ഡൽഹിയിലെ സംഭവങ്ങൾ വഴിത്തിരിവുണ്ടാക്കുമോ…?

Share News

ഇന്ന്‌, ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ അനിഷ്ട സംഭവങ്ങൾ രാഷ്ട്രത്തിന്റെ പ്രതിഛായക്കു മങ്ങലേൽപ്പിക്കുന്നതും,കർഷകർ മാസങ്ങളായി നടത്തിവന്ന ജനാധിപത്യപരവും സമാധാനപരവുമായ സമരത്തിന്റെ ശോഭ കെടുത്തുന്നതും,കർഷകർ ഉന്നയിച്ച തികച്ചും ന്യായവും അടിയന്തരവുമായ ആവശ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ സർക്കാരിനെ സഹായിക്കുന്നതുമായില്ലേ എന്ന ആശങ്കയാണ് ഇപ്പോൾ തോന്നുന്നത്.

സമരത്തിനിടയിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകന് ജീവൻ നഷ്ടമായി എന്നത്‌ ഏറെ ദുഖകരവും നിർഭാഗ്യകരവുമായി. റിപബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി നടത്താനുള്ള കർഷക സംഘടനകളുടെ തീരുമാനം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ മുൻ നിശ്ചയങ്ങൾക്കും ക്രമീകരണങ്ങൾക്കും വിരുദ്ധമായി എന്താണ് സംഭവിച്ചത്?

അക്രമ സംഭവങ്ങളെ കർഷക സംഘടനകളുടെ ഏകോപനസമിതി അപലപിച്ചിട്ടുണ്ടെങ്കിലും, ട്രാക്ടർ റാലിയിൽ പങ്കെടുത്ത കർഷകരെ അവർ തള്ളിപ്പറയുകയോ, അവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയുകയോ ഉണ്ടായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. എന്നാൽ ചില കേന്ദ്രങ്ങളിൽനിന്നെങ്കിലും അത്തരം സൂചനകൾ ഉയർന്നു. തങ്ങളിൽ ഒരാളുടെ മരണത്തെത്തുടർന്ന് പ്രകോപിതരായ കർഷകരിൽ ചിലരുടെ പെരുമാറ്റമാണ് അത്തരം സംശയങ്ങൾക്ക് ഇടയാക്കിയത്.

ഇത് കർഷക സമരത്തിനെതിരെ ജനവികാരം ഉയർത്തികൊണ്ടുവരാനും കർഷകർ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നോ എന്ന സംശയവും ന്യായമായും ഉയരാം. ഏതായാലും, കർഷകസമരം ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്.

കാർഷികവൃത്തി കർഷകന്റെ ജീവിതവും ജീവനോപാധിയും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയുമാണ്. അതിനെ ഒറ്റയടിക്കു വ്യവസായവൽക്കരിക്കാനും കോർപറേറ്റുകളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലേക്ക്‌ എത്തിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് ഇങ്ങനെ ഒരു പ്രക്ഷോഭത്തിലേക്ക് കർഷകരെ എത്തിച്ചത്. കർഷകനെ സ്വന്തം കൃഷിഭൂമിയിൽനിന്നും കാർഷിക വൃത്തിയിൽനിന്നും അതിന്മേലുള്ള നിയന്ത്രണാധികാരങ്ങളിൽ നിന്നും അന്യവൽക്കരിക്കുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ളത് എന്നതിൽ തർക്കമില്ല.

കാർഷിക രംഗം സമ്പൂർണ്ണമായും കോർപറേറ്റുകളെ ആശ്രയിക്കേണ്ടിവരുന്നതു നിസ്സാരമായി കാണുന്നവർ, അതു രാജ്യത്തിന്റെ വ്യവസായവൽക്കരണത്തിനും സമ്പദ് വ്യവസ്ഥക്കും ശക്തിപകരും എന്നു വാദിക്കുന്നവരാണ്. കൃഷി ഒരു വ്യവസായമാണ് എന്ന നിലപാടു തന്നെയാണ് നിയമ നിർമാണത്തിലേക്കു സർക്കാരിനെ നയിച്ചതും നിയമത്തിനുപിന്നിൽ ഉറച്ചുനിൽക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതും. ഇതിന്റെ പ്രയോജനം കർഷകർക്കും ലഭിക്കും എന്നതാണ് ഇതിനു സർക്കാർ പറയുന്ന യുക്തി.

എന്നാൽ, സർക്കാർ കർഷകർക്കു നൽകിവരുന്ന നിയമപരവും സാമ്പത്തികവുമായ പിൻബലവും പിന്തുണയും ഇല്ലാതാവുകയും, രാജ്യത്തെ കർഷകർ വൻ വ്യവസായികളുടെയും കോർപറേറ്റുകളുടെയും ലാഭക്കൊതിക്കും കൊള്ളക്കും ഇരകളായി മാറുന്നതിന് ഇടയാക്കുകയും ചെയ്യുന്ന കാർഷിക നിയമങ്ങൾ, ഇന്ത്യയുടെ സാമൂഹ്യ യഥാർഥ്യവുമായി പൊരുത്തപ്പെട്ടു പോകുന്നതല്ല. അതുകൊണ്ടുതന്നെ കർഷകർക്കും അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിനും പരാജയപ്പെടാൻ കഴിയില്ല.

ഗ്രാമീണ ജനസംഖ്യയുടെ 80% ചെറുകിട, നാമമാത്ര കർഷകരും കർഷക തൊഴിലാളികളുമാണ്. കാർഷികവൃത്തി അവരുടെ ഉപജീവനത്തിനുള്ള ഏക മാർഗമാണ്. കൃഷി വ്യവസായമായാൽ ഇതിൽ മഹാ ഭൂരിപക്ഷവും താമസംവിനാ കാർഷിക രംഗത്തുനിന്ന് പുറംതള്ളപ്പെടുകയും ജീവിത മാർഗം കണ്ടെത്താൻ കഴിയാതെ കടുത്ത ദാരിദ്ര്യത്തിലേക്കും വൻ ദുരന്തത്തിലേക്കും വലിച്ചെറിയപ്പെടുകയും ചെയ്യും.

നിയമ നിർമാണത്തിനു പിന്നിൽ സർക്കാരിനു നല്ല ലക്ഷ്യങ്ങളുണ്ടായിരിക്കാം. എന്നാൽ, ഈ സർക്കാരിന്റെ മറ്റു പല പരിഷ്കാരങ്ങളുംപോലെ, കാർഷിക നിയമങ്ങളും ഇന്ത്യയുടെ ഗ്രാമീണ യാഥാർഥ്യത്തെ സമ്പൂർണമായി മറന്നുകൊണ്ടുള്ളതാണ്.

ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ആവേശത്തിൽ ദരിദ്രരെ ഇല്ലായ്മചെയ്യുന്നതുപോലെ, ക്രൂരവും അപ്രായോഗികവും ആധാർമികവുമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള കാർഷിക നിയമങ്ങൾ എന്നു പറയാതെ വയ്യാ.

-ഫാ. വർഗീസ് വള്ളിക്കാട്ട്

Share News