
ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്…
ക്രൈസ്തവ സന്യാസിനികൾ ആരുടെ ഒക്കെയോ എന്തൊക്കെയോ ആണെന്നും, ഒരു കുഞ്ഞിനെ പ്രസവിക്കാത്ത… മുലയൂട്ടി വളർത്താത്ത… “മുലയൂട്ടുന്നവർ മാത്രമാണ് അമ്മ… മഠത്തിലമ്മമാരെ എന്തിന് അമ്മ എന്ന് വിളിക്കുന്നു?” എന്ന് സോഷ്യൽ മീഡിയ വഴി പുലമ്പുന്ന മഹാനോട്…. ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്…

ആരുടെ ഒക്കെയോ ബലഹീനതകളുടെ ഫലമായി ഈ ഭൂമിയിൽ പിറന്നു വീഴാൻ ഇടയാകുന്ന അനേകായിരം കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോടു ചേർത്ത് രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ദിവസങ്ങൾ തള്ളി നീക്കുന്ന പുണ്യം നിറഞ്ഞ ധാരാളം സന്യസ്തർ ഇന്ന് കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ളതിനാൽ “പകൽ മാന്യൻമാരായ” പലരും ഇന്ന് അന്തസോടെ സമൂഹത്തിൽ തലയുയർത്തി ജീവിയ്ക്കുന്നു. ജന്മം നല്കിയതുകൊണ്ട് മാത്രം ആരും അപ്പനും അമ്മയും ആകുന്നില്ല. “കർമ്മത്തിൽ കൂടിയുള്ള ആത്മീയ മാതൃത്വം” എന്ന ആ വലിയ യാഥാർത്ഥ്യം ആരും കണ്ടില്ലെന്ന് നടിയ്ക്കരുത്. ബ്രഹ്മചര്യ വ്രതത്തിലൂടെ ഒരു സമർപ്പിത അനേകായിരങ്ങളുടെ അമ്മയായും, സഹോദരിയായും, മകളായും മാറുകയാണ്… രക്തബന്ധത്തിന് പോലും സാധിയ്ക്കാത്ത കാര്യങ്ങൾ ആത്മീയ ബന്ധത്തിലൂടെ സാധിയ്ക്കുന്നു. സമർപ്പണ ജീവിതത്തിലൂടെ തന്റെ ഹൃദയം ഒരു ചെറിയ കുടുംബത്തിന് മാത്രമായി മാറ്റിവയ്ക്കാതെ അല്പം കൂടി വിശാലമാക്കുന്നു… ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ കൂടുതൽ സ്നേഹിക്കുവാൻ അതിലുമുപരി ലോകം മുഴുവനെയും ഒരു കുടുംബമായ് കാണാൻ ബ്രഹ്മചര്യ ജീവിതത്തിന് സാധിയ്ക്കുന്നു…
വഴിതെറ്റി പോയ ചുരുക്കം ചിലരെ എടുത്തുകാട്ടി ഒരു ലക്ഷത്തോളം സന്യസ്തരെ ഒന്നടങ്കംഏറ്റവും മോശം ജീവിതം നയിക്കുന്ന സ്ത്രീകൾ എന്നു വിളിയ്ക്കുവാൻ കാണിക്കുന്ന ഈ ആവേശം അടങ്ങാൻ സന്യസ്തർ നടത്തുന്ന ഇങ്ങനെയുള്ള അനാഥാലയങ്ങൾ ഒന്നു സന്ദർശിച്ച് നോക്കിയാൽ മതിയാകും. നിങ്ങൾ ഏറ്റവും മോശം ജീവിതം നയിക്കുന്ന സ്ത്രീകൾ എന്ന് മുദ്രകുത്തിയ ഈ സന്യസ്തർ ഉള്ളതുകൊണ്ട് ഇന്ന് കേരളത്തിന്റെ തെരുവുകൾ അനാഥരെ കൊണ്ട് നിറയുന്നില്ല. പിന്നെ സ്വന്തം അമ്മയേയും പെങ്ങളേയും പോലും തിരിച്ചറിയാൻ കഴിയാത്ത ‘ചില ജന്മങ്ങൾ’ വിളിച്ച് പറയുന്ന ഇത്തരം വിഡ്ഢിത്തരങ്ങൾ അവരുടെ ഹൃദയത്തിലെ നിക്ഷേപത്തിൽ നിന്ന് ഉരുവെടുക്കുന്നതാണ്…
ക്രൈസ്തവ സന്യാസിനികൾ നടത്തുന്ന സ്ഥാപനങ്ങളിൽ അനാഥരായ കുഞ്ഞുങ്ങൾ മാത്രമല്ല ഉള്ളത്. നിങ്ങളെ വളർത്തി വലുതാക്കി ഒരു നല്ല നിലയിൽ എത്തിച്ചു കഴിയുമ്പോൾ നിങ്ങളിൽ ചിലർക്ക് ഭാരമായി തീരുന്ന, അല്ലെങ്കിൽ നിങ്ങളുടെ സുഖത്തിനായി നിങ്ങളിൽ ചിലർ തെരുവിലേയ്ക്ക് നിഷ്ക്കരുണം വലിച്ചെറിയുന്ന നിങ്ങളുടെ മാതാപിതാക്കളേയും രണ്ടു കൈകളും നീട്ടി സ്വീകരിക്കുകയും, നിറഞ്ഞ പുഞ്ചിരിയോടെ, യാതൊരു പരിഭവവും കൂടാതെ നിങ്ങൾ മക്കളേക്കാളും നന്നായി നോക്കുന്ന ആയിരക്കണക്കിന് സമർപ്പിതർ ഇന്ന് നിങ്ങളുടെ ചുറ്റും ഉണ്ട്. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ ഉള്ളതുകൊണ്ട് സമൂഹവും കുടുംബങ്ങളും മാറ്റിനിർത്തുന്ന അനേകായിരം മനുഷ്യജന്മങ്ങളെ പൊന്നുപോലെ നോക്കുന്ന വിശുദ്ധ ജന്മങ്ങളും നമ്മുടെ ഈ കൊച്ചുകേരളത്തിൽ ധാരാളമുണ്ട്. ഇങ്ങനെയുള്ള ഏതെങ്കിലും സന്യാസ ഭവനങ്ങളിലേയ്ക്ക് ഒന്നു കടന്നുചെല്ലുക, അപ്പോൾ അറിയാം യഥാർത്ഥ സന്യാസിനികൾ അപരനിൽ ദൈവത്തെ കണ്ട് അവർക്കായ് സ്വയം എരിഞ്ഞുതീരുന്നവർ ആണെന്ന്.
