ഇന്ന് ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തിനില്ക്കുമ്പോൾ ഒരു ഭരണാധികാരി എന്ന പേരിൽ ആ പേരും ലോകം മുഴുക്കെ അറിയപ്പെടുന്നു.

Share News

നരേന്ദ്രമോദി- എന്ന് തൊട്ടാണ് ഈ പേര് കേട്ടു തുടങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും ഒരിക്കൽ ഉള്ളിൽ തികട്ടി വന്നിരുന്ന രാഷ്ട്രീയ വെറുപ്പിന്റെ അങ്ങേയറ്റത്ത് ആ പേരുണ്ടായിരുന്നു. മോദിയെന്ന പേര് കേള്‍ക്കുമ്പോള്‍ എന്നും മനസ്സില്‍ വന്നിരുന്ന ചിഹ്നങ്ങളായിരുന്നു ശൂലവും ഗർഭിണിയും ഭ്രൂണവും.

രണ്ടായിരത്തിപതിനാലില്‍ അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ ജന്മനാ കോൺഗ്രസ്സിന് ഒപ്പം നടന്നു ശീലിച്ച ഒരാൾ എന്ന നിലയിൽ ഉള്ളിൽ പതഞ്ഞു വന്ന വികാരങ്ങളിലുണ്ടായിരുന്നത് അടങ്ങാത്ത ക്രോധവും സങ്കടവും മാത്രമായിരുന്നു. എന്നാൽ പിന്നീട് 2014 മുതൽ 2023 വരെയുള്ള ഒൻപത് വർഷത്തെ കാലയളവിനുള്ളിൽ രാഷ്ട്രീയപരമായ ചില വിയോജിപ്പുകളെ മാറ്റി നിറുത്തിയാൽ ഞാൻ ഏറ്റവും സ്നേഹിക്കുന്ന , ബഹുമാനിക്കുന്ന ഒരു പേരാണ് നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന് പറയാൻ നിറഞ്ഞ അഭിമാനം മാത്രം.

വെറുപ്പിൽ നിന്നും ഇഷ്ടത്തിലേയ്ക്കുള്ള നടത്തത്തിനു വേഗം കൂടിയത് ഒരു കറുത്ത ദിനവും അതിനെ തുടർന്നു വന്ന ഒരു ട്വീറ്റും ആണെന്ന് കൃത്യമായി ഞാൻ ഓർക്കുന്നുണ്ട്. അന്ന് ഞാൻ മാലദ്വീപിൽ അദ്ധ്യാപികയാണ്. ഒരു സെമിനാർ സെഷൻ കഴിഞ്ഞ് സ്റ്റാഫ് റൂമിൽ വരുമ്പോഴാണ് പരവൂർ വെടിക്കെട്ടപകടത്തെ കുറിച്ചറിയുന്നത്. കുടുംബവേരുകള്‍ ചിറയിന്‍കീഴ്‌ ഉള്ള ഞാന്‍ വല്ലാതെ നടുങ്ങി. കാരണം ശാര്‍ക്കര ഭരണിയും പുറ്റിങ്ങല്‍കമ്പവും ആറ്റുകാല്‍ പൊങ്കാലയും ഒക്കെ കൊല്ലത്തുകാരുടെയും തിരുവനന്തപുരത്തുകാരുടെയും രക്തത്തിലലിഞ്ഞ ഉത്സവങ്ങളാണ്. സ്റ്റാഫ്റൂമിലെ മലയാളി അധ്യാപകര്‍ക്കിടയില്‍ പിന്നെ അതേക്കുറിച്ചായി ചര്‍ച്ച. ലാപ്ടോപ്പുകളിലും മൊബൈലുകളിലും നിറഞ്ഞ ഫ്ലാഷ് ന്യൂസുകളിലെങ്ങും മരണത്തിന്റെ കറുപ്പ് മാത്രം. അതിനിടയില്‍ കണ്ടു മോദിജിയുടെ ട്വീറ്റ്.

ആത്മാര്‍ത്ഥതയുടെയും കറകളഞ്ഞ ഉത്തരവാദിത്വത്തിന്റെയും കൈയൊപ്പ്‌ ചാര്‍ത്തിയ ഒരു ചെറു ട്വീറ്റ്. അദ്ദേഹത്തിന്റെ പതിവ് ട്വീറ്റുകളെ “വെറും തള്ളല്‍” എന്നു പറഞ്ഞിരുന്ന എന്നിലെ വിമര്‍ശക ആദ്യമായി വായടച്ച സന്ദര്‍ഭമായിരുന്നുവത് . മുമ്പും മോദിജിയോടു ആരാധന തോന്നിയിരുന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെയും വിമര്‍ശനത്തിന്റെ മുനയുമായി വന്നിരുന്ന എന്നിലെ ആ “മോഡിവിരുദ്ധ ഈഗോ” മഞ്ഞുപോലെ ഉരുകിയൊലിച്ച് പോയ ആദ്യ സംഭവമായിരുന്നു ആ ട്വിറ്റും അദ്ദേഹത്തിന്റെ പരവൂർ സന്ദർശനവും.

അന്ന് പരവൂരില്‍ മോദിജി വന്നത് പ്രധാനമന്ത്രിയായിട്ടായിരുന്നില്ല. വെറും സാധാരണക്കാരനായ ഒരു ജനസേവകന്‍ ആയിട്ടായിരുന്നു .എല്ലാ പ്രോട്ടോക്കോളും മാറ്റിവച്ചുകൊണ്ട് ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തുകൊണ്ട് ദുരന്തസ്ഥലത്ത് മെഡിക്കല്‍ ടീമുമായി പാഞ്ഞെത്തിയ ഒരു ഭരണാധികാരിയെ ഇഷ്ടത്തോടെ കണ്ടു തുടങ്ങിയതിന്റെ തുടക്കം അവിടെ നിന്നാണ് .

ഒരു കടലാസും പേനയുമായി ദുരന്തത്തെ നേരിട്ട് വിലയിരുത്തി, കുറിച്ചു വയ്ക്കേണ്ട വസ്തുതകള്‍ അപ്പപ്പോള്‍ തന്നെ കടലാസില്‍ കുറിക്കുന്നതിനോടൊപ്പം മനസ്സിലും കുറിക്കുന്ന മറ്റൊരു ഭരണാധികാരിയെ മുമ്പ് ഞാൻ കണ്ടിരുന്നില്ലായെന്നത് സത്യവും.

ദുരന്തസ്ഥലത്തു നിന്നും അദ്ദേഹം നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു..ഓരോ കിടക്കയ്ക്കരികിലും പിതൃവാത്സല്യത്തോടെ പരിക്കേറ്റവരെയും കൂട്ടിരുപ്പുകാരെയും സമാശ്വസിപ്പിക്കുന്ന അദ്ദേഹത്തിന്റെ ആ ചിത്രം മാത്രം മതിയായിരുന്നു അന്നു വരെ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്ന ഞാനടക്കമുള്ള സാധാരണക്കാരെ മാറ്റി ചിന്തിപ്പിക്കുവാന്‍. എയര്‍ ആബുലന്‍സും പൊള്ളല്‍ ചികിത്സയില്‍ പ്രാവീണ്യം നേടിയ ഇരുപത്തഞ്ചുപേരടങ്ങുന്ന മെഡിക്കല്‍ സംഘവുമായി ഒരു പ്രധാനമന്ത്രി ദുരന്തസ്ഥലത്ത് എത്തുമ്പോള്‍ അത് ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് പകര്‍ന്നുതന്നത് ഒരു സുരക്ഷിതത്വബോധം കൂടിയായിരുന്നു. നിങ്ങള്‍ ഒറ്റയ്ക്കല്ല ഞാന്‍ കൂടെയുണ്ടെന്നുള്ള ഒരു ജനസേവകന്റെ ഉറപ്പുകൂടിയായിരുന്നു ആ പ്രവൃത്തി.

അന്ന് അദ്ദേഹത്തിന്റെ ആ സന്ദര്‍ശനം കാരണം അന്നത്തെഡി ജി പിക്ക് വരെ കൃത്യനിര്‍വഹണത്തില്‍ തടസ്സം നേരിട്ടുവെന്ന തരത്തിൽ വാർത്തകൾ കണ്ടിരുന്നു. അന്നത്തെ ആ ഡി.ജി.പി മറ്റൊരുമല്ലായിരുന്നു. സാക്ഷാൽ ശ്രീ. സെൻകുമാർ. ആ സന്ദർശനമാണോ പിന്നീട് സെൻകുമാറിനെ ഒരു മോദിഭക്തനാക്കിയതെന്നറിയില്ല. എന്തായാലും മോദിയെന്ന ഭരണാധികാരിയെ ഏറെ മതിപ്പോടെ കാണാൻ ഞാനെന്ന ഇന്ത്യൻ പൗര തീരുമാനിച്ചത് അന്നത്തോടെയാണ്. ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് പല മോദീപ്രഭാവങ്ങളും തെളിയിച്ചു. എത്രമേൽ വർഗ്ഗീയവാദിയെന്ന ലേബൽ ചാർത്തികൊടുത്തിട്ടും ഭരണത്തിന്റെ ഒൻപതാം വർഷത്തിലും ഏറ്റവും സിംപിളായ പക്ഷേ പവർഫുള്ളായ ജനകീയതന്ത്രങ്ങളുമായി ജനപ്രിയനാവുന്ന ഒരു പ്രധാനമന്ത്രി!ഈ ഒൻപത് വർഷത്തിനിടയിൽ ഒരിക്കൽ പോലും ഒരു അഴിമതി ആരോപണത്തിലും ആ പേര് ഉൾപ്പെടുത്താൻ എതിരാളികൾക്ക് കഴിഞ്ഞില്ല എന്നത് സത്യം. സാനിറ്ററി പാഡിലൂടെപ്പോലും തനിക്ക് ജനകീയനാവാൻ കഴിയുമെന്ന് അദ്ദേഹം അടിവരയിടുമ്പോൾ വർഗ്ഗീയതയെന്ന ഒറ്റ ചാപ്പകുത്തലിൽ പിടിച്ചുനിന്ന് അദ്ദേഹത്തിന് എതിരെ പടനയിക്കാൻ ഇനിയും എതിരാളികൾക്ക് കഴിയുമോ??

മോദിജി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടി എന്തുമാകട്ടെ. അതിന്റെ ശരികളും തെറ്റുകളും എന്തുമാകട്ടെ, പക്ഷേ ജനാധിപത്യവാദികളായ നമ്മള്‍ പൗരന്മാർ നല്ലതിനെ നല്ലതായി കാണുക തന്നെ വേണം. നല്ലത് അതാര് ചെയ്താലും അതിനെ നല്ലതെന്ന് അംഗീകരിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ രാഷ്ട്രബോധമുള്ള, ശരിയായ രാഷ്ട്രീയാവഗാഹം ഉള്ള പൗരൻ! അവനവന്റെ രാഷ്ട്രീയത്തിനായി ഇതര രാഷ്ട്രീയ കക്ഷികൾ ഇത്രമേൽ ഇകഴ്ത്തിയ, അപഹസിച്ച മറ്റൊരു ഭരണാധികാരി വേറെയുണ്ടോ ഇവിടെ? നമ്മുടെ സംസ്ഥാനത്ത് മോദിയോളം ഒരു പ്രധാനമന്ത്രിയെയും രാഷട്രീയത്തിന്റെ പേരിൽ, വർഗ്ഗീയതയുടെ പേരിൽ, ഇത്രയും മോശമായി ചിത്രീകരിച്ചിട്ടില്ല. ഈ രാജ്യം ആ മനുഷ്യനെ വിശ്വസിച്ചു തുടങ്ങിയതിനാലാണല്ലോ രണ്ടാമതും അദ്ദേഹം രാജ്യത്തിന്റെ കാവൽക്കാരനായത്, അതും ജനാധിപത്യപരമായി തന്നെ!!

ഇന്ന് ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തിനില്ക്കുമ്പോൾ ഒരു ഭരണാധികാരി എന്ന പേരിൽ ആ പേരും ലോകം മുഴുക്കെ അറിയപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഒരു കാലത്ത് The land of snakecharmers എന്ന് അടയാളപ്പെടുത്തിയ ഇടത്തിൽ നിന്നും നമ്മൾ എവിടെ എത്തി നില്ക്കുന്നു എന്ന് ഓരോ ഭാരതീയനും ചിന്തിക്കണം. ചന്ദ്രയാൻ എന്ന നമ്മുടെ അഭിമാനയാനം ചന്ദ്രന്റെ നെറുകയിൽ തൊട്ട് ലോകത്തോട് പറഞ്ഞു -ഭാരതം വിശ്വമോഹനം!!

ജി 20 യുടെ അധ്യക്ഷ പദവിയിൽ ഇരുന്ന് അന്തർദേശീയ ശ്രദ്ധ ആകർഷിച്ച ഡൽഹി ഡിക്ലറേഷൻ ഒക്കെ അടയാളപ്പെടുത്തുന്നുണ്ട് ഒരു രാജ്യത്തിന്റെ നയതന്ത്ര വളർച്ച, അതിൽ ഒരു നായകനുള്ള പങ്ക്. ജനനായകൻ ആയ ആദ്യ വർഷം അദ്ദേഹം 27 രാജ്യങ്ങൾ സഞ്ചരിച്ചു. അന്ന് ആ സന്ദർശനത്തിൽ ഒരൊറ്റ ഇസ്ലാമിക രാജ്യങ്ങളും ഇല്ലായിരുന്നുവെന്നതിന്റെ പേരിൽ അദ്ദേഹത്തെ മുസ്ലീം വിരുദ്ധനായി ചാപ്പ കുത്തിയ അതേ മാധ്യമങ്ങൾ പിന്നീട് GCC രാജ്യങ്ങളിലുള്ള മോദി പ്രഭാവം കണ്ട് കണ്ണുതള്ളി. അതേ കുറിച്ച് ഒരു ഇന്റർവ്യൂവിൽ തരൂർജി പോലും പറയുന്നുണ്ട്. ഇന്ന് ഫോറിൻ പോളിസി എന്നാൽ, നയതന്ത്ര ബന്ധം എന്നാൽ ഒക്കെ മോദി മാജിക് എന്ന് തന്നെയാണ്. വിദേശ നയത്തിന്റെ കാര്യത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒന്നാണ് നരേന്ദ്ര ദാമോദർ ദാസ് എന്ന ഇന്ത്യയുടെ നായകൻ രചിച്ച ജി 20 ലെ നായകത്വം!!

നട്ടെലുള്ള,നീതിബോധമുള്ള, ഭരണസാരഥ്യമുള്ള ജനനായകനെ എന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു,സ്നേഹിച്ചിരുന്നു.കാലത്തിനു തെളിയിക്കാന്‍ കഴിയാത്ത സത്യങ്ങളും നന്മകളും ഈ പ്രപഞ്ചത്തില്‍ ഇല്ല തന്നെ. അത് പുതുപ്പള്ളി ആയാലും ഇന്ത്യ മൊത്തത്തിൽ ആയാലും. മോദിജിയെന്ന ഈ ജനസേവകന്റെ പാത സത്യത്തിന്റെയും ധര്‍മ്മത്തിന്റെയുമാണെങ്കില്‍ ഇനിയുള്ള ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെടും ആ നാമം. മറിച്ചാണെങ്കിൽ തിരിച്ചും! കാരണം കാലത്തോളം വലിയ പ്രപഞ്ചസത്യമില്ലല്ലോ!!!!

Modiji, As you mark your years of existence on Earth today, I join others in wishing you a very happy birthday. May you have many more years and sound health to stay with us and continue to lead!

Anju Parvathy Prabheesh

Share News