എന്തിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന ഒരു തലമുറയ്ക്കായി നാം തിരിച്ചു നടക്കണമോ?

Share News

23 കൊല്ലം മുമ്പ് ഒരു എസ് എസ് എൽ സി റിസൾട്ട് വന്നപ്പോൾ ആകാംക്ഷയോടെ പത്രം നോക്കിയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.

ഇന്ന്, പ്രതീക്ഷിച്ച A+ ഒന്നു കുറയുന്ന സാധ്യതയുണ്ടായിരുന്നു അന്ന് തോൽക്കാൻ. 47% ഓ മറ്റോ ആയിരുന്നു വിജയശതമാനം എന്നായിരുന്നു ഓർമ്മ. പക്ഷെ അക്കാലത്ത് ആരും തോൽവിയുടെ പേരിൽ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. ആ തോൽവിയുടെ പേരിൽ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇക്കാലത്തെ പ്രഗൽഭരിൽ പലരും ജീവിച്ചിരിക്കുന്നുണ്ടാവുമായിരുന്നില്ല!

റിസൾട്ട് പ്രഖ്യാപിച്ച് പിറ്റേ ദിവസം പത്രത്തിലൂടെയേ ജയപരാജയങ്ങൾ അറിയൂ. അന്നത്തെ പത്രങ്ങൾക്ക് പ്രത്യേകതയുണ്ട്. ആദ്യ പേജിൻ്റെ പകുതി റാങ്കുകാർക്കു വേണ്ടി മാറ്റി വച്ചിരിക്കും. വലിയ വലിപ്പത്തിൽ ഒന്നാം റാങ്ക് കിട്ടിയ ആളുടെ ചിത്രം, അൽപ്പം വലിപ്പം കുറഞ്ഞ് രണ്ടാം റാങ്ക് അങ്ങനെ ആദ്യ പത്തു റാങ്കുകാരുടെ ചിത്രം എല്ലാ പത്രങ്ങളുടെയും മുൻ പേജിലുണ്ടാകും. പിന്നെ ആദ്യം റാങ്കും, പതിയെ വിജയവുമൊന്നും ഒരു വാർത്തയല്ലാതായി മാറി.

വാർത്തയല്ലാതാവുന്നതോടെ ഇതൊന്നും കുട്ടികൾക്കും വിഷയമാവില്ല എന്ന ആരുടെയോ കണക്കുകൂട്ടലുകൾ തെറ്റി. റാങ്ക് / മാർക്ക് സമ്പ്രദായങ്ങൾ കടന്ന് ഗ്രേഡ് സമ്പ്രദായമായ ശേഷം വിജയശതമാനം കുത്തനെ കൂടി. ഒപ്പം ജീവിത പരാജയത്തിൻ്റെയും ആത്മഹത്യയുടെയും നിരക്കുകളും. എവിടെയാണ് തെറ്റിയത്?

ജീവിതത്തിൽ ഉടനീളം മൽസരങ്ങളെ നേരിട്ടിരുന്ന, പൊരുതി ജയിച്ചിരുന്ന അനേകം തലമുറകൾ എല്ലാ തോൽവികളിലും പിടിച്ചു നിന്നിരുന്നു. തോൽവികളെ ചവിട്ടുപടികളാക്കാൻ അവർക്ക് നിഷ്പ്രയാസം കഴിഞ്ഞിരുന്നു. എന്നാൽ, മൽസരങ്ങളും പോരാട്ടങ്ങളും അന്യമായ ഈ തലമുറയിൽ അതിജീവനം വെല്ലുവിളിയും ദുഃസ്വപ്നവുമായി മാറുന്നു.

എവിടെയാണ് നമുക്ക് പിഴച്ചത്?പ്രതിബന്ധങ്ങളെ ഭയക്കാത്ത, തടസങ്ങൾക്ക് മുമ്പിൽ അടിയറവ് പറയാത്ത, എന്തിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന ഒരു തലമുറയ്ക്കായി നാം തിരിച്ചു നടക്കണമോ?

Vinod Nellackal

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു