർന്നു കോഴ്സ് പൂർത്തിയാക്കുകയായിരുന്നു. ഡിഗ്രി തിരുവനന്തപുരം – ആർട്സ് കോളജിലായിരുന്നു.’ ചേർന്നതു്. പ്രൊഫ. രംഗസ്വാമി അയ്യരും ഡോ.സി.വി. ചന്ദ്രശേഖരനു മൊക്കെയായിരുന്നു അധ്യാപകർ .
1928ൽ ബി.ഏ. പാസ്സായി. മാന്നാനത്തും തൃശ്ശിനാപ്പള്ളിയിലും പഠിക്കുന്ന കാലത്തു കത്തോലിക്കാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു മദ്യവർജന രംഗത്തും മലബാർ കാത്തലിക് സ്റ്റുഡൻ്റ്സ് ലീഗിലും സജീവമായിരുന്നു.: ഏതാനും സതീർത്ഥ്യരുമൊത്ത് മീനച്ചിൽ താലൂക്ക് മദ്യവർജന സമിതി ഉണ്ടാക്കുക മാത്രമല്ല ആ വകയിൽ അക്കൊല്ലത്തെ താലൂക്കു അബ്കാരി ലേലം ആളുകളെക്കൊണ്ടു ബഹിഷ്ക്കരിപ്പിക്കു കയും ചെയ്തു.
റീജൻ്റ് മഹാറാണിയുടെ ഭരണ കാലമായിരുന്നു. പിന്നീട് അന്നത്തെ ദിവാൻ ഡബ്ളിയു. ഏ. വാട്സ് തന്നെ നേരിട്ടു പാലായിൽ വന്നു ക്യാമ്പുചെയ്താണ് രണ്ടാമതു ലേലം ഉറപ്പിച്ചത്. അതോടെ വി.ഡി.മാണി എന്ന വിദ്യാർത്ഥി നേതാവു നാട്ടിലും താരമായി.ഡിഗ്രി കഴിഞ്ഞതോടെ പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ അധ്യാപകനാവാൻ സാദ്ധ്യത വന്നിട്ടും അതു വേണ്ടെന്നു വച്ചു വൈദികപഠന ത്തിനു കോട്ടയം പെറ്റി സെമിനാരിയിലും തുടർന്നുവരാപ്പുഴ പുത്തൻപള്ളി സെമിനാരിയിലും ചേരുകയായിരുന്നു.
എഴുത്തിലും വായനയിലും എന്നതുപോലെ തന്നെ വാഗ്മിത്വ വൈഭവത്തിലും മാണിക്കുട്ടിയച്ചൻ സെമിനാരിക്കാലത്തു തന്നെ അധ്യാപകരുടെയും സതീർത്ഥ്യരുടെയും ശ്രദ്ധ നേടുകയുണ്ടായി.. 1935 ഡിസംബർ 21നു ബിഷപ്പ് മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു.തുടർന്ന് പാലാ വലിയ പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയും പാലാ സെൻ്റ് തോമസ് ഹൈസ്കൂ ളിൽ അധ്യാപകനുമായി. സ്കൂളിൻ്റെ അസിസ്റ്റൻറ് മാനേജരും. ഏതാനും വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളജിൽ നിന്നും എൽ.ടി.ബിരുദവുമെടുത്തു.
കാത്തലിക് ഹോസ്റ്റലി ലായിരുന്നു താമസം.അവിടെതാമസിച്ചു ലോ കോളജിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ കെ.പി.ഹോർമീസ് ,പി.ടി.ചാക്കോ, കെ.എം. ജോർജ് തുടങ്ങിയവരൊക്കെ പിതാവിനു സതീർത്ഥ്യരുമായി. എൽ.ടി. ബിരുദം കൂടി എടുത്തു തിരിയെ പാലായിൽ വന്നു ഒരു വർഷ ത്തിനുളളിൽ പാലാ സെൻ്റ് തോമസ് ട്രെയിനിംഗ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന മാത്യു. എം. കുഴിവേലി തിരുവിതാംകൂർ സർവകലാശാലയിലേക്ക് ഉദ്യോഗം മാറിയപ്പോൾ 6 ട്രയിനിംഗ് സ്കൂൾ ഹെഡ്മാസ്റ്റർ പദവിയിൽ നിയമിതനായതു് മാണിക്കുട്ടിയച്ചനായിരുന്നു.
വൈദികനായ ശേഷവും മാണിക്കുട്ടിയച്ചൻ ദേശീയവാദിയായും ഗാന്ധിഭക്തനായും തുടർന്നുവെന്നതാണ് ശ്രദ്ധേയം. സ്റ്റേറ്റ് കോൺഗ്രസിനെയും സ്വാതന്ത്യ സമരത്തെയും രഹസ്യമായും പരസ്യമായും പിൻതുണച്ചു. രാഷ്ട്രീയമായി ഗാന്ധി – നെഹ്റു സ്കൂളിനോടായിരുന്നു ഒരു ദേശീയ വാദിയെന്ന നിലയിൽ മാണിക്കൂട്ടിയച്ചൻ്റെ ആഭിമുഖ്യം.
പാലാ കോളജിൻ്റെ സ്ഥാപനവുമായി ബന്ധപ്പെട്ടു കമ്മറ്റി രൂപീകരിച്ചപ്പോൾ ബിഷപ്പ് മാർ കാളാശ്ശേരി അതിൻ്റെ പ്രസിഡൻ്റായി അന്നു നിയോഗിച്ചതും മാണിക്കുട്ടിയച്ചനെയാണ്. കോളജിൻ്റെ ഉൽഘാടന ദിവസമായിരുന്ന 1950 ആഗസ്റ്റ് ഏഴാം തീയതി തന്നെയാണ് ചങ്ങനാശ്ശേരി രൂപത വിഭജിച്ചും പാലാ രൂപത സ്ഥാപിച്ചും ഫാദർ മാണി സെബാസ്റ്റ്യൻ വയലിലിനെ ആദ്യ ബിഷപ്പായി നിയമിച്ചും റോമിൽ നിന്നുമുള്ള കൽപ്പന എത്തിയതും. വരാപ്പുഴ സെമിനാരിയിൽ സതീർത്ഥ്യനായിരുന്ന മാത്യു കാവുകാട്ടച്ചൻ കാലം ചെയ്ത കാളാശ്ശേരി പിതാവിൻ്റെ പിൻഗാമിയായി ചങ്ങനാശ്ശേരിയിലും ബിഷപ്പായി .
ഒരു ഞെട്ടിൽ വിരിഞ്ഞ രണ്ടു പൂക്കൾ എന്നായിരുന്നു പത്രങ്ങളെല്ലാം പുതിയ ബിഷപ്പുമാരെ വിശേഷിപ്പിച്ചത്.രണ്ടു ബിഷപ്പുമാരുടെയും മെത്രാഭിഷേകച്ചടങ്ങു നവംബറിൽ റോമിലായിരുന്നു. നൂറു കാറുകളുടെ അകമ്പടിയോടെയാണ് റോമിൽ നിന്നും തിരിച്ചെ ത്തിയ വയലിൽപ്പിതാവിനെ കൊച്ചിയിൽ നിന്നും പാലായിലേക്കു ആഘോഷമായി സ്വീകരിച്ചാനയി ച്ചത്.
1951 ജനുവരി നാലാം തീയതി പാലാ വലിയ പള്ളിയിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിലാണ് മാർ സെബാസ്റ്റ്യൻ വയലിൽ പാലാ രൂപതയുടെ പ്രഥമ ബിഷപ്പായി ചുമതലയേറ്റത്.’. പൊതുവേ വയലിൽ പിതാവു ഒരു യാഥാസ്ഥിത കനായിട്ടാണ് വിലയിരുത്തപ്പെട്ടതെങ്കിലുംചുമതലയേറ്റശേഷം പള്ളികളിൽ വായിക്കു ന്നതിനായി പിതാവു പുറപ്പെടുവിച്ച രണ്ടു കൽപ്പനകളും — ഇടയലേഖനങ്ങൾ — വലിയ വാർത്താപ്രാധാന്യം നേടിയെന്നു മാത്രമല്ല പൊതു സമൂഹത്തിലും പത്രങ്ങളിലും ചർച്ചയ്ക്കും വഴിവച്ചു.
ആദ്യത്തേതു് പള്ളിപ്പെരുന്നാളുകളോ ടനുബന്ധിച്ചു രാത്രി വളരെ വൈകി നടത്തപ്പെട്ടി രുന്ന വെടിക്കെട്ടു മത്സരങ്ങൾ നിരോധിച്ചു കൊണ്ടുള്ള കല്പനയായിരുന്നു. പള്ളിപ്പെരുന്നാളൂ കൾക്കു വെടിക്കെട്ടു ഒഴിവാക്കാനാവാത്ത ഒരു പതിവായി പരിഗണിക്കപ്പെട്ടിരുന്ന കാലത്താണ് പാലാ രൂപതയിലെ പള്ളികളിൽ വയലിൽപ്പിതാവു വെടിക്കെട്ടു നിരോധിച്ചതു്.
വെടിക്കെട്ടുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചു വിശദമായി പ്രതിപാദിച്ചു കൊണ്ടാണ് പിതാവു നിരോധനമേർപ്പെടുത്തി യതു് . എന്നിട്ടും അതിനെതിരെ ശക്തമായ എതിർപ്പുണ്ടായി.
ഒരു വിഭാഗം വൈദികർ പോലും എതിർപ്പുയർത്തി. പക്ഷേ പിതാവ് നിലപാടിലുറച്ചു നിന്നുവെന്നു മാത്രമല്ല തൻ്റെ രണ്ടാമത്തെ കല്പനവഴി പെരുന്നാളുകളോടു അനുബന്ധിച്ചു പള്ളിമുറ്റത്തു പലപ്പോഴും രാത്രി വെളുക്കുവോളം നടത്തപ്പെട്ടിരുന്ന നാടക-നൃത്തകലാ പരിപാടികളും തടഞ്ഞു.
തിരുനാളിൻ്റെ മറവിൽ പലപ്പോഴും സാമൂഹികവിരുദ്ധരുടെ സ്വതന്ത്ര വിഹാരവും അസന്മാർഗി കളുടെ അഴിഞ്ഞാട്ടവുമാണ് അരങ്ങേറുന്ന തെന്നും ബിഷപ്പു തുറന്നടിച്ചു. ആത്മീയ ഇടയനെന്ന നിലയിൽ ഇത്തരം തെറ്റായ പ്രവണതകളെ എതിർക്കേണ്ടതും സാധ്യമായ നിലയിലെല്ലാം ചെറുക്കേണ്ടതും തൻ്റെ ധാർമ്മികമായ ചുമതലയും ഉത്തരവാദിത്വ വുമാണെന്ന നിലപാടിൽ ബിഷപ്പു ഉറച്ചു നിന്നു.
പള്ളികളുടെ തിരുനാൾ വരുമാനത്തേ സാരമായി ബാധിക്കുമെന്ന വാദങ്ങൾക്കു മുന്നിൽപ്പോലും വയലിൽപ്പിതാവു് വഴങ്ങിയതുമില്ല.ബോധ്യമുള്ള നിലപാടുകളിൽ പിതാവിനു നയതന്ത്രങ്ങൾ ഉണ്ടായിരുന്നില്ല എന്നതായിരുന്നു യഥാർത്ഥ്യം. പിതാവിൻ്റെ വാക്കും പ്രവർത്തിയും എന്നും എല്ലാക്കാലത്തും ഒരു പോലെ സുതാര്യമായിരുന്നു.ആദ്യത്തെ മൂന്നു വർഷങ്ങൾ കൊണ്ടു തന്നെ രൂപതയിലെ എല്ലാ ഇടവകകളിലും പിതാവു നേരിൽ സന്ദർശിച്ചു ആത്മീയ നിലവാരവും പള്ളികളുടെ സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തി. ആവശ്യമായ പരിഹാര നടപടികളും നടപ്പാക്കി.
1953 ൽ കത്തീഡ്രൽ പള്ളിക്കു കല്ലിട്ടെങ്കിലും പള്ളി പണിയും ബിഷപ്സ് ഹൗസ് പണിയും മാറ്റിവച്ചു കൊണ്ടാണ് മുൻഗണനാക്രമം മാറ്റി വയലിൽപ്പിതാവു ആദ്യം വൈദിക പരിശീലനത്തിനു വേണ്ടി രൂപതാ സെമിനാരിയും തുടർന്നു അധ്യാപക പരിശീലന ത്തിനു ബി.എഡ്. കോളജും തുടങ്ങിയതു്. പിതാവിൻ്റെ മനസ്സ് എന്നും ഒരു അധ്യാപകൻ്റെ തായിരുന്നുവെന്നതാണ് സത്യം . യാഥാർത്ഥ്യവും. പാലാ സെൻ്റ് തോമസ് കോളജിനു പുറമേ പെൺകുട്ടി കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി പാലായിൽ അൽഫോൻസാ കോളജു തുടങ്ങിയതും പിതാവ് തന്നെ. പിന്നീടു കുറവിലങ്ങാട്ട് ദേവമാതാ കോളജിനും അരുവിത്തുറയിൽ സെൻ്റ് ജോർജ് കോളജിനും തുടക്കം കുറിച്ചു. പിതാവിൻ്റെകാലത്തു സ്ഥാപിച്ച സ്കൂളുകൾക്കും ഹൈസ്കൂളുക ൾക്കും ഇതര സാങ്കേതിക പരിശീലന കേന്ദ്രങ്ങൾക്കും കണക്കില്ല.
പാലായെ കേരളത്തിലെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കിയതിൻ്റെ ഫുൾ ക്രെഡിറ്റും മറ്റാരേ ക്കാളും വയലിൽ പിതാവിനു മാത്രമുള്ളതാണ്. പിന്നീട് വന്ന പിൻഗാമികളും പിതാവിൻ്റെ വഴി തന്നെ മാതൃകയാക്കി. മാർ പള്ളിക്കാപറമ്പിലിൻ്റെ കാലത്തു സെൻ്റ് ജോസഫ് എൻജിനീയറിംഗ് കോളജും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടും വന്നു.

സംസ്ഥാനതലത്തിൽ തന്നെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു ശക്തമായ ഒരു മദ്യ വിരുദ്ധ ജനകീയ മുന്നണി രൂപീകരിച്ചു കൊണ്ടു വയലിൽ പ്പിതാവിൻ്റെ മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും മാർ പള്ളിക്കാപ്പറമ്പിൽ അനുയോജ്യനായ പിൻഗാമിയായി. അംശവടിയും പിടിച്ചു തൊപ്പിയും വച്ച് വിശേഷ സന്ദർഭങ്ങളിൽ പിതാവു മലയാള റാസ കുർബാന ചൊല്ലുമ്പോൾ കാഴ്ചയിലും പിതാവിന് ഒരു കർദ്ദിനാളിൻ്റെ ലുക്കും അനന്യമായ ശബ്ദ ഗാംഭീര്യവുമുണ്ടെന്നു സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തിയവരുംനിരവധി പേരുണ്ടായിരുന്നു!!’
ഇല്ലായ്മയിൽനിന്നും എന്നതുപോലെയാണ് കല്ലറങ്ങാട്ടു പിതാവും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി പണിതുയർത്തിയത്. ആ വകയിൽ ആദ്യമൊക്കെ പിതാവു കേട്ട വിമർശനങ്ങൾക്കും നേരിട്ട എതിർപ്പുകൾക്കും കണക്കില്ല. അതൊന്നുംകല്ലറങ്ങാട്ടു പിതാവിൻ്റെയും നിശ്ചയദാർഢ്യ ത്തിനു മുന്നിൽ തടസ്സമായില്ല.
താരതമ്യേന കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും വിദഗ്ധ ചികിത്സാ സൗകര്യം തൊട്ടടുത്തു തന്നെ പ്രാപ്യമായിരിക്കുന്നുവെന്ന് അന്നത്തെ വിമർശകരും ഇപ്പോൾ സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രഭാഷണ കലയിലും കല്ലറങ്ങാട്ടു പിതാവു് വയലിൽ പിതാവിൻ്റെ വഴിയിൽത്തന്നെയാണ്സ്വന്തം സിംഹാസനമുറപ്പിച്ചിരിക്കുന്നത്.പാണ്ഡിത്യത്തിലോ ശബ്ദഗാംഭീര്യത്തിലോ വിഷയവൈദഗ്ധ്യത്തിലോ ആശയങ്ങളുടെ ആധികാരി കതയിലോ അർത്ഥ വ്യാഖ്യാനത്തിലോ മാർ കല്ലറങ്ങാട്ടിനൊപ്പം നില്ക്കാൻ കഴിയുന്ന സഭാ പിതാക്കളോ പ്രഭാഷകരോ ഗ്രന്ഥകർത്താക്കളോ അധികമില്ലല്ലോ. പിതാവിൻ്റെ പ്രസംഗങ്ങൾപാണ്ഡിത്യത്തിൻ്റെ മറുപേരാണെന്നു പറയുന്നതാവും കൂടുതൽ ശരി.
വയലിൽപ്പിതാവിൻ്റെ സുറിയാനി യിലുള്ള ആഘോഷമായ പൊന്തിഫിക്കൽ പാട്ടു കുർബാന ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ അതിൻ്റെ അനുഭവം ജീവിതത്തിൽ മറക്കാനിടയില്ല. ഇപ്പോൾ കല്ലറങ്ങാട്ടു പിതാവിൻ്റെ സുറിയാനി പാട്ടുകുർബാനയും വ്യത്യസ്തമായ ഒരു ആത്മീയാനുഭവം തന്നെ. വയലിൽ പിതാവിൻ്റെ ഭക്തിയും കൈപ്പുണ്യവും കൈവയ്പ്പു വഴി പിതാവിൻ്റെ പിൻഗാമികൾക്കും കിട്ടിയിരിക്കുന്നു വെന്നു വിശ്വസിക്കു വാനാണ് എനിക്കിഷ്ടം.

മാർപ്പാപ്പാ “കരുണയുടെ വർഷം ” പ്രഖ്യാപിച്ചപ്പോൾ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ പിതാവും അനന്യമായ സ്നേഹസാക്ഷ്യ ത്തിലൂടെ താൻ അന്നുവരെകണ്ടിട്ടുപോലുമില്ലാ തിരുന്ന ഒരു സഹോദരനു നേരേ കരുണയുടെ വാതിൽ തുറക്കുകയായിരുന്നല്ലോ. അവയവ സ്വീകർത്താവിൻ്റെ ജാതിയോ മതമോ മുരിക്കൻ പിതാവും പരിഗണിച്ചതേയില്ല....
പ്രകൃതിയും പരിസ്ഥിതിയുമാണ് എപ്പോഴും പിതാവിൻ്റെ മനസ്സിൽ. ഭക്തനാണ്. നക്ഷത്ര വശാൽ മുരിക്കൻ പിതാവിന് സന്യാസ യോഗമാവണം. ലാളിത്യമാണ് എന്നും പിതാവിൻ്റെ മുഖമുദ്ര.
പാലാ രൂപതക്കു ഒരു ‘ “ ഇടയ ഭാഗ്യം” ഉണ്ടെന്നതിൽ തർക്കമേതുമില്ല.-.പക്ഷേ പാലാ രൂപതയുടെ എല്ലാ നന്മകൾക്കും പിൽക്കാലത്തെ സർവ്വൈശ്വര്യങ്ങൾക്കും അടിസ്ഥാനപരമായി നാം കടപ്പെട്ടിട്ടുള്ളതു്വയലിൽപ്പിതാവിനോടാണെന്നു തന്നെ സാരം!വയലിൽപ്പിതാവു എല്ലാ അർത്ഥത്തിലും തൻ്റെ കാലഘട്ടത്തിലെ കഥാപുരുഷനായിരുന്നു വെന്ന താണ് ശരി.
കർദ്ദിനാളും ആർച്ചുബിഷപ്പന്മാരു മൊക്കെ സഭയിൽ വേറേ ഉണ്ടായിരിക്കുമ്പോഴും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും മറ്റാരേക്കാളും ശ്രദ്ധിക്കപ്പെട്ട മതനേതാവും ആത്മീയാചാര്യനുംമാർ സെബാസ്റ്റ്യൻ വയലിൽ ആയിരുന്നുവെന്നു പറയുന്നതിനു ആർക്കും രണ്ടാമതൊന്നാലോചി ക്കേണ്ടതില്ല. .
വിമോചന സമര മധ്യേ അങ്കമാലിയിലെ പോലീസു വെടിവയ്പിൻ്റെ ഫലമായി ഏഴ് സന്നദ്ധ ഭടൻമാർ രക്തസാക്ഷികളായപ്പോൾ സംഭവസ്ഥലത്തു അര മണിക്കൂറിനുള്ളിൽ പഞ്ഞെത്തിയ നേതാവു് സാക്ഷാൽ പനമ്പള്ളി ഗോവിന്ദമേനോനായിരുന്നു. ജനങ്ങളെ അക്രമാസക്തരാകാതെ ശാന്തമാ ക്കിയും എന്നാൽ വെടിയേറ്റ രക്ത സാക്ഷികളെ ക്കണ്ടു വികാരഭരിതനായും അവിടെ പനമ്പള്ളി ചെയ്ത പ്രസംഗം അദ്ദേഹത്തിൻ്റെ രാഷ്ടീയ ജീവിതത്തിൽ പനമ്പള്ളി ചെയ്ത ഏറ്റവും സമുജ്വല മായ രാഷ്ട്രീയ പ്രസംഗങ്ങളിലൊന്നായിട്ടാണ് കരുതപ്പെടുന്നത്.പിറ്റേന്നു രക്ത സാക്ഷികളുടെ കബറടക്കം അങ്കമാലിപ്പള്ളിയിലായിരുന്നു. . പ്രധാന കാർമ്മികൻ എറണാകുളം മെത്രാപ്പോലീത്താ ആയിരുന്ന കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിലും. മറ്റു മതമേലദ്ധ്യക്ഷൻ മാർക്കൊപ്പം ബിഷപ്പ് വയലിലും പള്ളിയിൽ സന്നിഹിതനായിരുന്നു.
സംസ്ക്കാര കർമ്മങ്ങ ൾക്കിടയിലാണ് മാർ പാറേക്കാട്ടിൽ ചരമ പ്രഭാഷണ ത്തിനായി വയലിൽ ‘പിതാവിനോ ടാവശ്യപ്പെടുന്നത്. വയലിൽ പിതാവ് ചെയ്ത ഏറ്റവും പ്രൗഢമായതും വികാരനിർഭര മായതൂമായ പ്രഭാഷണങ്ങളിലൊന്നായിരുന്നു അത്. പള്ളിക്കകത്തെ ബഞ്ചുകളിലൊന്നിൽ പനമ്പള്ളിയും അന്ന് എം.പി. യായിരുന്ന ജോർജ് തോമസ് കൊട്ടുകാപ്പള്ളിയും അടുത്തടുത്താണി രുന്നിരുന്നത്.
വയലിൽ പിതാവു പ്രസംഗമവസാ നിപ്പിച്ച നിമിഷം പനമ്പള്ളി ഗോവിന്ദമേനോൻ കൊട്ടുകാപ്പള്ളിയുടെ കൈ സ്വന്തം കയ്യിലെടു ത്തിട്ടു പറഞ്ഞുവത്രേ “തൊമ്മച്ചാ, ആളുകൾ ഇതുവരെ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചതും ഞാൻ വിശ്വസിച്ചതും കേരളത്തിലെ ഒന്നാമത്തെ പ്രഭാഷകൻ ഞാനാണെന്നായിരുന്നു. എന്നാൽ ഇന്ന് നിങ്ങളുടെ ഈ ബിഷപ്പ് എന്നെ തോല്പിച്ചി രിക്കുന്നു” .
കേരളം കണ്ട അക്കാലത്തെ ഏറ്റവും പ്രഗൽഭനായിരുന്ന പ്രഭാഷകനാണ് വയലിൽ പിതാവിനു സ്വന്തം സിംഹാസനം അങ്കമാലി പ്പള്ളിയിൽ വച്ചു അന്നു സ്വമനസ്സാലേ ഒഴിഞ്ഞു കൊടുത്തതു്. !!
വിശ്വാസപരമായ കാര്യങ്ങളിൽ വയലിൽ പിതാവ് ഒട്ടൊരു യാഥാസ്ഥിതികനും പാരമ്പര്യവാദിയു മായിരുന്നുവെന്ന് വിശ്വസിച്ചിരുന്നവരാണ് അധികം.
സഭയുടെ ചരിത്രപരമായ സുറിയാനി — കൽദായ പാരമ്പര്യങ്ങളിൽ പിതാവു വളരെ അഭിമാനിച്ചിരുന്നുവെന്നതു സത്യവുമാണ്.. എന്നാൽ പരിശുദ്ധ റോമാ മാർപ്പാപ്പായുടെ അധികാരത്തോടു എന്നും വിശ്വസ്തനും വിധേയനുമായിരുന്നു ബിഷപ്പ് വയലിൽ. .
രണ്ടാം വത്തിക്കാൻ കൗൺസിലിൽ ആദ്യന്തം പങ്കെടുത്ത ബിഷപ്പ് വയലിൽ കൗൺസിൽ ഡിക്രികളുടെ ചൈതന്യത്തെയും സത്തയേയും പൂർണമായും ഉൾക്കൊണ്ടു. സഭയിലെ അത്മായ പങ്കാളിത്ത ത്തെ എപ്പോഴും പ്രോത്സാഹിപ്പി ച്ചിരുന്നുവെന്നു മാത്രമല്ല സഭയെ അഭിഷക്തരും അത്മായരും ചേർന്നുള്ള ഉത്തരവാദിത്വ പൂർണ്ണമായ ഒരു പങ്കാളിത്തമായി — A Very Responsible Partnership — കാണാനും ബിഷപ്പു തയ്യാറായി .
അൻപതു വർഷം മുൻപ് വത്തിക്കാൻ കൗൺസിൽ നിശ്ചയങ്ങളുടെ പശ്ചാത്തലത്തിൽ രൂപതകളിലെല്ലാം പാസ്റ്ററൽ കൗൺസിലുകൾ രൂപീകരിച്ച പ്പോൾ എല്ലായിടത്തും ബിഷപ്പുമാർ തന്നെയായി രുന്നു കൗൺസിൽ പ്രസിഡൻ്റുമാർ. എന്നാൽ പാലായിൽ മാത്രം പ്രസിഡൻ്റിനു പുറമേ വയലിൽപ്പിതാവു ഒരു അത്മായനെ കൗൺസിൽ ചെയർമാനായി കൂടി നിയമിച്ചുകൊണ്ടാണ് സഭയിലെ ആത്മായ പങ്കാളിത്തത്തിനു അടിവരയി ട്ടത്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അഡ്വ. സി.എം. മാത്യു കുരീക്കാട്ടായിരുന്നു ആദ്യത്തെ ചെയർമാൻ.
പിന്നീടു വന്ന എല്ലാ പിൻഗാമികളും ആദ്യ ബിഷപ്പിൻ്റെ മാതൃക തന്നെ പിൻതുടരാനുള്ള സന്മനസ്സു കാണിച്ചു. റോമൻ കത്തോലിക്കാ സഭയിൽ പാലാ രൂപതയിൽ മാത്രമായിരിക്കും പാസ്റ്ററൽ കൗൺസിലിനു ഒരു അത്മായ ചെയർമാനുള്ളത്..
…വയലിൽ പിതാവു ഒരു തനി പാരമ്പര്യവാദി യായിരുന്നുവെന്നു വാദിക്കുന്നവർക്കുള്ള ഒരു മറുപടി കൂടി ചൂണ്ടിക്കാണിച്ചുവെന്നു മാത്രം! മറ്റു രൂപതകൾക്കും മാതൃകയാക്കാവുന്ന ഒരു നടപടിക്കാണ് വയലിൽ പിതാവ് അരനൂറ്റാണ്ടു മുൻപ് തുടക്കം കുറിച്ചത്.
കല്ലറങ്ങാട്ടു പിതാവിൻ്റെ കാലമായപ്പോൾ ആദ്യം ഡോ.ഏ.റ്റി.ദേവസ്യ സാറായിരുന്നു പാസ്റ്ററൽ കൗൺസിൽ ചെയർമാൻ. പാലാ കോളജിൽ എൻ്റെ ഗുരുവും ഗാന്ധിജി യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസിലറും. അദ്ദേഹത്തെ തുടർന്നാണ് എന്നെ പാസ്റ്ററൽ കൗൺസിൽ ചെയർമാനായി പിതാവു നാമനിർദ്ദേശം ചെയതതു്. അൽമായരെക്കുറിച്ചു വയലിൽപ്പിതാവിനുണ്ടായിരുന്ന പരിഗണനയും കരുതലും എത്ര വലുതായിരുന്നുവെന്ന് ഓർമ്മിച്ചു പോയി എന്നേയുള്ളു.
തുടർന്നു വന്നവർക്കും.വയലിൽ പിതാവും എൻ്റെ പിതാവ് ആർ.വി. തോമസു മായി വളരെ ആഴമായ ഒരു ആത്മബന്ധമാണുണ്ടായി.രുന്നതു്.
തൃശ്ശിനാപ്പള്ളി കോളജിൽ വയലിൽ പിതാവു ഇൻ്റർമീഡിയറ്റു ക്ലാസ്സിൽ ഒന്നാം വർഷം ചേരുമ്പോൾ ആർ.വി. തോമസ് ബി.ഏ.ഡിഗ്രിക്കു അവസാനവർഷ മായിരുന്നു. പ്രൊഫ.എം.പി. പോളും അലക്സാ ണ്ഡർ പറമ്പിത്തറയും ആർച്ചുബിഷപ്പു ഡോ. ജോസഫ് അട്ടിപ്പേറ്റിയും ആന്ധ്രയിലെ ആദ്യകാല മിഷണറിമാരിലൊരാളായിരുന്ന ഫാദർ സെബാ സ്റ്റ്യൻ പൂണ്ടിക്കൂളവുമൊക്കെ അക്കാലത്തു അവിടെ വിദ്യാർത്ഥികളായിരുന്നു.
1955 ൽ ളാലം പുത്തൻപള്ളിയിൽ എൻ്റെ പിതാവിൻ്റെ സംസ്കാര കർമ്മത്തിൽ മുഖ്യ കാർമികത്വം വഹിച്ചു പ്രസംഗിക്കവേ വികാരഭരിതനായി വാക്കുകൾ മുറിഞ്ഞു ഗദ്ഗദകണ്ഠനായി ചരമ പ്രസംഗം മുഴുമിപ്പിക്കാനാവാതെ പ്രാർത്ഥനയിലേക്കു മാറിയ ബിഷപ്പ് വയലിലിനെക്കുറിച്ചു അന്നു പത്രങ്ങൾ വാർത്ത എഴുതിയിരുന്നു.
അവസാനം വരെ ഞങ്ങളുടെ കുടുംബത്തോടും പിതാവു പ്രത്യേക വാൽസല്യവും കരുതലും കാട്ടി. ഞങ്ങളുടെ വീടിനു മുന്നിലൂടെ കടന്നു പോയിരു ന്നപ്പോഴൊക്കെ ഗേറ്റിനു മുന്നിൽ കാർ നിർത്തി ഹോൺ അടിക്കും. ഞങ്ങൾക്കും പിതാവിൻ്റെ കാറിൻ്റെ ഹോൺകേട്ടാലറിയാമായിരുന്നു. ഞങ്ങളെല്ലാം ഓടിച്ചെല്ലും. കാറിലിരുന്നു ഞങ്ങളെയെല്ലാം കൈ മുത്തിക്കും. അമ്മയോടും വിശേഷങ്ങൾ അന്വേഷിക്കും.
1984 ൽ ഞാൻ ആദ്യമായി ഒരു വീട് വയ്ക്കുന്ന സമയത്തു ആരോഗ്യ പരമായ പരിമിതികൾക്കി ടയിലും പിതാവു് തന്നെ വന്നു പുതിയ വീടിനു കല്ലിട്ടു. വീടു പിതാവു തന്നെ വെഞ്ചരിക്കണമെന്നതു പിതാവിൻ്റെയും എൻ്റെയും ആഗ്രഹമായിരുന്നു. പണി പൂർത്തിയാകുന്ന 1986 നവംബറിലെന്നു തീരുമാനിച്ചിരുന്ന ചടങ്ങാണ് പിന്നീടു പിതാവിൻ്റെ തന്നെ നിർദ്ദേശപ്രകാരം മുഴുവൻ പണിയും പൂർത്തിയാകും മുൻപേനേരത്തേയാക്കിയത്.. 1986 സെപ്റ്റംബർ 14 നു ഓണ ദിവസം പിതാവു തന്നെ വന്നു വീടിൻ്റെ ആശീർവാദം നിർവഹിച്ച നുഗ്രഹിച്ചു. വയലിൽ പിതാവു ആശീർവദിച്ച അവസാനഭവന മെന്ന അനുഗ്രഹപദവിയും അങ്ങിനെ ഞങ്ങളുടെ ഭവനത്തിനായി.
നവംബർ 21 നു പിതാവു കാലം ചെയ°തു. ഇന്നും ഞങ്ങളുടെ സന്ധ്യാ കുടുംബ പ്രാർത്ഥനയിൽ അഭിവന്ദ്യ വയലിൽ പിതാവിൻ്റെ പേരു മറക്കാതെ എല്ലാ ദിവസവും ഞങ്ങൾ ഓർമ്മിക്കുന്നുമുണ്ട്. ഒരു പക്ഷേ വയലിൽപ്പിതാവിനൊടൊപ്പം പിതാവിൻ്റെ കാറിൽ ഏറ്റവും കൂടുതൽ ഒന്നിച്ചു സഞ്ചരിച്ചതിൻ്റെ ബഹുമതിയും എനിക്കാവണം!
പലപ്പോഴും മദ്യവർജന സമ്മേളനങ്ങൾക്കും സ്കൂൾ വാർഷിക യോഗങ്ങൾക്കും പിതാവു തന്നെ ചെയർമാനായിരുന്ന എല്ലാ സഭകളും ചേർന്നുണ്ടായിരുന്ന സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി യോഗങ്ങൾക്കും പിതാവി നോടു ഒന്നിച്ചായിരുന്നു യാത്ര. അതു് എനിക്കു ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവവും പാഠവുമായിരുന്നുവെന്നതാണ് സത്യം. പാലായുടെ പഴയ കാലകഥകൾ പലതുംപിതാവിനു മന:പാഠമായിരുന്നു!
വയലിൽ പിതാവു ഔദ്യോഗിക ചുമതലയിൽ നിന്നും മാറിയ ശേഷമൊരിക്കലാണ് മാർ പള്ളിക്കാപറമ്പിൽ പിതാവുഎന്നോടു വയലിൽ പിതാവിനെക്കുറിച്ചു ഒരു പുസ്തകമെഴുതുന്ന തിനെക്കുറിച്ചു സൂചിപ്പിച്ചത്. അങ്ങിനെയാണ് ഒന്നിച്ചൊരു യാത്രയ്ക്കിടയി ഞാൻ വയലിൽ പിതാവിനോടു പുസ്തകക്കാര്യം സൂചിപ്പിച്ചതു്.
കോളജിലെ ജോലിക്കും പൊതു പ്രവർത്തനത്തിനുമിടയിൽ ബേബനു അതിനു സമയം കിട്ടുമോ എന്നായിരുന്നു എന്നോടു വയലിൽ പിതാവിൻ്റെ മറു ചോദ്യം. പിതാവു അനുവദിച്ചാൽ ഞാൻ ശ്രമിക്കാമെന്നു പറഞ്ഞപ്പോൾ ചിരിച്ചു.
31 വർഷമായി മുടങ്ങാതെ ഡയറി എഴുതിയട്ടുണ്ടെന്നും പക്ഷേ കൂട്ടക്ഷരത്തിലെഴുതിയതുകൊണ്ടു ഡയറി വായിക്കുവാൻ പ്രയാസമായിരിക്കുമെന്നും ചെറുചിരിയോടെ പിതാവു കൂട്ടിച്ചേർത്തു. കൂട്ടക്ഷരത്തിൽ ചേർത്തു ചേർത്ത്എഴുതുന്ന അഴീക്കോട് സാറിൻ്റെ കത്തുകളും മറ്റും വായിക്കാൻ പഠിച്ചുവെന്നു പറഞ്ഞപ്പോൾ അദ്ദേഹവും കൂട്ടക്ഷരത്തിലാണോ എഴുതുന്നതെന്നു ചോദിച്ചു. രണ്ടു ദിവസം കഴിഞ്ഞു കണ്ടപ്പോൾ പിതാവിൻ്റെ മൂന്നു ഡയറികൾ എന്നെ ഏല്പിച്ചു.
ഒരാഴ്ച കഴിഞ്ഞു കണ്ടപ്പോൾ പീരുമേട്ടിലെ പാലാ ഭവനിലോ കുറവിലങ്ങാട്ടെ ക്ലരീഷ്യൻ ഹൗസിലോ പോയി താമസിച്ചു രണ്ടു പേർക്കും കുടി ഡയറി വായിക്കാമെന്ന നിർദ്ദേശം പിതാവു പറഞ്ഞതുഞാനും സമ്മതിച്ചു. പല പ്രാവശ്യമായാണ് പീരുമേട്ടിലും ക്ലരീഷ്യൻ ഹൗസിലുo വാരാന്ത്യങ്ങൾ താമസിച്ചു പുസ്തകത്തിനുള്ള മാറ്റർ ശേഖരിച്ചത്.
പീരുമേട്ടിലെ പാലാ ഭവനിൽ ഫാദർ സ്കറിയാ ഇടക്കരയും കുറവിലങ്ങാട്ടെ ക്ലരീഷ്യൻ അച്ചന്മാ രുടെ ഹൗസിൽ ഫാദർ ജോസഫ് മാധവത്തെന്ന കുട്ടപ്പനച്ചനും ഞങ്ങൾക്കു നല്ല ആതിഥേയരായി. അവർ രണ്ടു പേരും വയലിൽ പിതാവിനോടു കാണിച്ച കരുതലും പരിഗണനയും ആദരവും എന്നെ അത്ഭുതപ്പെടുത്തി. പിതാവിനൊപ്പം ചെന്നതിൻ്റെ പരിഗണന എനിക്കും കിട്ടി.
പീരുമേട്ടിലായിരിക്കുമ്പോൾ പിതാവു എന്നും രാവിലെയും വൈകിട്ടും മുറിയിൽ എനിക്കു കുളിക്കുവാൻ ചൂടുവെള്ളം കിട്ടിയോ എന്നു വരെ അന്വേഷിക്കുകയും തണുപ്പടിക്കാതെ സൂക്ഷിക്ക ണമെന്നും നിർബന്ധമായും സ്വെറ്റർ ഇടണമെന്നുംവളരെ വാത്സല്യപൂർവം ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നതും നന്ദിയോടെ ഓർക്കുന്നു. പിതൃവാത്സല്യത്തിൻ്റെ മറുപേരായിരുന്നു വയലിൽ പിതാവെന്നു പറയുവാനാണ് എനിക്കിഷ്ടം.
1984 ൽ പുസ്തകം പൂർത്തിയാക്കി. “ബിഷപ്പ്വയലിൽ: ഒരു കാലഘട്ടത്തിൻ്റെ കഥ “ എന്നായിരുന്നു ടൈറ്റിൽ. പുസ്തകത്തിൻ്റെ മനോഹരമായ കവർ എറണാകുളത്ത് എസ്.റ്റി.റെഡ്യാരാണ് അടിച്ചതു്. പിതാവിൻ്റെ പ്രൗഢമായ മുഖചിത്രം. അച്ചടി പാലാ സെൻ്റ് തോമസ് പ്രസ്സിലും. അവതാരിക പ്രൊഫ. സുകുമാർ അഴീക്കോടിൻ്റെതായിരുന്നു. പുസ്തകത്തിൻ്റെ പേര് നിശ്ചയിച്ചു തന്നതും അഴീക്കോടു സാറായിരുന്നു. പ്രകാശനച്ചടങ്ങിനു പാലാ ടൗൺഹാളിൽ വയലിൽ പിതാവും സന്നിഹിതനായി.
വയലിൽ പിതാവു പിൽക്കാലത്തു .വളരെ മനോഹരമായ ഒരു ആത്മകഥയുമെഴുതി പൂർത്തിയാക്കി. “ദൈവമേ നിൻ്റെ വഴികൾ എത്ര സുന്ദരം” എന്നായിരുന്നു ആത്മകഥക്കു പിതാവു നൽകിയ പേരു്. അവസാന കാലത്തു പിതാവിൻ്റെ സെക്രട്ടറിമാരായിരുന്ന പാനാമ്പുഴയച്ചനും അമ്പഴത്തുങ്ക ലച്ചനുമായിരുന്നു പ്രധാന സഹായികൾ. വയലിൽപ്പിതാവിൻ്റെ ആഴമായ വിനയ ത്തിൻ്റെയും അചഞ്ചലമായ ദൈവാശ്രയ ബോധത്തിൻ്റെയും സാക്ഷ്യവും നിദർശനവുമായിരുന്നുപിതാവെഴുതിയ ഹൃദ്യമായ ആത്മകഥ.
പാലായെയും പാലായിലെ ജനങ്ങളെയും സ്വന്ത ഹൃദയത്തോടു ചേർത്തുവച്ച ആത്മീയ മഹാചാര്യ നായിരുന്നു അഭിവന്ദ്യ വയലിൽ പിതാവ്. മീനച്ചിൽകർത്താക്കന്മാരോടും എന്നും പിതാവു് പരിഗണന കാട്ടി.

പാലാ വലിയ പള്ളി പുതുക്കിപ്പണിതപ്പോൾഅതു് കൂദാശ ചെയ്യുന്ന ദിവസം രാവിലെ വയലിൽ പിതാവു ഒരു വലിയ നിലവിളക്കുമായിച്ചെന്ന് കണ്ട് മീനച്ചിൽ കർത്താവിനു അതു സമ്മാനിക്കുകയും ആയിരം വർഷം മുൻപു് അദ്ദേഹത്തിൻ്റെ പൂർവികർ തൻ്റെ പൂർവികർക്കു പള്ളി വച്ചു തന്നതിൽ ഉള്ള നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുകയും ചെയ്തു. നിറകണ്ണുകളോടെ യാണ് മീനച്ചിൽ കർത്താവു് നിലവിളക്ക് ഏറ്റു വാങ്ങിയത്.
സർവ്വസമുദായങ്ങൾക്കും എക്കാലത്തും ആദരണീയനായിരുന്നു ബിഷപ്പ് വയലിൽ . എല്ലാ സഭകൾക്കും സ്വീകാര്യനും. കക്ഷിഭേദം കൂടാതെ രാഷ്ട്രീയ നേതാക്കളും പാലാ അരമനയിൽ വന്നു വയലിൽ പിതാവിനെ കാണുന്നതായിരുന്നു പതിവ്. പക്ഷേ രാഷ്ട്രീയ കാര്യങ്ങളിൽ എന്നും വയലിൽ പിതാവിനു സുവ്യക്ത നിലപാടുകൾ ഉണ്ടായിരുന്നു. നയതന്ത്ര ങ്ങളൊന്നും പിതാവിൻ്റെ രീതിയായിരുന്നുമില്ല.
മുപ്പത്തിയൊന്നു വർഷത്തെ മേല്പട്ട ദൗത്യം പൂർത്തിയാക്കി ചുമതലയൊഴിഞ്ഞു കൊണ്ട് വയലിൽപ്പിതാവെഴുതിയ യാത്രാ വന്ദന ഇടയലേഖനവും വികാര സാന്ദ്രമായിരുന്നു. പള്ളികളിൽ കുർബ്ബാന മധ്യേ അതു വായിച്ച അച്ചന്മാരും വായിച്ചു കേട്ട വിശ്വാസികളും ഒരു പോലെ വിതുമ്പി. തൻ്റെ വാക്കുകളോ പ്രവൃത്തികളോ അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനുപരസ്യമായിത്തന്നെ സ്വന്തം വിശ്വാസികളോടു പിതാവു് മാപ്പപേക്ഷിച്ചു. തൻ്റെ ബലഹീനത കൾക്കും വീഴ്ചകൾക്കുംഅയോഗ്യതകൾക്കും താഴ്മയോടെ ദൈവമുൻപാകെയും താൻ ക്ഷമ ചോദിക്കുകയാണെന്നു പിതാവു അവസാനത്തെ ഇടയലേഖനത്തിൽ തുടർന്നെഴുതി…..
വിശ്രമജീവിതത്തിൽ പ്രവേശിച്ച പിതാവ് പിന്നീടു പൊതുച്ചടങ്ങുകളിൽ നിന്നും മിക്കവാറൂം വിട്ടുനിൽക്കുകയാണുണ്ടായത്.
ഹൃദയ സംബന്ധമായ ചില ആരോഗ്യ പ്രശ്നങ്ങളും ഇടയ്ക്ക് പ്രയാസങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമായി.എങ്കിലും വയലിൽപ്പിതാവു് തികഞ്ഞ പ്രസാദാത്മകതയോടെയാണ് പ്രാർത്ഥനാപൂർവം തൻ്റെ അവസാന നാളുകൾ കഴിച്ചുകൂട്ടിയതു്.
ഒന്നിലും പരാതിയുണ്ടായിരുന്നില്ല. സന്ദർശകരെ എല്ലാം സന്തോഷത്തോടെ സ്വീകരിച്ചു.ഭക്തിയോടെ തൻ്റെ കൈ മുത്തിയവരെയും തനിക്കു മുന്നിൽ അനുഗ്രഹത്തിനായി മുട്ടുകുത്തിയവരെയും സ്നേഹ സ്മിതത്തോടെ ആശീർവദിച്ചു. അവർക്കു കൊന്തയും മെഡലുകളും സമ്മാനിച്ചു.
ഒരവസരത്തിൽ എനിക്കും പിതാവു് അദ്ദേഹം മാണിക്കുട്ടിയച്ചനായിരുന്ന കാലം മുതൽ ഉപയോഗിച്ചിരുന്ന 50 വർഷമെങ്കിലും പഴക്കമുള്ള ഒരു കുരിശു രൂപം സമ്മാനിച്ചതു ഇന്നും ഞാൻ ഒരു തിരുശ്ശേഷിപ്പായി സൂക്ഷിക്കുന്നുണ്ട്.
1986 നവംബർ 21നാണ് വയലിൽപ്പിതാവു് കാലത്തെ കടന്നു പോയത്.
അന്നുവരെ മറ്റാർക്കും നൽകാത്തത്ര ഭക്തിപൂർവ്വവുംവികാരനിർഭരവുമായ ഒരു യാത്രാ വന്ദനമായിരുന്നു പാലായിലെ ജനങ്ങൾ തങ്ങളുടെ ആദ്യത്തെ ആത്മീയ മഹാചാര്യനു നൽകിയതു്. അക്ഷരാർത്ഥത്തിൽത്തന്നെ ഭാഗ്യസ്മരണാർഹൻ എന്നു പറയുവാൻ വയലിൽപ്പിതാവിനെപ്പോലെ വയലിൽ പിതാവു മാത്രം!
ഓർമ്മത്തിരുനാളിൻ്റെ സ്നേഹപ്രണാമം.

ഡോ.സിറിയക് തോമസ്.