
ട്രാക്കിന് എൻ 95 മാസ്കുമായി ‘സാറും കുട്ടിയും ‘വാട്സ്ആപ് ഗ്രൂപ്പ്
കൊല്ലം :രണ്ടായിരത്തിപ്പതിനെട്ടിൽ വിരമിച്ച ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ഇഗ്‌നേഷ്യസ് ജി ജോസും രണ്ടായിരത്തിയൊന്നു മുതൽ രണ്ടായിരത്തിപ്പതിനെട്ടു വരെ അദ്ദേഹം പഠിപ്പിച്ച കൊല്ലം തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളും ഉൾപ്പെടുന്ന ‘സാറും കുട്ടിയും ‘ വാട്സ്ആപ് ഗ്രൂപ്പ് കോവിഡ് 19നെതിരെ പൊരുതുന്ന ട്രാക്ക് വോളന്റിയേഴ്സിന് എൻ 95 മാസ്ക് സമ്മാനിച്ചു .
ആർ ടി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ട്രാക്ക് ഗവെർണിങ്ബോഡി കോർഡിനേറ്റർ കൊല്ലം ആർ ടി ഓ രാജീവ് മാസ്കുകൾ സ്വീകരിച്ചു.കോവിഡ് കാലത്ത്’ സാറും കുട്ടിയും’ വാട്സ്ആപ് ഗ്രൂപ്പ് ഇത്തരം ഇടപെടലിലൂടെ വെത്യസ്തമായ ഒരു ശൈലിയും സന്ദേശവുമാണ് സമൂഹത്തിന് നൽകുന്നതെന്ന് ആർ ടി ഓ പറഞ്ഞു.

ട്രാക്ക് പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ അദ്ധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, അദ്ധ്യാപകൻ ഇഗ്‌നേഷ്യസ് ജി ജോസ്, കുട്ടികളെ പ്രതിനിധീകരിച്ച് റജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. എഴുപത്തിയഞ്ച് എൻ 95 മാസ്‌കുകകളാണ് ‘സാറും കുട്ടിയും ‘വാട്സാപ്പ് കൂട്ടായ്മ ട്രാക്കിന് സമ്മാനിച്ചത്.
ഇരുപത് വർഷങ്ങൾക്കിപ്പുറവും തന്റെ വിദ്യാർത്ഥികളെ ദിശാബോധം നൽകി നയിക്കുക എന്നതാണ് ‘സാറും കുട്ടിയും ‘ വാട്സാപ്പ് ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് ഇഗ്‌നേഷ്യസ് ജി ജോസ് പറഞ്ഞു. അംഗങ്ങളുടെ സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, രചനാത്മകവും കർമ്മാത്മകവുമായ കഴിവുകളെ വെളിച്ചത്തു കൊണ്ട് വരിക, സാമൂഹ്യനന്മക്കായുള്ള സേവന, സന്നദ്ധ, ജീവകാരുണ്യ പ്രവർത്തികളിൽ പങ്കാളികളാകുക തുടങ്ങിയ പ്രവർത്തനങ്ങളും ഈ വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.