അഞ്ചു ഡോക്ടേഴ്സുള്ള ആദിവാസിക്കുടി!

Share News

അഞ്ചു ഡോക്ടേഴ്സുള്ള ആദിവാസിക്കുടി!ആദിവാസി ദമ്പതികളായ രാഘവൻ്റെയും പുഷ്പയുടെയും കുടിയിൽ എല്ലാവരും -മക്കളും മരുമക്കളുമെല്ലാം – ഡോക്ടേഴ്സാണ്! ഒരൊറ്റ വീട്ടിൽ വീട്ടിൽ 5 ഡോക്ടേഴ്സ്!_ മൂന്നു മക്കളും രണ്ടു മരുമക്കളും. അഞ്ചു ഡോക്ടേഴ്സിൻ്റെ കാരണവർ !

➖

മൂത്തവനും, മരുമകളും ഹോമിയോ ഡോക്ടേഴ്സ്. രണ്ടാമത്തവൾ അലോപ്പതി മൂന്നാമത്തവൻ ആയുർവേദം;മരുമകൻ ഒരാൾ ദന്തഡോക്ടർ!ഒരു കണ്ണീർക്കഥയുടെ ശുഭാന്ത്യം

➖

അതെങ്ങനെ സംഭവിച്ചു എന്നല്ലേ? അതിനു പുറകിൽ കഷ്ടപ്പാടിൻ്റെ കണ്ണീർക്കഥയുണ്ട്. വെല്ലുവിളികളുടെ മുഴുപ്പട്ടിണിയിൽ കുതിർന്ന കദനകഥയാണത്. രാഘവൻ്റെയും പുഷ്പ യുടെയും വിവാഹം മുതൽ തീവ്രമായ ഒരു ശുഭാന്ത്യ മിഴിനീർക്കഥ.തെരുവിലേക്ക്

➖

രാഘവനും പുഷ്പയും രണ്ടു സമുദായക്കാരായിരുന്നു. അതിനാൽത്തന്നെ ഇരുസമുദായവും അവരെ വെറുത്തു. പുറന്തള്ളി.ആത്മാഭിമാനം; അതിജീവനം

➖

പട്ടിണിപ്പാവങ്ങളായിരുന്നെങ്കിലും ആത്മാഭിമാനമുണ്ടായിരുന്നു രണ്ടുപേർക്കും. അതിനാൽത്തന്നെ വിട്ടുകൊടുക്കാൻ നവദമ്പതിമാർ തയ്യാറായിരുന്നില്ല. അതിജീവനമാണ് ജീവനമെന്ന് നീറുന്ന അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ അവർ എളംബ്ലാശ്ശേരി എന്ന ഊരിൽ കുടിൽ കെട്ടി താമസം തുടങ്ങി. പണിയൊഴിയാതെ…

➖

കിട്ടിയ മണ്ണിൽ കൃഷിയിറക്കി. രാത്രി കാട്ടുമൃഗങ്ങളോടു പോരാടി, പനമ്പ് നെയ്തു. പകലാകട്ടെ, ഉറക്കക്ഷീണം ഊർജ്ജമാക്കി മാറ്റി അവർ കൂലിപ്പണിക്ക് പോയി. വീട്ടിലിരിക്കാൻ ഇത്തിരി സമയം കിട്ടിയാൽ പനമ്പു നെയ്യും.പട്ടിണിയൊഴിയാതെ..

➖

വർഷങ്ങൾ കടന്നു പോയപ്പോൾ മക്കളെ പഠിപ്പിക്കേണ്ട ആവശ്യംകൂടിയായി. അതോടെ പട്ടിണി ഉറ്റമിത്രമായി!ആ കൊടിയപട്ടിണിക്കഥ അവർ ഇങ്ങനെ വിവരിക്കുന്നു, നിസ്സംഗതയോടെ: വിശക്കുമ്പോൾ കാപ്പിയില അരിഞ്ഞുകൂട്ടി അടുപ്പിൽ ചൂടാക്കി കല്ലിൽ അരച്ചിട്ട തിളപ്പിച്ച വെള്ളം മാത്രം കുടിച്ച് ദിവസങ്ങളോളം കഴിഞ്ഞു. അസുഖം; അസഹനീയം ഈ ചികിത്സാ യാത്ര

➖

അസുഖമായിരുന്നു അസഹനീയം. അസുഖം വരുമ്പോൾ മൂന്നു മക്കളെയും പുറത്തും നെഞ്ചിലുമായിട്ട് മാറാപ്പു കെട്ടി കാട്ടിലൂടെ പത്തിരുപത്തഞ്ച് കിലോമീറ്റർ അകലെയുള്ള കോതമംഗലത്തെ ആശുപത്രിയിലേക്ക് യാത്ര. ആറാം മൈൽ വരെ നടപ്പുതന്നെ ശരണം. ചരിത്രം കുറിച്ച പ്രതിവിധി

➖

ഈ അലഞ്ഞുതിരിഞ്ഞുള്ള ആശുപത്രിയാത്ര അവസാനിപ്പിക്കാൻ രണ്ടു പേരും കണ്ടെത്തിയ പ്രതിവിധിയാണ് ചരിത്രം കുറിച്ചത്. “ഇനി ഡോക്ടറെ കാണാൻ അങ്ങോട്ടു പോകേണ്ടി വരരുത് നമുക്ക്; നമ്മളെ കാണാൻ ഡോക്ടേഴ്സ് ഇങ്ങോട്ടു വരണം.” അതിനാണ് അവർ ആ ആശയം പ്രയോഗിച്ചത് – സ്വന്തം മക്കളെ ഡോക്ടേഴ്സാക്കുക! അതിനാണല്ലോ അവർ പട്ടിണികിടന്ന് മക്കളെ പഠിപ്പിച്ചത്.ഡോക്ടർ മക്കൾ

➖

മാതാപിതാക്കളുടെ പ്രതീക്ഷയനുസരിച്ച് മൂന്നുമക്കളും പഠിച്ചു. ഇപ്പോൾ വീടുനിറയെ ഡോക്ടേഴ്സ് !അതിൽ അലോപ്പതി മാത്രമല്ല ഹോമിയോ, ആയുർവേദം’ എന്നിവയിലും വിദഗ്ധരുണ്ട്. ദന്തഡോക്ടറുമുണ്ട്.കുറച്ചുകൂടി വ്യക്തമാക്കിയാൽ, മൂത്തമകൻ പ്രദീപും ഭാര്യ നിത്യയും ഹോമിയോപ്പതി ഡോക്ടേഴ്സാണ്. കവളങ്ങാട് പഞ്ചായത്ത് ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറാണ് പ്രദീപ് . പ്രദീപിൻ്റെ ഭാര്യ നിത്യ കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ എം. ഡിക്കു ചേർന്നു കഴിഞ്ഞുരണ്ടാമത്തെ മകൾ സൂര്യ അലോപ്പതി ഡോക്ടറാണ്. കാസർഗോഡ് ചിറ്റാരിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റൻറ് സർജനാണവർ. (ഈ ഫേസ്ബുക്ക് ഫ്രണ്ട്സിലെ വളരെ ആക്ടീവായ ഒരാളെ ഡോ. സൂര്യ ചികിത്സിക്കുന്നുണ്ടെന്ന് അദ്ദേഹം തന്നെ കമൻറ് കോളത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതു കണ്ടു കാണുമല്ലോ☺) സൂര്യയുടെ ഭർത്താവാകട്ടെ, ദന്തഡോക്ടറാണ് സികെ സുബിൻ. കാസർഗോഡ് ചെറുപുഴയിൽ ക്ലിനിക് നടത്തുകയാണ്. ഏറ്റവും ഇളയ മകൻ സന്ദീപ് കണ്ണൂർ പരിയാരം ഗവൺമെൻറ് ആയുർവേദ മെഡിക്കൽ കോളേജിൽ ഹൗസ് സർജനായതോടെ വീട്ടിൽ എല്ലാവരും -സൺസും, ഡോട്ടേഴ്സും – ഡോക്ടേഴ്സായി!പ്രതികൂല അവസ്ഥകളെ നേരിടുന്നവരാണോ നിങ്ങൾ?

എങ്കിൽ അവയെ അനുകൂലാവസ്ഥ കളാക്കുന്നത് എങ്ങനെയെന്ന് ഈ ആദിവാസിക്കുടിയിൽ നിന്നു വേണം പഠിക്കാൻ.

-സൈ

Share News