ഇതൊരു മനുഷ്യാവകാശ പ്രശ്നമായിട്ടാണ് നാം കാണുന്നത്. |വികസനം മൂലം കനത്ത നഷ്ടം സംഭവിക്കാൻ പോകുന്ന ഒരു ജനവിഭാഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നാണ് നാം ആവശ്യപ്പെടുന്നത്.| മെത്രാപ്പോലീത്തസൂസപാക്യം എം.

Share News

2015 ആഗസ്റ്റ് മാസം 2-ാം തിയതി ഞായറാഴ്ച ദിവ്യബലിയുടെ അവസാനം തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ഉള്ള എല്ലാ ദേവാലയങ്ങളിലും വായിച്ച അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ ഇടയലേഖനത്തിലേയ്ക്ക്:

വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി:

ദൈവത്തിനു സ്തുതിദൈവജനത്തിന് സമാധാനം!

വന്ദ്യ വൈദികരേ, പ്രിയമക്കളേ,

വിഴിഞ്ഞത്ത് ഒരു വൻകിട വാണിജ്യ തുറമുഖം നിർമിച്ച് പ്രവർത്തിപ്പിക്കാൻ വേണ്ടി കേരള സർക്കാർ നടപടികളുമായി മുന്നോട്ടു പോവുകയാണല്ലോ.

ഒരു സ്വപ്ന പദ്ധതിയായി വിശേഷിപ്പിച്ചുകൊണ്ട് അനന്തമായ വികസന സാദ്ധ്യതയാണ് ഈ പദ്ധതിമൂലം തെക്കൻ കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലമാണ് ഇന്നുള്ളത്. പദ്ധതിക്ക് അനുകൂലമായ ഒരു നിലപാടാണ് അതിരൂപത ആദ്യം മുതലേ പുലർത്തിയത്. എന്നാൽ പ്രസ്തുത പദ്ധതി മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കരുതെന്നും തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ പരിഹരിച്ചു വേണം മുന്നോട്ടുപോകുവാനെന്നും ശക്തമായ നിലപാടുമായിട്ടാണ് നാം സർക്കാരിനെയും തുറമുഖ അധികൃതരേയും സമീപിച്ചത്.

തയ്യാറാക്കപ്പെട്ട പ്ലാൻ പ്രകാരം ഈ തുറമുഖം നിർമ്മിച്ചാൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽവസിക്കുന്നവർക്ക് ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങൾ നിരവധിയാളുകളും സംഘടനകളും ഏറെക്കാലമായി ബന്ധപ്പെട്ട അധികൃതരുടെ മുമ്പിൽ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഏകപക്ഷീയമായി സർക്കാർ നീങ്ങുകയാണ്.

ഈ സാഹചര്യത്തിൽ തുറമുഖപദ്ധതി സംബന്ധിച്ച് തീരദേശവാസികൾ ഉന്നയിക്കുന്ന ആശങ്കകളും കാതലായ പ്രശ്നങ്ങളും സമൂഹമധ്യത്തിൽ അവതരിപ്പിക്കാനും വസ്തുതകൾബോധ്യപ്പെടുത്തുവാനുമാണ് ഈ ഇടയലേഖനത്തിലൂടെ ഞാൻ ശ്രമിക്കുന്നത്.

വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം കാതലായ ഒരു വിഷയമായിമാറുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വികസനപദ്ധതികൾ നടപ്പിലാക്കുമ്പോൾ രണ്ടു കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്.

ഒന്ന്, ഇതിന്റെ ഗുണഭോക്താക്കൾ ആര്? ഇതുകൊണ്ട് നഷ്ടം സംഭവിക്കുന്നത് ആർക്കൊക്കെ എന്നിവയാണ്. ‘വികസന പ്രക്രിയകൾ’ ഏറ്റവുമധികം ദോഷകരമായി ബാധിച്ചിട്ടുള്ളത് ഈ രാജ്യത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ആദിവാസി, ദളിത്, മത്സ്യത്തൊഴിലാളി, ചെറുകിട കൃഷിക്കാർ എന്നിവരെയൊക്കെയാണ് എന്നകാര്യം നമുക്കറിവുള്ളതാണ്. ഇതിന്റെ പ്രയോജനം ഇവിടെയുള്ള സമ്പന്നവിഭാഗങ്ങൾക്കാണെന്ന കാര്യവും നാം വിസ്മരിക്കരുത്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി പുത്തൻ സാമ്പത്തിക നയങ്ങൾ ആഗോളവത്കരണത്തിന്റെ പേരിൽ നടപ്പിലാക്കുമ്പോൾ ഇവിടെയുള്ള സമ്പന്ന വിഭാഗം കൂടുതൽ സമ്പന്നവും പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾകൂടുതൽ ദരിദ്രരുമായി മാറുന്നുവെന്ന ചരിത്ര യാഥാർഥ്യത്തിന്റെ മുന്നിലാണ് നാം. പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് ഈ വിഭാഗങ്ങളെയാണെന്ന കാര്യവും ഇതോട് ചേർത്ത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഫ്രാൻസിസ് പാപ്പായുടെ പരിസ്ഥിതിയെ സംബന്ധിച്ച ചാക്രികലേഖനത്തിലെ ഒരു പരാമർശം ഏറെ പ്രസക്തമാണ്. പരിസ്ഥിതിയോടുള്ള സമഗ്രമായ കാഴ്ചപ്പാടാണ് ഇന്നാവശ്യമായിരിക്കുന്നത്. തൊഴിൽ, കുടുംബം, ജീവിതം എന്നിവയുമായി ബന്ധപ്പെട്ടതാണ് പാരിസ്ഥിതി പ്രശ്നങ്ങൾ. മാനവ ഐക്യത്തിനും സാമൂഹിക ബന്ധങ്ങൾക്കും എതിരായ ഓരോ നീക്കവും പരിസ്ഥിതിയെ ഉപദ്രവിക്കുന്നതാണ്. സാമ്പത്തിക ലാഭനഷ്ടങ്ങളുടെ വെളിച്ചത്തിൽ പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാൻ സാധിക്കുകയില്ല. വാണിജ്യ വ്യവസായശക്തി കൊണ്ടുമാത്രം പ്രകൃതിയെ നമുക്ക് സംരക്ഷിക്കാനാവില്ല. കമ്പോള ക്രയവിക്രയം കൊണ്ട് സംരക്ഷിക്കാനോ പരിരക്ഷിക്കാനോ സാധിക്കാത്ത ഒന്നാണ് പരിസ്ഥിതിയെന്നുംപാപ്പാ സമർഥിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വിഴിഞ്ഞത്ത് ഇപ്പോൾ കേരള സർക്കാർനടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കണ്ടെയിനർ ട്രാൻസ്ഷിപ്മെന്റ് പോർട്ട് പദ്ധതിയെ നാം പരിശോധിക്കേണ്ടത്.

വിഴിഞ്ഞം വാണിജ്യതുറമുഖ പദ്ധതിയും പരിസ്ഥിതി ആഘാതവും:

കണ്ടെയിനർ ട്രാൻസ്ഷിപ്മെന്റ് പോർട്ട് പദ്ധതിയുടെ രൂപരേഖ, പരിസ്ഥിതി ആഘാത പഠനറിപ്പോർട്ട്, മറ്റ് ഔദ്യോഗിക പഠനരേഖകൾ എന്നിവ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള സെന്റർ ഫോർ ഫിഷറീസ് സ്റ്റഡീസ്, തിരുവനന്തപുരം സോഷ്യൽസർവീസ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളും പഠനവിധേയമാക്കുകയുണ്ടായി. ഈ രംഗത്തുള്ള പല ശാസ്ത്രജ്ഞരുടെയും വിദഗ്ദരുടെയും സേവനങ്ങൾ ഇതിനായി തേടുകയുംചെയ്തു. ഈ പഠനങ്ങളുടെ വെളിച്ചത്തിൽ താഴെപ്പറയുന്ന നിഗമനങ്ങളിലാണ് ഞങ്ങൾഎത്തിച്ചേർന്നത്.

1. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന രൂപത്തിൽ ഈ പദ്ധതി നടപ്പിലാക്കിയാൽ നമ്മുടെ തീരപ്രദേശത്തെ ജനജീവിതത്തിനും കടലോര പരിസ്ഥിതിക്കും ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാകും.

2. ആഘാതപഠന റിപ്പോർട്ട് പല സുപ്രധാന കാര്യങ്ങളും ശാസ്ത്രീയമായ രീതിയിൽ പഠിച്ചിട്ടില്ല.

3. റിപ്പോർട്ടിലെ പല നിഗമനങ്ങളും വസ്തുതകളെ മറച്ചുവച്ച് പദ്ധതിയെ മനഃപൂർവം ന്യായീകരിക്കാൻ മാത്രമാണ് പരിശ്രമിക്കുന്നത്.

4. പദ്ധതി ആഘാത മേഖലയിൽ തിങ്ങിപ്പാർക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങൾ ശരിയായി പഠിച്ചിട്ടില്ല.

5. നിലവിലുള്ള തീരപരിപാലന നിയമവും പരിസ്ഥിതി സംരക്ഷണ നിയമവുംലംഘിച്ചുകൊണ്ട് മാത്രമേ തയ്യാറാക്കിയിരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ സാധിക്കൂ.

വിഴിഞ്ഞം തുറമുഖപദ്ധതി ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന രീതിയിൽ നിർമിക്കുന്നത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമത്തിലെ നിരവധി ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും ഈ പദ്ധതി സമീപതീരപ്രദേശങ്ങളിൽ വസിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ വാസസ്ഥലങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുമെന്നും നാം മനസ്സിലാക്കുന്നു.

തുറമുഖത്തിനായി വലിയ പുലിമുട്ട് നിർമിക്കുന്നത് വടക്കുഭാഗത്തെ തീരപ്രദേശങ്ങളിൽ വൻതോതിൽ കരനഷ്ടത്തിന് ഇടയാക്കും. 1970കളിൽ വിഴിഞ്ഞത്ത് ഫിഷിംഗ്ഹാർബറിനു വേണ്ടി 400 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമിച്ചശേഷം പനത്തുറ, പുന്തുറ, ബീമാപള്ളി, വലിയതുറ തുടങ്ങിയ ജനസാന്ദ്രതയേറിയ തീരപ്രദേശത്ത് വൻതോതിൽ കര കടലെടുത്തുപോയത് തീരദേശവാസികൾക്കെല്ലാം അനുഭവത്തിലൂടെ അറിവുള്ളതാണ്.

പുന്തുറയിൽ മാത്രം നൂറുകണക്കിന് ഭവനങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കടലാണ്. അവരെ മാറ്റിപാർപ്പിക്കുകയും ചെയ്യേണ്ടിവന്നു. ഈ കരനഷ്ടപ്പെടൽ പ്രക്രിയ ഇപ്പോഴും തുടരുന്നു. ഇങ്ങനെ കരയില്ലാതായ കാര്യം കേന്ദ്രഗവണ്മെന്റിന്റെ മേൽനോട്ടത്തിൽ നടന്ന ഔദ്യോഗിക പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്കായി നടത്തിയ പരിസ്ഥിതി ആഘാതപഠനറിപ്പോർട്ട് പബ്ലിക് ഹിയറിംഗിന് മുമ്പ് പ്രസിദ്ധീകരിച്ചപ്പോൾ ഈ കര നഷ്ടമാകലും എടുത്ത് പറഞ്ഞിരുന്നു. പൂന്തുറയിൽ 200 മീറ്റർ വരെ വീതിയിൽ കര നഷ്ടമായതും അതേസമയം അടിമലത്തുറ ഭാഗത്ത് 220 മീറ്റർ വരെ വീതിയിൽ പുതിയ കര ഉണ്ടായതും രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ പബ്ലിക് ഹിയറിംഗിൽ രേഖാമൂലം ഉന്നയിക്കപ്പെട്ടു. എന്നാൽ മറുപടി പറയാൻ കഴിയാത്ത തുറമുഖ നിർമാണ കമ്പനി റിപ്പോർട്ടിലെ ഈ കാര്യങ്ങളടങ്ങിയ ഒരദ്ധ്യായം നീക്കം ചെയ്തിട്ടാണ് അന്തിമ റിപ്പോർട്ട് കേന്ദ്ര ഗവണ്മെന്റിന് നല്കിയത്. ഇനി 4കിലോമീറ്റർ നീളമുള്ള പുലിമുട്ട് വിഴിഞ്ഞത്ത് വാണിജ്യതുറമുഖത്തിനു വേണ്ടി നിർമിച്ചാൽ പൂന്തുറ മുതൽ വേളി വരെയുള്ള തീരപ്രദേശങ്ങൾ പൂർണമായും ഇല്ലാതാകും.

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖവും ഭീഷണിയിൽ:

2011-ൽ നിർദ്ദിഷ്ട വാണിജ്യതുറമുഖത്തിനുള്ള പരിസ്ഥിതി അനുമതി ലഭിച്ചു. അതോടൊപ്പംകേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ദ കമ്മിറ്റി തന്നെ ഉന്നയിച്ച പ്രതികരണങ്ങൾ ശ്രദ്ധേയമാണ്. ഈ രീതിയിൽ വാണിജ്യതുറമുഖം വിഴിഞ്ഞത്ത് നിർമിച്ചാൽ അതിന്റെ പ്രത്യാഘാതം ഏറ്റവുമധികം ഉണ്ടാകുന്നത് വിഴിഞ്ഞത്തെ ഫിഷിംഗ് ഹാർബറിനായിരിക്കും. അത് പരമ്പരാഗതമീൻ പിടിത്തക്കാരുടെ ഉപജീവനത്തെ ബാധിക്കും.

വിഴിഞ്ഞത്തെ ഫിഷിംഗ് ഹാർബർ അപകടാവസ്ഥയിലായാൽ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയുംഉപജീവനം ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

മത്സ്യബന്ധനത്തിനുണ്ടാകുന്ന തടസ്സങ്ങൾ:

പദ്ധതി പ്രദേശത്തിന്റെ തെക്കുഭാഗത്ത് 400 മീറ്റർ ആഴത്തിൽ ഡ്രഡ്ജിംഗ് നടത്തി കപ്പൽച്ചാൽ നിർമിക്കുമെന്നാണ് പറയുന്നത്. ഈ പ്രദേശത്ത് കൂടിയായിരിക്കും പ്രധാന കപ്പലോട്ടവും.ഇതുകാരണം പുല്ലുവിള മുതൽ പൊഴിയൂർ വരെയുള്ള മത്സ്യത്തൊഴിലാളികൾ കടലിലേക്ക്പോകുന്നത് തടയപ്പെടും. ഇതിന് പുറമേ, പദ്ധതിപ്രദേശം മത്സ്യബന്ധന നിരോധനമേഖലയായി പ്രഖ്യാപിക്കപ്പെടാം എന്നും തുറമുഖപദ്ധതിയുടെ പഠനം നടത്തിയ റോയൽ ഹഡ്കോണിംഗ് എന്ന ഏജൻസി രേഖപ്പെടുത്തിയിരിക്കുന്നു. തത്ഫലമായി അമ്പതിനായിരത്തോളംമത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത ഉപജീവനം ഇല്ലാതാവുകയും ചെയ്യും. ഡ്രഡ്ജിംഗി ലൂടെയും കപ്പൽ ഗതാഗതത്തിലൂടെയും കടൽ പരിസ്ഥിതിയിൽ ഗൗരവമേറിയ മാറ്റമുണ്ടാവുകയും തത്ഫലമായി മത്സ്യസമ്പത്ത് കുറയാൻ കാരണമാവുകയും ചെയ്യും. ഇതു മത്സ്യതൊഴിലാളികളെ വറുതിയിലാക്കും.

സർക്കാരിന്റെ നിഷേധാത്മക സമീപനം:

തീരദേശമേഖലയുമായി ബന്ധപ്പെട്ടവർ ഈ പദ്ധതി സംബന്ധിച്ച് ഉന്നയിക്കുന്ന മേൽപ്പറവ ഉൾപ്പെടെയുള്ള ഭയാശങ്കകൾ കേൾക്കാനും പ്രതികരിക്കാനും സംസ്ഥാന ഭരണാധികാരികൾ തയ്യാറാകുന്നില്ല. പലപ്രാവശ്യം രൂപതാ നേതൃത്വവുമായി ചർച്ചകൾ നടന്നുവെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ക്രിയാത്മകമായ നടപടികൾ ഒന്നുംതന്നെ ഉണ്ടായില്ല. ഈ രീതിയിൽ പോർട്ട് നിർമിച്ചാൽ തീരം നഷ്ടപ്പെടുകയും തൊഴിൽ രഹിതരാവുകയും ചെയ്യുന്ന 32 തീരഗ്രാമങ്ങളിലെ അരലക്ഷം വരുന്ന മീൻ പിടിത്തക്കാരും അനുബന്ധ തൊഴിലുകൾ ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ആരുടെയുംപരിഗണനയിൽ വരുന്നില്ല. അതേസമയം ഇക്കാര്യങ്ങൾ പറയുന്നവരെ വികസന വിരോധികളെന്ന് മുദ്രകുത്താനും ഇവർക്ക് മടിയില്ല. പൊതുസമൂഹത്തിന് ഗുണം ചെയ്യുമെന്ന് കരുതിയാണ് നാളിതുവരെ നാം പ്രതിഷേധ പരിപാടികൾക്ക് മുതിരാതിരുന്നത്. ഇതനമ്മുടെ ബലഹീനതയായി കാണാൻ പാടില്ല. വികസനപദ്ധതികൾക്കുവേണ്ടി ഏറെ ത്യാഗം സഹിച്ച് ചരിത്രമാണ് തിരുവനന്തപുരം അതിരൂപതക്കുള്ളത്. തുമ്പ ബഹിരാകാശ ഗവേഷണകേന്ദ്രം, അന്താരാഷ്ട്ര എയർപോർട്ട്, ട്രാവൻകൂർ ടൈറ്റാനിയം പദ്ധതി എന്നിവയ്ക്കുവേണ്ടി കിടപ്പാടവും മണ്ണും വിട്ട് നല്കിയവരാണ് നമ്മൾ. പദ്ധതി പ്രദേശത്തെ ജനങ്ങൾക്കായി പുനരധിവാസം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പലതും പതിറ്റാണ്ടുകളായി നിറവേറ്റപ്പെടാതെ അവശേഷിക്കുകയാണ്.

ഒരുപക്ഷേ മേൽ വിവരിച്ച് പരിസ്ഥിതി-സാമൂഹ്യ പ്രശ്നങ്ങൾ തീരദേശവാസികളല്ലാത്തവർക്ക് ഒരു പ്രശ്നമല്ലായിരിക്കാം. പക്ഷേ ഈ രാജ്യത്തെ പൗരന്മാരെന്ന നിലയ്ക്ക് തുല്യഅവകാശങ്ങൾ ഉള്ളവരാണ് ഈമത്സ്യത്തൊഴിലാളികളും എന്നതീരദേശവാസികളും വസ്തുത പൊതുസമൂഹം അംഗീകരിച്ചേ മതിയാകൂ. പദ്ധതിരേഖ മേൽപ്പറഞ്ഞ ഈ യാഥാർഥ്യങ്ങൾ അംഗീകരിക്കുകയും അതിനുള്ള പരിഹാരമാർഗങ്ങൾ നടപ്പിലാക്കുകയും പ്രസ്തുത കാര്യങ്ങൾ പദ്ധതിരേഖയിൽ ഉൾപ്പെടുത്തുകയും അതിനുവേണ്ട തുക പദ്ധതിയുടെ ഭാഗമായി നീക്കിവയ്ക്കുകയും ചെയ്യണമെന്നാണ് അതിരൂപതാ വൈദിക – അത്മായ പ്രതിനിധിയോഗം തീരുമാനിച്ചിരിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചശേഷം മത്സ്യത്തൊഴിലാളികൾക്ക് വരാൻ പോകുന്ന നഷ്ടം മനസ്സിലാക്കി ഒരു പാക്കേജ് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കുവാൻ സർക്കാർ തയ്യാറാകണമെന്നാണ് നമ്മൾ ആവശ്യപ്പെടുന്നത്. ഇതിൽ സർക്കാർ സന്നദ്ധമായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് ഇതുമായി ബന്ധപ്പെട്ടു കുടിയ വൈദിക-അത്മായ പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്നത്തെരീതിയിൽ സർക്കാർ ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോവുകയാണെങ്കിൽ എന്തുവിലകൊടുത്തും പദ്ധതി നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തണമെന്നുമാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

ഇതൊരു മനുഷ്യാവകാശ പ്രശ്നമായിട്ടാണ് നാം കാണുന്നത്. വികസനപ്രവർത്തനങ്ങൾക്ക്നമ്മൾ എതിരല്ല. വികസനം മൂലം കനത്ത നഷ്ടം സംഭവിക്കാൻ പോകുന്ന ഒരു ജനവിഭാഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നാണ് നാം ആവശ്യപ്പെടുന്നത്. ഈ പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടാകുന്ന ദുരിതപൂർണമായ അവസ്ഥയെപ്പറ്റി ഓരോ ഇടവകയിലും വ്യാപകമായ ബോധവത്ക്കരണം നടത്തേണ്ടതുണ്ട്. ഇടവക പൊതുയോഗം കൂടി ഈ വിഷയം പഠിക്കാനും അഭിപ്രായ ഭിന്നതകൾ മറന്ന് പ്രവർത്തിക്കാനും നമുക്കാവണം. അതിരൂപത മുന്നോട്ടു വയ്ക്കുന്ന പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

സ്നേഹത്തോടെ,

+ സൂസപാക്യം എം.

തിരുവനന്തപുരം മെത്രാപ്പോലീത്ത

വെള്ളയമ്പലം31-7-2015

NB: ഈ ഇടയലേഖനം 2015 ആഗസ്റ്റ് മാസം 2-ാം തിയതി ഞായറാഴ്ച ദിവ്യബലിയുടെ അവസാനം നമ്മുടെ ദേവാലയങ്ങളിൽ വായിച്ച് വിശദീകരിക്കേണ്ടതാണ്.

Share News