
നമ്മൾ ചവിട്ടി ഒടിക്കുന്നത് കുട്ടിയുടെ നടുവ് മാത്രമല്ല നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ ഭാവിയെയും ആണ്.|“കേഴുക പ്രിയനാടെ..” എന്നേ പറയാനുള്ളു.|മുരളി തുമ്മാരുകുടി
ചവിട്ടിത്തെറിപ്പിക്കുന്ന ഭാവി !കണ്ണൂരിൽ പിഞ്ചുബാലനെ ഒരു നരാധമൻ ചവുട്ടിത്തെറിപ്പിക്കുന്ന വാർത്ത കണ്ടാണ് നേരം പുലരുന്നത്, വീഡിയോ കാണാനുള്ള മാനസികാവസ്ഥ ഇല്ല.

തൊട്ടുപിറകെ ഇത്ര ക്രൂരകൃത്യം ചെയ്ത് ഒരാളെ നാട്ടുകാർ റിപ്പോർട്ട് ചെയ്തിട്ടും കസ്റ്റഡിയിലെടുക്കാതെ കാർ മാത്രം കസ്റ്റഡിയിൽ എടുത്ത് പറഞ്ഞ് വിട്ട പോലീസിന്റെ വാർത്ത വരുന്നു.
അതിനു പുറമെ എന്തുകൊണ്ടാണ് ഒരു കുട്ടിക്കെതിരെ ഇത്തരമൊരു ക്രൂരത നടത്തിയിട്ടും തെളിവുകൾ ലഭിച്ചിട്ടും പ്രതിയെ രാത്രി തന്നെ വിട്ടയച്ചതെന്ന ചോദ്യത്തിന് പോലീസിന്റെ കൗതുകകരമായ മറുപടി,
“നമ്മുടെ നാട്ടിൽ ജോലിചെയ്യുന്ന അതിഥിതൊഴിലാളികൾക്ക് വേണ്ട എല്ലാ ക്ഷേമപ്രവർത്തങ്ങളും തലശേരി പോലീസ് കൃത്യമായി ചെയ്തിട്ടുണ്ട്” വായിക്കുന്നു.

ഇതൊന്നും സ്വപ്നമല്ലലോ, നമ്മുടെ കേരളത്തിൽ തന്നെയാണോ നടക്കുന്നത് എന്ന് കണ്ണ് തിരുമ്മി നോക്കുന്നു.സത്യമാണ്.ഇതാണ് ഇന്നത്തെ കേരളം. കഷ്ടം തന്നെ.
നിയമവാഴ്ചയും നീതിയും സംസ്കാരവുമുള്ള ഒരു പ്രദേശത്താണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ താഴെ പറയുന്ന കാര്യങ്ങളാണ് ഉടൻ സംഭവിക്കുമായിരുന്നത്.
കുട്ടിക്ക് ശരിയായ ചികിത്സ ലഭിക്കും.കുട്ടിക്കും മാതാപിതാക്കൾക്കും വേണ്ടത്ര കൗൺസലിംഗ് ലഭിക്കും. കുറ്റം ചെയ്ത പ്രതി ജയിലിലാകുന്നു.
വിചാരണചെയ്ത് ശിക്ഷിക്കപ്പെടുന്നു. അത് കുറ്റം ചെയ്യാതിരിക്കാൻ മറ്റുള്ളവർക്ക് പാഠമാകുന്നു. കാറിനെ കസ്റ്റഡിയിലെടുക്കുകയും പ്രതിയെ വീട്ടിൽ വിടുകയും ചെയ്ത പോലീസുകാർ പിന്നെ നിയമപാലകരംഗത്ത് പിന്നെ ഉണ്ടാകില്ല എന്ന് ഉറപ്പാക്കുന്നു.
ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിച്ച കുട്ടിക്കും മാതാപിതാക്കൾക്കും മാതൃകാപരമായ നഷ്ടപരിഹാരം ലഭിക്കുന്നു. അതിനുള്ള നിയമസഹായം ലഭിക്കുന്നു.
ഇനി കേരളത്തിൽ എന്ത് സംഭവിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്?

1. വീഡിയോ ഉള്ളതുകൊണ്ടും അത് ആളുകൾ കണ്ടതുകൊണ്ടും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നു.
2. വീഡിയോ ഉള്ളതുകൊണ്ടും ജനരോഷം ഏറെ ഉള്ളതുകൊണ്ടും പ്രതിക്ക് ഉടൻ ജാമ്യം കിട്ടുന്നില്ല.
3. രണ്ടു ദിവസം മാധ്യമങ്ങളിൽ കൊടുമ്പിരി ചർച്ച. ആരോപണം, പ്രത്യാരോപണം.
4. ഇപ്പോൾ തന്നെ കുട്ടിയുടെ വീട്ടുകാരുമായി വേണ്ടപ്പെട്ടവർ ചർച്ച നടത്തിയിട്ടുണ്ടാകാം. എന്തെങ്കിലും ചെറിയ നഷ്ടപരിഹാരം കൊടുക്കാം, കേസ് ഇല്ലാതാക്കണം എന്നൊക്കെ പറയുന്നുണ്ടാകും. മറുനാട്ടുകാരല്ലേ, അപകടത്തിൽ മരിച്ചാൽ തന്നെ ഒന്നോ രണ്ടോ ലക്ഷം കൊടുത്തു തീർക്കുന്ന നാടാണ്. കേസിന് പോയാൽ പത്തുകൊല്ലം എടുക്കും, എന്നാലും ഒന്നും നടക്കില്ല, ഇപ്പോൾ കിട്ടുന്നത് വാങ്ങുന്നതാണ് നല്ലത് എന്നൊക്കെ പറഞ്ഞ് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടാകും. ഇതിനൊക്ക പോലീസും കൂടെ സഹായിക്കും.
5. ഏതെങ്കിലും കാരണവശാൽ കുട്ടിയുടെ മാതാപിതാക്കൾ വഴങ്ങിയില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തിയാണെങ്കിലും കാര്യങ്ങൾ ഒത്തുതീർപ്പിലാകും.
6. വരും ദിവസങ്ങളിൽ ബിരിയാണി ചെമ്പോ തുരുമ്പോ ഒക്കെ വാർത്തയായി വരും, കുട്ടിയുടെ കാര്യം മാധ്യമങ്ങളിൽ നിന്നും പോകും
.7. പ്രതിക്ക് ജാമ്യം ലഭിക്കും, കേസൊക്കെ നടന്നാൽ തന്നെ ഒരിടത്തും എത്തില്ല. പിന്നെയും ആ ക്രിമിനൽ നമ്മുടെ സമൂഹത്തിൽ പഴയതുപോലെ ജീവിക്കും. അയ്യാളോ മറ്റുളളവരോ ഒരു പാഠവും പടിക്കുകയുമില്ല.

8. കാറിനെ കസ്റ്റഡിയിൽ എടുത്തവരൊക്കെ പതിവുപോലെ പ്രമോട്ട് ചെയ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരാകും.
9. പരിക്കേറ്റ കുട്ടിയുടെ നടുവ് ശരിയായാൽ പോലും ജീവിതകാലം മുഴുവൻ ഈ സംഭവത്തിന്റെ നടുക്കവുമായി സ്വന്തം കഴിവുകൾ പുറത്തുവരാൻ സാധിക്കാതെ ജീവിതം മുരടിച്ചുപോകും.

ഇതൊക്കെയാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. അത് ഏത് കേരളത്തിൽ?
പ്രവാസം ജീവിതത്തിന്റെ ഭാഗമായ കേരളത്തിൽഓരോ വീട്ടിലും ഏതാണ്ട് ഒരു പ്രവാസി ഉള്ള കേരളത്തിൽ ഓരോ യുവാക്കളും പ്രവാസി ആകാൻ ആഗ്രഹിക്കുന്ന കേരളത്തിൽ പ്രവാസികൾ അയക്കുന്ന പണം കൊണ്ട് കെട്ടിപ്പടുത്ത കേരളത്തിൽ.
മറ്റു രാജ്യങ്ങളിൽ മലയാളികൾക്കെതിരെ എന്തെങ്കിലും അക്രമം നടന്നാൽ റേസിസം ആണെന്നൊക്ക നിലവിളിക്കുന്ന കേരളത്തിൽ. ഇവിടെയാണ് ഒരു മറുനാടൻ കുടുംബത്തിന് ദുരനനുഭവമുണ്ടാകുന്നത്.
ഇവിടെയാണ് നിയമവാഴ്ചയുടെ ഒരു അടിസ്ഥാനതത്വവും അറിയാത്ത ചിലർ നിയമം നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്.
ഇവിടെയാണ് കുട്ടിക്ക് നീതി കിട്ടുമെന്ന് ബഹുഭൂരിപക്ഷവും വിശ്വസിക്കാതിരിക്കുന്നത്
ഇതൊക്കെ കാണുമ്പോഴാണ് ഈ നാട്ടിൽ പണവും ബന്ധുബലവും ഉള്ളവർക്ക് എന്തും ചെയ്യാം എന്നൊരു തോന്നൽ പുതിയ തലമുറക്ക് ഉണ്ടാകുന്നത്.
ഇതൊക്കെ കൊണ്ട് കൂടിയാണ് നമ്മുടെ പുതിയ തലമുറ ഓടിരക്ഷപ്പെടാൻ നോക്കുന്നത്.
നമ്മൾ ചവിട്ടി ഒടിക്കുന്നത് കുട്ടിയുടെ നടുവ് മാത്രമല്ല നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ ഭാവിയെയും ആണ്.

മാറുമെന്ന പ്രതീക്ഷ ഒന്നുമില്ല “കേഴുക പ്രിയനാടെ..” എന്നേ പറയാനുള്ളു.

മുരളി തുമ്മാരുകുടി
