
മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക് ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും ഞങ്ങൾ കണ്ടു.
1986 ൽ ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശ്ശനം. ഒരു മാർപ്പാപ്പ ആദ്യമായി മലയാളികൾക്ക് അവരുടെ മാതൃഭാഷയിൽ ആശംസകൾ നേർന്നു..ദൈവത്തിനു സ്തുതി പറഞ്ഞു.
മലയാളികളുടെ ഹൃദയത്തിൽ തൊട്ട ഈ വചസുകൾ പരിശുദ്ധ പിതാവിനെ അഭ്യസിപ്പിച്ച പുരോഹിതൻ ഞങ്ങൾ കോക്കമംഗലംകാരെ തെല്ലൊന്നുമല്ല അഭിമാന ഭരിതരാക്കിയത്. ഞങ്ങളുടെ ഇടവകക്കാരനും നാട്ടുകാരനുമായ മോൺ ജോസഫ് ചേന്നോത്ത്. മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക് ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും ഞങ്ങൾ കണ്ടു.
പിൽക്കാലത്ത് അദ്ദേഹം മെത്രാപ്പോലിത്തയും അപ്പസ്തോലിക് നുൺഷ്യോയുമായി. മാർപ്പാപ്പമാർക്കും രാഷ്ട്രത്തലവന്മാർക്കുമൊപ്പവും രാജ്യാന്തര വേദികളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കുലീനവും ഹൃദയഹാരിയുമായിരുന്നു.
ബഹു ഭാഷാ പണ്ഡിതനും ആഗോള കത്തോലിക്കാ സഭയ്ക്ക് പേപ്പൽ വിദേശ നയത്തിന്റെ സംവാദത്തിന്റെയും ധാരണയുടെയും ദരിദ്രരോടുള്ള കരുതലിന്റെയും അന്ത:സത്തയെ പ്രോജ്വലിപ്പിക്കുകയും ചെയ്ത ശ്രേഷ്‌ഠനായ സ്ഥാനപതിയുമായിരുന്നു അഭിവന്ദ്യ ചേന്നോത്ത് പിതാവ്. വാക്കുകൾക്കും ഫീച്ചർ ഭാഷകൾക്കും അപ്പുറം ലാളിത്യത്തിന്റെ സൗമ്യവും ദീപ്തവുമായ പാഠപുസ്തകമായിരുന്നു ആ ജീവിതം.
അതുകൊണ്ട് തന്നെ ഈ വിയോഗം ദു:ഖിപ്പിക്കുന്നു.
ആ ഓർമ്മകൾക്ക് മുന്നിൽ ബാഷ്പാഞ്ജലി…

Jomon Mankuzhikary