കേരളത്തിന്റെ വിശ്വപൗരനെ മുഖ്യമന്ത്രി സ്ഥാനാനാർഥിയാക്കി ചരിത്രം തിരുത്തിയെഴുതുമോ? കാത്തിരുന്നു കാണാം.

Share News

വിദേശത്തു താമസിക്കുമ്പോൾ ആദ്യ കാലത്തൊക്കെ ഇന്ത്യ എന്ന് പറയുമ്പോൾ പാമ്പാട്ടികളുടെയും, പട്ടിണി പാവങ്ങളുടെയും, മന്ത്രവാദികളുടെയും നാടാണ് എന്ന് മാത്രമായിരുന്നു അവരുടെയൊക്കെ പൊതുധാരണ. പലപ്പോഴും ആഫ്രിക്കയിലും, സിംഗപ്പൂരിലും, അമേരിക്കയിലും താമസിക്കുമ്പോൾ അവിടുള്ളവരോട് ഇന്ത്യയുടെ മഹത്വം പുകഴ്ത്തി പറഞ്ഞു അടി കൂടിയിട്ടുമുണ്ട്. ഇന്ത്യയെ പറ്റി വിദേശികളുടെ ഈ പൊതു ധാരണ മാറി തുടങ്ങിയത് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അണുബോംബ് പൊട്ടിച്ചു, ശാസ്ത്രത്തിൽ ഇന്ത്യയുടെ ശക്തി തെളിയിച്ചു ലോക ശ്രദ്ധ വാങ്ങിയതോടുകൂടിയാണ്. പക്ഷെ ഇന്ത്യക്കാർ ശാസ്ത്രത്തിലും, വികസനത്തിലും മുന്പന്തിയിലേക്കു കുതിക്കുന്ന ഒരു ഭാവി ലോക ശക്തിയാണ് എന്ന് ലോകം പൂർണ്ണമായി അംഗീകരിക്കുന്നത് മൻമോഹൻ സിഗ് പ്രധാനമന്ത്രിയായി ഇരിക്കുന്ന ആദ്യ UPA കാലത്താണ്. ലോകത്തെ നേതാക്കളിൽ തന്നെ ഏറ്റവും മികച്ച ബുദ്ധി ശക്തിയും കഴിവുമുള്ള നേതാക്കളായി അദ്ദേഹവും അദ്ദേഹത്തിന്‍റെ ടീമും ലോക ശ്രദ്ധ നേടി. ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറി, ഇന്ത്യക്കാർ ലോകം ബഹുമാനിക്കുന്ന വിവരസാങ്കേതിക വിദഗ്ദ്ധരായി മാറി. പ്രസിഡന്‍റുമാരും, പ്രധാനമന്ത്രിമാരും, മറ്റു ലോക നേതാക്കളും ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. ഈ സമയത്തു കുറെ നാൾ ലോകരാജ്യ സംഘടനയുടെ അണ്ടർ സെക്രട്ടറിയായി പുതിയ ഇന്ത്യയുടെ മുഖമായി, മലയാളിയായ ഡോ. ശശി തരൂർ ഉണ്ടായിരുന്നു. ഈ രണ്ടു പ്രധാനമന്ത്രിമാരും അവരുടെ ടീമും ഉദ്ദേശിക്കുന്ന കാര്യങ്ങൾ ആഗോള തലത്തിൽ ചര്‍ച്ച ചെയ്യാനും, ഇന്ത്യ ഒരു ശക്തിയായി മാറാനും അദ്ദേഹം പരിശ്രമിച്ചു, അദ്ദേഹത്തിന്‍റെ കഴിവുകൾ, ബന്ധങ്ങൾ സഹായിച്ചു.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമാണ്. നല്ല ഉദ്ദേശത്തോടുകൂടി, നാടിന് നല്ലതു ചെയ്യാൻ, വികസനം വരുത്താൻ, പല കാര്യങ്ങളിലും അദ്ദേഹം ശ്രമിക്കുന്നത് എനിക്ക് നേരിട്ടറിയാം. ധാരാളം മുടങ്ങി കിടന്ന, നടക്കാൻ സാധ്യതയില്ലാത്ത പല വികസന കാര്യങ്ങളും അദ്ദേഹം മുഖ്യ മന്ത്രിയായതു കൊണ്ട് മാത്രം നാട്ടിൽ നടക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലും, ദേശീയ തലത്തിലും അദ്ദേഹം കേരളത്തിന് വേണ്ടി വളരെ നല്ല ഒരു പ്രതിനിധിയായി വികസനത്തിനു വേണ്ടി പരിശ്രമിച്ചിട്ടുണ്ട്. ശരിയാണ്, അദ്ദേഹത്തിന്‍റെ ചുറ്റുമുള്ള ചിലർ അദ്ദേഹം നൽകിയ വിശ്വാസം ദുരുപയോഗം ചെയ്തു, അദ്ദേഹത്തെയും നാടിനെയും നിരാശപെടുത്തിയെങ്കിലും, ഉണ്ടാവുന്ന ഭരണവിരുദ്ധ വികാരം UDF ലെക്കു ഒതുങ്ങാതെ, BJPക്ക്‌ കൂടി ഗുണകരമാകും. ആ സ്ഥിതിക്ക്, വികസനം മുദ്രാവാക്യമാക്കി പിണറായി വിജയൻ നേതൃത്വം കൊടുത്താൽ ഇന്നത്തെ സ്ഥിതിയിൽ LDF വീണ്ടും തിരഞ്ഞെടുപ്പ് ജയിച്ചു ഭരണത്തിൽ വരും എന്ന് തന്നെയാണ് എനിക്കിപ്പോഴും തോന്നുന്നത്. ചില വ്യത്യാസങ്ങൾ വരുത്തി, അടുത്ത LDF മന്ത്രിസഭ നല്ല രീതിയിൽ വികസനത്തിൽ ഊന്നി ഭരണം നടത്തുകയും ചെയ്യും എന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു.

LDF നെ തിരഞ്ഞെടുപ്പിൽ നേരിടാൻ, UDF നു ഇന്നത്തെ നിലയ്ക്ക് ശക്തിയുണ്ട്, കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് നേതാക്കൾ ധാരാളമുണ്ട്, കേരളത്തിൽ വളരെ നല്ല രീതിയിൽ ജനസമ്മിതിയും, ഇന്ത്യയിൽ അറിയപ്പെടുന്നവരുമായി ധാരാളം ആളുകൾ ഇതിൽ ഉണ്ട്. ഇവരിൽ പലരും കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് മുഖ്യ മന്ത്രിയായി ഉയർത്തിക്കാട്ടാൻ പറ്റും, തിരഞ്ഞെടുപ്പു മത്സരിക്കാൻ പറ്റും. പക്ഷെ മൻമോഹൻ സിംഗ് കേന്ദ്രത്തിൽ വന്ന പോലെ, ശശി തരൂർ കേരളത്തിലെ മുഖ്യ മന്ത്രിയായി വരുമെന്ന് പറഞ്ഞു UDF തിരഞ്ഞെടുപ്പിനെ നേരിട്ടാൽ സ്ഥിതി എന്താകും? എന്‍റെ അഭിപ്രായത്തിൽ UDF ശക്തി വീണ്ടും കൂടും, ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ഉണർവും കിട്ടും, ചെറുപ്പക്കാരെ കൂടുതലായി ആകർഷിക്കാൻ പറ്റും, UDF നല്ല ഭൂരിപക്ഷത്തിൽ തന്നെ ജയിച്ചു എന്നും വരാം.

UDF ജയിച്ചു ശശി തരൂർ മുഖ്യമന്ത്രിയായാലോ, കേരളം എന്ന ബ്രാൻഡ് ലോകത്തു തന്നെ മുന്പന്തിയിലെത്തും. അദ്ദേഹത്തിന്‍റെ കഴിവും ബന്ധങ്ങളും മുൻനിർത്തി മറ്റു സംസ്ഥാനങ്ങളോടും, രാജ്യങ്ങളോടും മത്സരിച്ചു കേരളത്തിൽ നിക്ഷേപങ്ങളും, ജോലി സാധ്യതകളും ധാരാളമായി വർദ്ധിക്കും. പ്രവാസികൾക്കും മറ്റും നല്ല രീതിയിൽ അദ്ദേഹത്തിന്റെ ബന്ധങ്ങൾ കൊണ്ട് ഗുണമുണ്ടാവും. പക്ഷെ കോൺഗ്രസ് പാർട്ടി സ്ഥിരം ഫോർമുല മാറ്റി വച്ച്, മൻ മോഹൻ സിങ്ങിനെ പോലെ ഒരു വിശ്വപൗരനെ പ്രധാനമന്ത്രിയാക്കി ചരിത്രം സൃഷ്ട്ടിച്ച പോലെ, കേരളത്തിന്റെ വിശ്വപൗരനെ മുഖ്യമന്ത്രി സ്ഥാനാനാർഥിയാക്കി ചരിത്രം തിരുത്തിയെഴുതുമോ? കാത്തിരുന്നു കാണാം.

Tony Thomas

Share News