
വലിയവീട്ടിലെ നന്മമരം ഓർമ്മകളിലേക്ക്….
”ദൈവമേ… ഈ ആത്മാവിന് നിത്യവിശ്രാന്തി നൽകണമേ… നിത്യ തേജസ് ഇയാളുടെ മേൽ പ്രകാശിക്കുകയും ചെയ്യുമാറാകട്ടെ… “
അന്ത്യശുശ്രൂൂഷകൾ ചെയ്ത അഭിവന്ദ്യ കൊല്ലം മെത്രാൻ ഡോ: പോൾ ആൻറണി മുല്ലശ്ശേരി ചേതനയറ്റ ശരീരം ആശിർവ്വദിച്ച് പിൻവാങ്ങിയപ്പോൾ പ്രിയപ്പെട്ടവരുടെ അന്ത്യചുംബനങ്ങൾക്കു പിന്നാലെ ശരീരമടങ്ങിയ പേടകം കല്ലറയിലേക്ക് തള്ളിനീക്കപ്പെട്ടു…. ജീവിതത്തിൽചേർത്തു പിടിച്ച ഭർത്താവും ഇരുപത്തിയൊൻപതാമത്തെയും നാലാാമത്തെയും വയസിൽ ഈ ലോകത്തോട് വിട പറഞ്ഞ രണ്ട് ആൺമക്കളും നിത്യയവിശ്രമം കൊള്ളുന്ന കുടുംബക്കല്ലറയിലേക്ക്….. വിതുമ്പുന്നന ഹൃദയങ്ങളുമായി നിന്ന ബന്ധുമിത്രാദികളുടെ മുന്നിൽ വലിയവീട്ടിലെ അമ്മയെന്ന നന്മമരം കരുതലോടെ കരുതുന്ന ഒരു സ്മരണയായി മാറി.

കുടുംബത്തിലുള്ളവർക്കും കൂടെപ്പിറന്നവർക്കും മാത്രമല്ല മുന്നിൽ വന്നവർക്കെല്ലാം ആവോളം സ്നേഹം വിളമ്പി തൻ്റെ കൊച്ചു വീടിനെ ലോകമറിയുന്ന വലിയവീടാക്കി മാറ്റിയ ബിബിയാന സേവ്യർ ഈ ലോകത്തു നിന്നും യാത്രയായി. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യം കാരണം കുറച്ചു നാളായി കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ ഫ്രാൻസീസ് സേവ്യറായിരുന്നു ജീവിതപങ്കാളി. കെ.സി.ബി.സി. പ്രോ ലൈഫ് സമിതി സംസ്ഥാന ആനിമേറ്ററും കൊല്ലത്തെ ജീവകാരുണ്യ സാമൂഹ്യ മുഖമുദ്രയായ ട്രാക്കിൻ്റെ സെക്രട്ടറിയും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ അവതാരകനും കരുതൽ ന്യൂസിൻ്റെ മുഖ്യ പത്രാധിപരുമായ ജോർജ്.എഫ്. സേവ്യർ വലിയവീട്, ടെൽമ ജെയിംസ് എന്നിവർ മക്കളും ജെയിംസ് ജോസഫ്, ജോസ്ഫിൻ ജോർജ് വലിയവീട് എന്നിവർ മരുമക്കളുമാണ്.
ജന്മംകൊണ്ട് കൊല്ലം കടവൂർ ഇടവകാംഗമായിരുന്നു ചെല്ലമ്മ എന്ന വിളിപ്പേരുണ്ടായിരുന്ന ബിബിയാന. തുയ്യം ഇടവകാംഗമായ ഫ്രാൻസീസ് സേവ്യറെ വിവാഹം കഴിച്ച് മുന്നോട്ടു പോയെങ്കിലും ജീവിതത്തിൻ്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളോടേറ്റുമുട്ടേണ്ടി വന്നപ്പോൾ തട്ടകം പഴയ ബോംബെയിലേക്ക് മാറ്റി. നാലു മക്കളിൽ മൂത്ത രണ്ട് ആൺകുട്ടികളായ ജോൺ.എഫ്.സേവ്യർ ഇരുപത്തിയൊൻപതാം വയസിലും ജോസ്.എഫ്.സേവ്യർ നാലാം വയസിലും മരണമടഞ്ഞതിനെത്തുടർന്ന് ഏറ്റവും ഇളയവനായ ജോർജിന് ആറ് മാസം പ്രായമുള്ളപ്പോൾ കഠിനാദ്ധ്വാനത്തിൻ്റെ പടനിലം മൂന്നാറിലേക്ക് മാറ്റി. 1973 – 74 കാലമായപ്പോൾ വീണ്ടും കൊല്ലത്തെത്തിച്ചേർന്നു ബിബിയാനയും കുടുംബവും. മക്കളെ വളർത്തുവാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും നൊമ്പരങ്ങളെ നെഞ്ചിലൊതുക്കി മുഖത്ത് വിടരുന്ന പുഞ്ചിരിയോടെ ഈ അമ്മ ജീവിതത്തിൻ്റെ പ്രതിസന്ധികളെ നേരിട്ടു. ഇടതുകൈ അറിയാതെ വലതുകൈകൊണ്ട് കൊടുക്കാൻ ബിബിയാനമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അപരൻ്റെ വേദനയും പ്രയാസങ്ങളും തൻ്റേതാക്കി കഴിയുന്ന രീതിയിൽ അവരെ സഹായിക്കാൻ അമ്മ രോഗാവസ്ഥയിലെത്തുവോളവും ശ്രമിച്ചിരുന്നു. മക്കളിലേക്കും മറ്റുള്ളവർക്കായുള്ള കരുണയുടെ കരുതൽ പകർന്നു നൽകാൻ അവർ മറന്നില്ല.
കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ സംഘടനാ പ്രവർത്തനത്തിനു നടന്നിരുന്ന മകനോടൊപ്പം നിനച്ചിരിക്കാത്ത സമയത്ത് വീട്ടിലേക്ക് കയറി വരുന്ന സുഹൃത്തുക്കൾക്കായി മകനുവേണ്ടി കരുതിവച്ചിരുന്നതിനൊപ്പം തനിയ്ക്കായി ബാക്കി വച്ചിരുന്നതും ചേർത്ത് വിളമ്പിക്കൊടുത്തിട്ടുണ്ട് ഈ നന്മമരം. അലച്ചിലിനൊടുവിൽ ലഭിക്കുന്ന ഒരുപിടി അന്നത്തിൻ്റെ രുചി ആവോളം ആസ്വദിക്കുന്ന അവരുടെ മുഖത്തെ സന്തോഷം കണ്ണുനിറയെക്കണ്ട് സ്വന്തം പശിയടക്കാറുണ്ടായിരുന്നു ബിബിയാന
.ജീവിതചക്രം എൺപത്തിരണ്ട് സംവത്സരങ്ങൾ കറങ്ങിയെങ്കിലും
ഈ അമ്മയുടെ ജീവിക്കാനുള്ള ആവേശത്തെ തളർത്താനായില്ല. കൊല്ലത്തിൻ്റെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പടവുകൾ ഒന്നൊന്നായി തൻ്റെ മകൻ ചവിട്ടിക്കയറുമ്പോഴെല്ലാം ഈ അമ്മമനസ് സന്തോഷത്താൽ നിറഞ്ഞിരുന്നു. ഓരോ പുരസ്ക്കാരങ്ങളും മകനെത്തേടിയെത്തുമ്പോൾ അവനതേറ്റു വാങ്ങുന്ന സദസുകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു അവർ. മകൻ്റെ നേട്ടങ്ങളിൽ തലയുയർത്തി നിന്ന് അഭിമാനിച്ചിരുന്ന അമ്മ കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്ന മകൾക്കും ധൈര്യം പകരുന്ന ശക്തിദുർഗ്ഗമായിരുന്നു.

അമ്മയെന്ന നന്മമരത്തോട് ചേർന്നു നിന്നിരുന്ന മക്കൾക്ക് പെട്ടെന്നുണ്ടായ ശാരീരികാഘാതത്തെ തുടർന്ന് വീണുപോയ അമ്മയുടെ അവസ്ഥ വേദനാജനകമായിരുന്നു. ആശുപത്രിയിലെ ചികിത്സകളോട് അമ്മയുടെ ശരീരം പ്രതികരിക്കുന്നില്ലെന്നറിഞ്ഞിട്ടും ആർക്കും നിഷേധിക്കാനാകാത്ത മരണമെന്ന സത്യത്തിനോട് അമ്മയ്ക്കു വേണ്ടി പൊരുതാൻതന്നെ അവർ തീരുമാനിച്ചു. മരുന്നുകളോടും ചികിത്സകളോടും പ്രതികരണമില്ലാതെ വെൻ്റിലേറ്ററിൻ്റെ സഹായത്താൽ ആശുപത്രിക്കിടക്കയിൽ കഴിയുന്ന അമ്മയെ പ്രാർത്ഥനകളോടെ മരണത്തിന് വിട്ടുകൊടുക്കാൻ വേദനയോടെ പലരും മുന്നോട്ടുവച്ച നിർദ്ദേശത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന കരുതൽ ന്യൂസിൻ്റെ ഗവേണിങ്ങ് ബോഡി യോഗത്തിനിടയിൽ പറയുമ്പോഴും, ദൈവം കൊണ്ടു പോകുന്നെങ്കിൽ പോകട്ടെ… പക്ഷേ.. അതുവരെയും ഞാൻ കരുതലോടെ പോരാടും.. കാരണം അതെൻ്റെ അമ്മയാണ്… എന്നു കൂട്ടിച്ചേർത്ത ജോർജിൻ്റെ ശബ്ദമിടറിയതും കണ്ണകൾ നനവാർന്നതും ജോർജിൻ്റെ തൊട്ടടുത്തിരുന്ന ഈ ലേഖകൻ അറിഞ്ഞിരുന്നു….

തന്നോട് ചേർന്നു നിൽക്കുന്നവർക്കെല്ലാം സ്നേഹവും കരുതലും മതിയാവോളം പകർന്നു നൽകിയ, നന്മവഴിയിലൂടെ മക്കളെ കൈപിടിച്ചു നടത്തിയ ബിബിയാനയുടെ അമ്മമനസായിരുന്നു വലിയവീട് എന്ന സത്യം തിരിച്ചറിയുന്ന കരുതൽ ന്യൂസിൻ്റെ പ്രവർത്തകരും ഈ അമ്മയുടെ ഓർമ്മകൾക്കു മുന്നിൽ കണ്ണീരഞ്ജലിയർപ്പിക്കുന്നു….

