
ഡോ. ബി. ആർ. അംബേദ്കർ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിച്ചു?
ഡോ. ബി. ആർ. അംബേദ്കർ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിച്ചു?
ഡോ. ബി.ആർ. അംബേദ്കർ ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധ മതം സ്വീകരിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു?
ഹിന്ദു സമുദായത്തിൽ നിലനിന്ന ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനവും സാമൂഹിക അസമത്വവുമാണ് ഹിന്ദുമതത്തെ ഉപേക്ഷിക്കാൻ അംബേദ്‌കറെ പ്രേരിപ്പിച്ചത് എന്നു ചരിത്രം പറയുന്നു. ജാതി വ്യവസ്ഥയെ ക്രോഡീകരിക്കുകയും ദലിതരുടെ പാർശ്വവൽക്കരണത്തെ ശക്തിപ്പെടുത്തുകയും ചെയ്ത “മനുസ്മൃതി” അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. ഹിന്ദുമതത്തെ ഉള്ളിൽ നിന്ന് പരിഷ്കരിക്കാൻ അദ്ദേഹം വളരെയേറെ ശ്രമങ്ങൾ നടത്തിയെങ്കിലും, ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ സാമൂഹിക നീതിയെയും സമത്വത്തെയും കുറിച്ചുള്ള തന്റെ ദർശനവുമായി ഒട്ടും പൊരുത്തപ്പെടുന്നില്ലെന്ന് അംബേദ്കർ മനസ്സിലാക്കി. ഹിന്ദുമതത്തിന്റെ കർക്കശമായ ജാതി ശ്രേണി ദലിതരെ ഏറ്റവും താഴ്ന്ന നിലയിലേക്ക് തള്ളിവിടുകയും, അവർക്ക് അടിസ്ഥാന മാനുഷിക അന്തസ്സും അവകാശങ്ങളും നിഷേധിക്കുകയും ചെയ്യുന്നതാണ് എന്നദ്ദേഹം മനസ്സിലാക്കി. സാമൂഹിക അസമത്വത്തെ മനുസ്മൃതി നിയമവിധേയമാക്കുകയും താഴ്ന്ന ജാതിക്കാരുടെ അടിച്ചമർത്തലിനെ ന്യായീകരിക്കുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അംബേദ്കർ എന്തുകൊണ്ട്
ബുദ്ധമതം തിരഞ്ഞെടുത്തു എന്ന ചോദ്യമാണ് ഇക്കാര്യങ്ങൾ പരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ക്രിസ്തു മതത്തെയും അദ്ദേഹം പരിഗണിച്ചെങ്കിലും, ക്രിസ്തു മതത്തിന്റെ നീതി സങ്കല്പവുമായി സമരസപ്പെടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഡോ. അംബേദ്കറുടെ ക്രിസ്തു മത വിമർശനം, എന്നെ ഒരു കാര്യം ബോധ്യപ്പെടുത്തി: “സുവിശേഷത്തിനു കുരിശ് ഒഴിവാക്കാനാവില്ല, കുരിശു മരണവും” എന്നത്! ഇക്കാര്യം ഞാൻ മുൻപ് പല പ്രാവശ്യം എഴുതിയിട്ടുണ്ട്. ഉത്ഥാനത്തിന്റെ പ്രത്യാശയും അനുഭവവുമില്ലാതെ, ക്രിസ്തു നീതി പൂർണ്ണമാകുന്നില്ല..
ബുദ്ധമതത്തിന്റെ അഹിംസ, സാമൂഹിക സമത്വം എന്നിവയെക്കുറിച്ചുള്ള പഠിപ്പിക്കലുകൾ നീതിയുക്തമായ ഒരു സമൂഹത്തെക്കുറിച്ചുള്ള അംബേദ്കറുടെ ദർശനവുമായി ചേർന്നു പോകുന്നതായി അദ്ദേഹത്തിനു ബോധ്യമായി. കൂടാതെ, യുക്തിക്കും വ്യക്തിഗത അന്വേഷണത്തിനും ബുദ്ധമതം ഊന്നൽ നൽകിയത് അംബേദ്കറുടെ ബൗദ്ധിക വീക്ഷണത്തെ ആകർഷിക്കുന്നതായിരുന്നു. നിലവിലുള്ള സാമൂഹിക ക്രമത്തെ വെല്ലുവിളിക്കുന്നതിനും കൂട്ടായ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശക്തമായ ഉപകരണമായി ബുദ്ധമതത്തെ ഉപയോഗിക്കാമെന്നും അംബേദ്കർ കണ്ടു. അങ്ങനെ,
1956 ഒക്ടോബർ 14 ന് നാഗ്പൂരിൽ നടന്ന ഒരു ചരിത്രപ്രധാനമായ ചടങ്ങിൽ വച്ച് അംബേദ്കർ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചു! ഇന്ത്യയിലെ സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ സംഭവം പരിഗണിക്കപ്പെടുന്നത്.
ആധുനിക ഇന്ത്യയിൽ ചരിത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥി, ബുദ്ധ മതത്തിന്റെ സാമൂഹിക പ്രരിവർത്തന ശേഷിയും ജാതി പ്രതിരോധ ശേഷിയും ശരിക്കും മനസ്സിലാക്കുന്നുണ്ടോ എന്നത് സംശയകരമാണ്. ബുദ്ധ മതത്തിന്റെ കാല്പനികമായ ഒരു ചിത്രമാണ് ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിലും തത്വശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിലും എനിക്കും ഉണ്ടായിരുന്നത്. എന്നാൽ യഥാർത്ഥ ചരിത്രം അത്ര കാല്പനികമാണോ? അംബേദ്കർ ആഗ്രഹിച്ച സാമൂഹ്യ പരിവർത്തനം ഇന്ത്യയിൽ കൊണ്ടുവരാൻ ബുദ്ധ മതത്തിനു കഴിഞ്ഞോ?
അടിസ്ഥാനപരമായി ബുദ്ധമതം ബ്രാഹ്മണരുടെ മേധാവിത്വത്തിനെതിരായ ഒരു കലാപമായിരുന്നു. പുരാതന ഭാരതത്തിൽ ബ്രാഹ്മണ ആധിപത്യത്തിലുള്ള ഒരു സാമൂഹ്യ വ്യവസ്ഥ രൂപപ്പെട്ടു വന്ന ബി സി 1000 മുതൽ 500 വരെയുള്ള കാലഘട്ടത്തിലാണ് ബുദ്ധന്റെ ജനനം. ബുദ്ധന്റെ ജനനം ബി സി 563 ൽ ആണെന്നും ബി സി 480 ലാണെന്നും മറ്റുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ബി സി 1000 നും 500 നും ഇടയിൽ, വേദകാലത്തിന്റെ അവസാനത്തിലും ഗംഗാതടത്തിലെ നഗര കേന്ദ്രങ്ങളുടെ ഉദയത്തിലും, ബ്രാഹ്മണർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചതോടെയാണ് വർണ്ണവ്യവസ്ഥ കൂടുതൽ കർക്കശവും സങ്കീർണ്ണവുമായ ഒരു സാമൂഹിക ശ്രേണിയായി ഇന്ത്യയിൽ രൂപപ്പെട്ടത്.
ഇതര സമൂഹങ്ങളുടെ മേൽ ദൈവ ദത്തമായ ആധിപത്യം അവകാശപ്പെട്ട ബ്രാഹ്മണരെ എതിർത്തത് സ്വാഭാവികമായും സാമൂഹിക ക്രമത്തിൽ അവർക്കു തൊട്ടു താഴെയായി സ്ഥാനം ലഭിച്ച ശക്തരായ രാജാക്കന്മാരും ഗോത്രവർഗ്ഗ തലവന്മാരുമാണ്.
“ക്ഷത്രിയർ” എന്നു വിളിക്കപ്പെട്ട ഭരണകർത്താക്കളും അവരുടെ പടയാളികളും ബ്രാഹ്മണ ആധിപത്യത്തെയും അവർ അവകാശപ്പെട്ട പദവികളെയും എതിർത്തിരുന്നു. ബുദ്ധമതമാണ് ഈ എതിർപ്പിനെ പ്രാചീന ഇന്ത്യാ ചരിത്രത്തിൽ ശക്തമായി ആവിഷ്കരിച്ചത്.
ബ്രാഹ്മണരുടെ അധികാര അവകാശങ്ങൾ ദൈവദത്തമാണെന്ന അവകാശവാദത്തെ അവർ തള്ളിക്കളഞ്ഞു. വേദങ്ങളിലൂടെ അത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ, വേദങ്ങളുടെ ആധികാരികതയെത്തന്നെ അവർ ചോദ്യം ചെയ്യുകയും തള്ളിക്കളയുകയും ചെയ്തു. മനുഷ്യനെ നയിക്കേണ്ടത് പഞ്ചേന്ദ്രിയങ്ങളിലൂടെ അവൻ നേടുന്ന അറിവും യുക്തിയുമാണെന്ന് ബുദ്ധൻ വാദിച്ചു.
ആത്മീയ വെളിപാടിന്റെയും മെറ്റഫിസിക്കൽ/അതി ഭൗതിക ജ്ഞാന സങ്കീർണ്ണതകളുടെയും തലത്തിൽനിന്ന് അറിവിനെ അനുഭവങ്ങളുടെയും നിരീക്ഷണത്തിന്റെയും യുക്തിയുടെയും തലത്തിലേക്ക് ഇറക്കിക്കൊണ്ടുവന്നു!
ഇന്ത്യയിൽ വിജ്ഞാന വളർച്ചയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും ‘മാനവിക’ മൂല്യങ്ങളുടെയും അടിത്തറയിട്ടത് ബുദ്ധ മതമാണ്.
ഭരണവർഗ്ഗത്തിൽ നിന്നുയർന്നു വന്ന ഒരു കലാപമായിരുന്നെങ്കിലും, ബുദ്ധമതം ജാതിവ്യവസ്ഥയെയും ബ്രാഹ്മണ അധികാരത്തെയും വെല്ലുവിളിക്കുക മാത്രമല്ല ചെയ്തത്. കൂടുതൽ ഉൾക്കൊള്ളുന്നതും (ഇൻക്ലൂസ്സീവ്) സമത്വപരവുമായ (എക്വിറ്റബിൾ) ഒരു സമൂഹത്തിന്റെ നിർമ്മിതിക്കു വേണ്ടി പരിശ്രമിക്കുകയും അങ്ങനെയുള്ള പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സമൂഹത്തിൽ മെച്ചപ്പെട്ട സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ തേടിക്കൊണ്ടിരുന്ന വ്യാപാര വർഗ്ഗം ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളെ ഇത് ആകർഷിച്ചു. കൂടാതെ, സമാധാനം, അഹിംസ, സാമൂഹിക സമത്വം എന്നിവക്ക് ബുദ്ധ മതം ഊന്നൽ നൽകിയത്, താഴ്ന്ന ജാതിക്കാർ ഉൾപ്പെടെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ സ്വീകര്യമായി.
അശോകനെപ്പോലുള്ള ഭരണാധികാരികളിൽ നിന്ന് ബുദ്ധമതത്തിനു വലിയ പിന്തുണ ലഭിച്ചു. ഇതും ബുദ്ധ മതത്തിന്റെ വ്യാപനത്തിന് സഹായകമായി.
എന്നിരുന്നാലും പിൽക്കാലത്തു ബ്രാഹ്മണ മതത്തിന്റെ പുനരുജ്ജീവനം ബുദ്ധമതത്തിനെതിരായ ഒരു പ്രതിവിപ്ലവത്തിലേക്ക് നയിച്ചു!
ബുദ്ധമത സ്വാധീനത്തെ ദുർബലപ്പെടുത്താൻ ബ്രാഹ്മണർ ബലപ്രയോഗവും പ്രത്യയശാസ്ത്ര സംവാദങ്ങളും ഉപയോഗിച്ചതായും കാണുന്നു. കൂടാതെ, ബുദ്ധമതം വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ഇത് ആന്തരിക വിഭജനങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായി.
ഇത് ബുദ്ധ മത സ്ഥാപനങ്ങളെയും സ്വാധീനത്തെയും ദുർബലപ്പെടുത്തി.
ഇങ്ങനെയൊക്കെയാണെങ്കിലും പുരാതന ഇന്ത്യയിൽ, അധികാരത്തിനും സ്വാധീനത്തിനും പ്രത്യയശാസ്ത്ര ആധിപത്യത്തിനും വേണ്ടിയുള്ള വിശാലമായ പോരാട്ടത്തെ ബുദ്ധ ബ്രാഹ്മണ മതങ്ങൾ പ്രതിഫലിപ്പിക്കുന്നു.
ബുദ്ധ മതത്തിന്റെ ശക്തി കേന്ദ്രങ്ങൾ അതിന്റെ സന്യാസ ആശ്രമങ്ങളും/ വിഹാരങ്ങളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും യൂണിവേഴ്സിറ്റികളുമായിരുന്നു! പ്രശസ്തമായ നളന്ദ, വിക്രമശില, ഓഡന്തപുരി, വല്ലഭി തുടങ്ങിയ പ്രസിദ്ധമായ ബുദ്ധ വിഹാരങ്ങളും യൂണിവേഴ്സിറ്റികളും ബുദ്ധ മതത്തിന്റെ സ്വാധീന ശക്തി വിളിച്ചോതുന്നവയായിരുന്നു… ജ്ഞാന നിർമ്മിതിയിലും വിതരണത്തിലും ബുദ്ധമത സ്ഥാപനങ്ങൾ ലോക നിലവാരം പുലർത്തി!
ബുദ്ധ വിഹാരങ്ങൾ നിറഞ്ഞ പ്രദേശം എന്നതിനാലാണ് വിഹാരങ്ങളുടെ നാട് ‘ബീഹാർ ‘എന്നറിയപ്പെട്ടത്!
ബി സി അഞ്ചാം നൂറ്റാണ്ടുമുതൽ എ ഡി 14, 15 നൂറ്റാണ്ടു വരെയുള്ള ഇന്ത്യയുടെ സാംസ്‌കാരികവും ബൌധികവും മത പരവുമായ ജീവിതത്തെ രൂപപ്പെടുത്തിയതും നിർണ്ണയിച്ചതും മറ്റെന്തിനേക്കാൾ ബുദ്ധ മത ദർശനങ്ങളും കലകളും സാഹിത്യവുമായിരുന്നു. “ഇന്ത്യൻ സംസ്കാരം” ആര്യന്മാർ നിർമ്മിച്ചതാണ് എന്ന ധാരണ പൂർണ്ണമായും ശരിയല്ല എന്നർത്ഥം. യൂറോപ്പിന്റെ ഇരുണ്ട യുഗങ്ങളിൽ, ലോകത്തിനു വെളിച്ചം പകർന്നത് ബുദ്ധ വിഹാരങ്ങളുടെയും യൂണിവേഴ്സിറ്റികളുടെയും നാടായ ഇന്ത്യയായിരുന്നു!
ബുദ്ധമതത്തിന്റെ ജീർണ്ണതയും ഇതര ദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കുമുള്ള ബുദ്ധ സന്യാസിമാരുടെയും അനുയായികളുടെയും കുടിയേറ്റവും ഇന്ത്യയിൽനിന്നുള്ള പടി പടിയായ തിരോധനവും ബ്രാഹ്മണ്യത്തെയും ജാതി വ്യവസ്ഥയേയും അതിന്റെ ഏറ്റവും കഠിന രൂപത്തിൽ തിരികെ കൊണ്ടുവന്നു.
ഇ ഡി 15-19 നൂറ്റാണ്ടുകളിൽ, യൂറോപ്പും അമേരിക്കയും മറ്റും ശാസ്ത്രീയവും സാങ്കേതികവുമായ മുന്നേറ്റത്തിലൂടെ വ്യവസായ വിപ്ലവത്തിലേക്കു കാലെടുത്തു വച്ചപ്പോൾ ഇന്ത്യ ബ്രാഹ്മണ്യത്തിന്റെ തിരിച്ചു വരവിൽ, അതിന്റെ ഏറ്റവും ഇരുണ്ട യുഗങ്ങളിലേക്കു കടക്കുകയായിരുന്നു എന്നതു കാണാതെ പോകരുത്.
സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതും മനുഷ്യ സമൂഹത്തെ ജാതി കളങ്ങളിൽ ബന്ധിച്ചിടുന്നതും, സാമൂഹ്യ മാറ്റം, വളർച്ച പുരോഗതി എന്നീ ആശയങ്ങളെ തള്ളിക്കളയുന്നതും, മനുഷ്യ സംസർഗ്ഗത്തെ കുറ്റകരമാക്കി മാറ്റുന്നതും, മനുഷ്യർ തമ്മിൽ സഹോദര്യമെന്നത് വേദവിപരീതയി കണക്കാക്കുന്നതും സമത്വം എന്ന ആശയത്തെ അയലത്തുപോലും അടുപ്പിക്കാതിരിക്കുന്നതുമായ ജാതിയുടെ പ്രത്യയശാസ്ത്ര വാഴ്ചയുടെ 15 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ,
ഇന്ത്യ ആന്തരികമായ അന്ധകാരത്തിലും ബാഹ്യ ശക്തികളുടെ ആധിപത്യത്തിനു കീഴിലുമായി എന്നതിൽ അത്ഭുതമില്ല.

ഫാ. വർഗീസ് വള്ളിക്കാട്ട്
