ഇന്ന് സഖാവ് അഴീക്കോടൻ ദിനം| മർദ്ദിതരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച മഹദ് ജീവിതം – മുഖ്യമന്ത്രി

Share News

ഇന്ന് സഖാവ് അഴീക്കോടൻ ദിനം. മർദ്ദിതരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച മഹദ് ജീവിതം രാഷ്ട്രീയ ശത്രുക്കളുടെ കത്തിമുനയിൽ നിശ്ചലമായ ദിവസം. അണയാത്ത ആ വിപ്ലവവീര്യത്തിൻ്റെ ജ്വലിക്കുന്ന സ്‌മരണയാണ് സ.അഴീക്കോടൻ. ആ രക്തസാക്ഷിത്വം തീരാത്ത വേദനയും, മുന്നോട്ടുള്ള വഴികളിൽ തളരാതെ കാക്കുന്ന അമരമായ ഊർജ്ജ പ്രവാഹവുമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു

1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1940ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തു. അസാമാന്യമായ സംഘാടക മികവും നേതൃപാടവവും കൈമുതലായിരുന്ന സഖാവ് അഴീക്കോടൻ 1956ൽ പാർടി ജില്ലാ സെക്രട്ടറിയായി. 1959 മുതൽ പാർട്ടി സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിക്കുകയായിരുന്നു. 1967ൽ ഐക്യമുന്നണി കൺവീനർ സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

ഏതു പ്രതിസന്ധി ഘട്ടങ്ങളിലും അടിപതറാതെ ആത്‌മവീര്യത്തോടെ അദ്ദേഹം പാർട്ടിയെ നയിച്ചു. കറകളഞ്ഞ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പാർട്ടി അംഗങ്ങൾക്ക് മാതൃക തീർത്തു. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ട് പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകർന്നു. നിരവധി തവണ ജയിൽ വാസവും കൊടിയ മർദ്ദനങ്ങളും സഖാവ് അഴീക്കോടനു നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം സഖാവിലെ കമ്മ്യൂണിസ്റ്റിന് കൂടുതൽ മൂർച്ചയും കരുത്തും നൽകുകയാണ് ചെയ്തത്.

1972 സെപ്തംബർ 23 ന് രക്തസാക്ഷിത്വം വരിക്കുമ്പോൾ മുന്നണി കൺവീനറും സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ വിമോചനത്തിനായി സഖാവ് നടത്തിയ രാഷ്ട്രീയപ്രവർത്തനങ്ങളിൽ അസ്വസ്ഥത പൂണ്ടതിനാലാണ് രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ കൊല ചെയ്തത്. പക്ഷേ, രക്തസാക്ഷികൾ അമരന്മാരാണെന്ന സത്യത്തിന് സഖാവ് അഴീക്കോടൻ്റെ ചരിത്രം അടിവരയിടുന്നു.

സഖാവിൻ്റെ ജീവിത സഖിയായിരുന്ന മീനാക്ഷി ടീച്ചറും അല്പ ദിവസങ്ങൾക്കു മുൻപ് നമ്മെ വിട്ടു പോയി. ടീച്ചറുടെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും നമ്മൾ മോചിതരായി വരുന്നതേയുള്ളൂ. സഖാവ് അഴീക്കോടനെന്ന ധീരനായ കമ്മ്യൂണിസ്റ്റിൻ്റെ ഓർമ്മകൾക്ക് മരണമില്ല. എത്ര വലിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും തകരാതെ ഈ പാർട്ടിയെ സംരക്ഷിക്കുമെന്നും നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ലോകസൃഷ്ടിക്കായി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നും ഈ ദിവസം നമുക്ക് പ്രതിജ്ഞ ചെയ്യാം.

മുഖ്യമന്ത്രി പിണറായി വിജയൻ

Share News