
നിലക്കടലയെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു?
ജോർജ് വാഷിങ്ങ്ട്ടൻ കാർവർ.ക്രിസ്തുവിനെ നെഞ്ചിലേറ്റിയ ഈ അമേരിക്കൻ ശാസ്ത്രജ്ഞനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
കടുത്ത പ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുന്ന സമയം.
വെളിപാടുകളുടെ വെളിച്ചത്തിൽ കാർവർ പറഞ്ഞു:”നിങ്ങൾ ഇനിമുതൽ നിലക്കടല കൃഷി ചെയ്യുക.”ജനം അദ്ദേഹത്തിൻ്റെ വാക്കുകൾ വിശ്വാസത്തിലെടുത്തു.
അന്നുവരെ കൃഷിചെയ്ത പരുത്തിക്കു പകരം നിലക്കടല കൃഷി ചെയ്യാനാരംഭിച്ചു.അദ്ദേഹം പറഞ്ഞതു പോലെ അതിശയിപ്പിക്കുന്ന വിളവായിരുന്നു ആ വർഷം ലഭിച്ചത്.ഏവരും മതിമറന്ന് സന്തോഷിച്ചെങ്കിലും മറ്റൊരു ദു:ഖം അവരെ വല്ലാതെ അലട്ടി.
നിലക്കടലയ്ക്ക് പറ്റിയ വിപണിയില്ലായിരുന്നു.ചാക്കുകണക്കിന് നിലക്കടല വിപണിയില്ലാതെ കെട്ടിക്കിടന്നു.അന്നുവരെ കൂടെയുണ്ടായിരുന്ന കർഷകരെല്ലാവരും കാർവറിനെ കുറ്റപ്പെടുത്തി.
കടുത്ത മാനസികാവസ്ഥയിലായിരുന്ന അദ്ദേഹം ദൈവത്തോട് നിരന്തരം പ്രാർത്ഥിക്കാൻ തുടങ്ങി.
ദൈവം ഇടപെട്ടു. കാർവറിൻ്റെ ലബോററ്ററിയിൽ നിന്നും നിലക്കടലയുടെ നൂറിൽപരം ഉല്പന്നങ്ങളാണ് ആയിടെ പുറത്തിറങ്ങിയത്.
നാം ഇന്നുപയോഗിക്കുന്ന പീനട്ട് ബട്ടർ, പീനട്ട് കേക്ക്, പീനട്ട് ഓയിൽ, പീനട്ട് ജാം തുടങ്ങി ഭൂരിഭാഗം നിലക്കടല ഉല്പന്നങ്ങളും കാർവർ രൂപകല്പന ചെയ്തതാണ്.
ഈ നേട്ടങ്ങൾക്കെല്ലാം ശേഷം കാർവർ അറിയപ്പെട്ടത് ‘പീനട്ട് മാൻ’ അഥവാ ‘നിലക്കടലയുടെ മനുഷ്യൻ’ എന്നാണ്.
അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിൽ ഒരാൾ അദ്ദേഹത്തോടു ചോദിച്ചു:
“ഇത്രയേറെ കണ്ടുപിടുത്തങ്ങൾ നടത്താൻ അങ്ങേയ്ക്കീ ജ്ഞാനമെല്ലാം എവിടെ നിന്ന്?’”‘ബൈബിളിൽ നിന്നാണ് ” എന്നായിരുന്നുകാർവറിൻ്റെ മറുപടി.”അതിന് ബൈബിളിൽ നിലക്കടല കൃഷിയെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ?” എന്നായി അടുത്ത ചോദ്യം.”ശരിയാണ്, ബൈബിളിൽ നിലക്കടല കൃഷിയെക്കുറിച്ച് പറയുന്നില്ല. എന്നാൽ അതിൻ്റെ സൃഷ്ടാവിനെക്കുറിച്ച് പറയുന്നുണ്ട്. നിലക്കടല എന്തു ചെയ്യണമെന്ന് അവിടുത്തോടാണ് ഞാൻ ചോദിച്ചത്. ഇക്കാര്യങ്ങളെങ്ങളെല്ലാം അവിടുന്നാണ് എനിക്ക് പറഞ്ഞു തന്നത്. അവിടുത്തേയ്ക്കാണ് എല്ലാ മഹത്വവും…”
എത്ര ശക്തമായ പ്രഘോഷണം, അല്ലെ?ഇങ്ങനെയൊരു വിശ്വാസ പ്രഷോഷണമല്ലെ പരിശുദ്ധ അമ്മയും പങ്കുവച്ചത്?
”ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുത്തെനാമം പരിശുദ്‌ധമാണ് ”(ലൂക്കാ 1: 49).
നമ്മുടെ ജീവിതത്തിലും എത്രയെത്ര വിഷമഘട്ടങ്ങളിലാണ് ദൈവം ഇടപെട്ടിട്ടുള്ളത്?
എന്നാൽ നമ്മുടെ നേട്ടങ്ങളിൽ അവിടുത്തെ മഹത്വപ്പെടുത്താൻ ചിലപ്പോഴെങ്കിലും നാം മടികാണിച്ചിട്ടില്ലെ?
ഏത് പ്രതിസന്ധിയിലും ഒപ്പം നിൽക്കുന്ന ദൈവത്തെ തിരിച്ചറിയാനും പ്രഘോഷിക്കാനും നമുക്ക് കഴിയണം. അങ്ങനെയുളളപ്പോൾ ദൈവം നമ്മെയും ഉയർത്തും.ഉറപ്പാണത് !

ഫാദർ ജെൻസൺ ലാസലെറ്റ്
ഡിസംബർ 11-2020.