വയനാട്ടില്‍ വീണ്ടും കടുവയെ കണ്ടു; പ്രദേശവാസികള്‍ ഭീതിയില്‍

Share News

വയനാട്:ഇരുളത്ത് വനഗ്രാമമായ പാമ്ബ്ര പ്രദേശത്ത് പട്ടാപകല്‍ കടുവയെ കണ്ട ഭീതിയില്‍ പ്രദേശവാസികള്‍. ആഴ്ചകളായി ചീയമ്ബം 73 ഭാഗത്ത് നിരവധി കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത് അതിനിടയിലാണ് പട്ടാപകല്‍ റോഡരികില്‍ കടുവയെ കണ്ടത്.

ഇന്നലെ ഉച്ചയോടെയാണ് ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ ഇരുളം പാമ്ബ്ര പൊകലമാളം വനമേഖലയോട് ചേര്‍ന്ന പാതയോരത്താണ് വഴിയാത്രക്കാര്‍ കടുവയെ കണ്ടത്. ഇരുചക്രവാഹനങ്ങളില്‍ പോകുകയായിരുന്ന നിരവധി പേരാണ് കടുവയെ കണ്ടത്.

ഇതില്‍ ഒരു വഴിയാത്രക്കാരനാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. –

ഒരുമാസത്തോളമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് ബത്തേരിയില്‍ നിന്നും വരികയായിരുന്ന ബാങ്ക് ജീവനക്കാരിക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു.

തലനാരിഴക്കാണ് ഈ സ്ത്രീ രക്ഷപ്പെട്ടത്. ഒരു ഭാഗത്ത് എസ്റ്റേറ്റും, ഒരു ഭാഗത്ത് വനവുമുള്ള പ്രദേശമാണിവിടം. അതുകൊണ്ട് തന്നെ കടുവ പതുങ്ങിയിരുന്നാല്‍ അറിയാത്ത അവസ്ഥയാണുള്ളത്.

കടുവയെ കണ്ടതോടെ ഇരുളം, മാതമംഗലം, പൊകലമാളം, പാമ്ബ്ര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്. സാധാരണ ഉള്‍വനങ്ങളില്‍ കാണാറുള്ള കടുവയെ പാതയോരത്ത് കണ്ടതോടെ വഴിയാത്രക്കാരും ആശങ്കയിലാണ്.

ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കടുവയെ കൂട് വെച്ച്‌ പിടികൂടി ഉള്‍വനങ്ങളില്‍ കൊണ്ടുപോയി വിടണമെന്നാണ് ജനങ്ങളുടെ ആവശ്യം. മാസങ്ങള്‍ക്ക് മുന്‍പ് ആദിവാസി യുവാവിനെ കടുവ ആക്രമിച്ച്‌ കൊന്നു തിന്നിരുന്നു.

വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണമേര്‍പ്പെടുത്തി.

Share News