
ഭ്രൂണഹത്യ, വിവാഹം ബന്ധപ്പെട്ട കത്തോലിക്കാ വിരുദ്ധ നിലപാടില്‍ അനുതപിക്കണം: ജോ ബൈഡനോട് യുഎസ് ബിഷപ്പ്
ടെക്സാസ്: സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മയ്ക്കുമായി ഭ്രൂണഹത്യ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കത്തോലിക്കാ പ്രബോധനങ്ങളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നതില്‍ പശ്ചാത്തപിക്കണമെന്ന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റായി വിലയിരുത്തപ്പെടുന്ന ജോ ബൈഡനോട് കത്തോലിക്കാ മെത്രാന്റെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ നവംബര്‍ 19ന് സമൂഹമാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു ടെക്സാസിലെ ടൈലര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് അഭ്യര്‍ത്ഥന നടത്തിയത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തില്‍ പങ്കുകൊള്ളുകയും, അബോര്‍ഷന്‍ അനുകൂല നിയമങ്ങളെ പിന്തുണക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ജോ ബൈഡന്‍.
“സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മക്കുമായി വിവാഹം, ഗര്‍ഭഛിദ്രം എന്നീക്കാര്യങ്ങളിലെ കത്തോലിക്കാ പ്രബോധനങ്ങളോടുള്ള വിയോജിപ്പില്‍ അനുതപിക്കണമെന്ന് ഒരു മെത്രാനെന്ന നിലയില്‍ ഞാന്‍ ബൈഡനോട് അപേക്ഷിക്കുന്നു. അദ്ദേഹം നമ്മുടെ നാട്ടിലെ പരമോന്നത പദവിയിലേറുവാനിരിക്കെ ദൈവം വെളിപ്പെടുത്തിത്തന്ന സത്യത്താല്‍ നയിക്കപ്പെടേണ്ടതാണ്. സത്യം കണ്ടെത്തുവാന്‍ ഞാന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും”. ബിഷപ്പ് ജോസഫ് എഡ്വാര്‍ഡിന്റെ ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ ബിഷപ്പ് സ്ട്രിക്ക്ലാന്‍ഡ് നയിക്കുന്ന ടൈലര്‍ രൂപതയുടെ വെബ് പേജില്‍ “ധാര്‍മ്മികമായി യോജിച്ച കത്തോലിക്കാ പൗരത്വം” എന്ന പേരില്‍ ബ്ലോഗുകളുടേയും പോസ്റ്റുകളുടേയും പരമ്പരതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ‘അബോര്‍ഷന്‍ നേരിട്ട് പ്രചരിപ്പിക്കുന്ന ആരുംതന്നെ നമ്മുടെ സമൂഹത്തെ നയിക്കുവാന്‍ പാടില്ലായെന്നും ജീവന്റേയും, ജനിക്കുവാനിരിക്കുന്ന ശിശുക്കളുടേയും അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ മാത്രമേ കത്തോലിക്കരെന്ന നിലയില്‍ നമുക്ക് അംഗീകരിക്കുവാനും സഹായിക്കുവാനും കഴിയുകയുള്ളൂ’ എന്നും മെത്രാന്‍ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചിരുന്നു.
പ്രവാചക ശബ്ദം