ഉദയംപേരൂർ സുന്നഹദോസ്|ഒരുപക്ഷേ, വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.

Share News

ഉദയംപേരൂർ സുന്നഹദോസ്

‘ഉദയംപേരൂർ സുന്നഹദോസ്’ എന്നപേരിൽ അറിയപ്പെടുന്ന ഒരു വാരം നീണ്ട ക്രൈസ്‌തവ സഭാ സമ്മേളനം (സിനഡ്) അവസാനിച്ചിട്ടു ഇന്ന് 424 വർഷം തികയുന്നു…. കേരളത്തിലെ (ഇന്ത്യയിലെ) ക്രൈസ്‌തവ സഭാ ചരിത്രം അറിയുന്നവർക്ക് ഈ സമ്മേളനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് നല്ല നിശ്ചയമുണ്ടാകും.

സുന്നഹദോസ് നടന്ന ഉദയംപേരൂർ പള്ളി ഇന്ന്

തൃപ്പൂണിത്തുറയിൽ നിന്ന് 5 കി.മി തെക്കുള്ള ഒരു ഗ്രാമമാണ് ഉദയംപേരൂർ; ഇന്നിപ്പോൾ നഗരപ്രാന്തത്തിലുള്ള ഒരു പഞ്ചായത്തിന്റെ മോടിയും പ്രൗഡിയും കൈവന്നിട്ടുണ്ട്…

കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യരായിരുന്ന റോമൻ കത്തോലിക്കാ (ലത്തീൻ) സഭാപ്രതിനിധികൾ വിളിച്ചുചേർത്ത ക്രൈസ്തവ സഭാ സമ്മേളനമാണ് ഉദയംപേരൂർ സുന്നഹദോസ് അഥവാ ഉദയം‌പേരൂർ സൂനഹദോസ് (ആംഗലേയത്തിൽ Synod of Diamper/ നടന്നത് 1599 ജൂൺ 20-26).

കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ്‌ ഉദയംപേരൂർ സുന്നഹദോസിനെ കണക്കാക്കുന്നത്‌.

നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ (മലങ്കര) ക്രിസ്ത്യാനികൾ 1500 ഓളം വർഷങ്ങളായി പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ മലങ്കര ക്രിസ്ത്യാനികൾ കാണുന്നു.

അക്കാലത്ത് ഗോവ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്നു. അവിടത്തെ മെത്രാപ്പോലീത്ത, ഡോ. അലെക്സൊ ഡെ മെനസിസ് (ഡോ. അലെയ്ജോ ഡെ മെനസിസ്‌) ആണ്‌ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയത്‌. അങ്കമാലി രൂപതയുടെ അധികാരപരിധിയിൽ ആണ്‌ സുന്നഹദോസ്‌ നടന്നത്‌. അക്കാരണത്താൽ അങ്കമാലി സുന്നഹദോസ്‌ എന്നാണ്‌ വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂരിന്റെ പേർ ചേർത്ത് അതിനെ വിളിക്കുന്നു.

🌏

പരദേശികൾക്കു പുറമെ കേരളത്തിലെ പള്ളികളിൽ നിന്നുള്ള 153 കത്തനാർമാരും 660 അൽമായരും പങ്കെടുക്കാനായി എത്തിയിരുന്നു. കൊച്ചിയിൽ നിന്ന് ഗായകരുടെ ഒരു സംഘവും സന്നിഹിതരായിരുന്നു. പോർട്ടുഗീസ് കപ്പിത്താനായ ആൻറണി ഡെ നോറോഞ്ഞയും സുന്നഹദോസിൽ പങ്കെടുത്തു. അദ്ധ്യക്ഷൻ മെനസിസ് മെത്രാപ്പൊപീത്ത തന്നെയായിരുന്നു. അദ്ദേഹത്തിനെ സഹായിക്കാൻ മെല്ക്കിയോർബ്രാസ്, ഫ്രാൻസിസ് റോസ് എന്നിങ്ങനെ അഞ്ച് വൈദികരും ഉണ്ടായിരുന്നു. ഫ്രാൻസിസ് റോസ് മലയാള ഭാഷയിൽ നല്ല അറിവുള്ള ആളായിരുന്നു.

സുറിയാനിയിലെ വേദപുസ്തകം ലത്തീനിൽ ഉള്ളതിനുള്ളതിനോട് സമാനമാക്കി; സുറിയാനിയിലെ പല മതഗ്രന്ഥങ്ങളും നിരോധിച്ചു. (The book of the infancy of the savior (history of our Lord); Book of John Brandon; The Pearl of Faith തുടങ്ങിയ ഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികൾ അഗ്നിക്കിരയാക്കി – അച്ചടിയില്ലാത്തതു കൊണ്ടു ഇവയിലെ പലതിനും മറ്റു പ്രതികൾ കിട്ടുക അസാധ്യവുമായിരുന്നു… (അതിനു പുറമെ, ഉദയമ്പേരൂർ സൂനഹദോസ് വരെയുള്ള മലങ്കര സുറിയാനി സഭയുടെ എഴുതപ്പെട്ട രേഖകൾ മെനസീസ് മെത്രാൻ തീയ്യിട്ട് നശിപ്പിച്ചുവെത്രേ….)

🌍

സൂനഹദോസിൽ വച്ചുതന്നെ, അതു വഴി തദേശിയരിൽ അടിച്ചേല്പിക്കപ്പെട്ട മാറ്റങ്ങളെ ചെറുക്കുന്നതിന് ‘നസ്രാണികൾ’ക്കു കഴിഞ്ഞില്ലെങ്കിലും താമസിയാതെ തന്നെ, അവർക്കിടയിൽ പുതിയ മാറ്റങ്ങളോടുള്ള പ്രതിഷേധം വ്യാപകമാകാൻ തുടങ്ങി.

ഈ വിമത വിശ്വാസികളുടെ കൂട്ട പ്രതിഷേധമാണല്ലോ, ‘കൂനൻ കുരിശ് സത്യം’ (1653-ൽ) എന്ന് അറിയപ്പെടുന്നത്: മട്ടാഞ്ചേരിയിലെ ഒരു കുരിശിൽ കെട്ടിയ കയറിൽ പിടിച്ച് പരമ്പരാഗത വിശ്വാസികൾ ശപഥവും കയറിൽ പിടിച്ച ജനക്കൂട്ടത്തിന്റെ ശക്തി മൂലം കുരിശ് ചെരിഞ്ഞ് ‘കൂനൻ കുരിശായി’ മാറിയതും! ജനക്കൂട്ടത്തിന്റെ വൈകാരികമായ ഒരു പൊതു പ്രകടനമായിരുന്നു അത്.

2500-ഓളം വരുന്ന വിശ്വാസികൾ കുരുശിൽ വടം കെട്ടി അതിൽ പിടിച്ച് ഒരേ സമയം സത്യം ചെയ്യുകയും തൽഫലമായി കുരിശു വളഞ്ഞ് കൂനായതു കൊണ്ട് ‘കൂനൻ കുരിശ്’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

കൂനൻ കുരിശു സത്യം – ഒരു ഭാവനാ ചിത്രം

മാറിനിന്നു ചിന്തിക്കുമ്പോൾ, ഒരു പക്ഷേ, അർത്ഥശൂന്യമെന്ന് വിലയിരുത്തപ്പെട്ടേക്കാം എങ്കിലും, വിശ്വാസത്തിൽ തൊട്ടു കളിക്കുമ്പോൾ വൈകാരികമായ ഇത്തരം പ്രതികരണം ഉണ്ടാകും എന്ന് നമുക്ക് സമകാലിക പ്രശ്‌നങ്ങളിലും കണ്ടുവരുന്ന ഒന്നാണല്ലോ.

കുർബാന രീതിയിലെ മാറ്റത്തോടും വിശ്വാസികളുടെ പ്രതികരണങ്ങളിൽ നാം ഇത്തരമൊരു വൈകാരികതയാണ് കാണുന്നത്.ഒരുപക്ഷേ, വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെ നിരീക്ഷിച്ചാൽ ഇതിന് പൊതു ചരിത്രത്തിലും പ്രാധാന്യമുണ്ട്.

____________ആർ. ഗോപാലകൃഷ്ണൻ | 2023 ജൂൺ 26

Share News